Monday 18 November 2013

അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!  



ആദ്യമേ പറയട്ടെ ഞാനൊരു ചലച്ചിത്രനിരൂപകനല്ല..എന്‍റെ ആശയഗതികളോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രമേയം പറഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഒരു ചിത്രത്തോട് തോന്നിയ അടങ്ങാത്ത ഒരു ഇഷ്ടം ഇവിടെ പ്രകടമാക്കുകയാണ് പിന്നെ എക്കാലത്തേയും മികച്ച ഒരു നടനാണ് കമലഹാസന്‍!.സിനിമയാണ് തന്‍റെ ജീവിതമെന്നും പറഞ്ഞുകൊണ്ട് സിനിമയ്ക്കു വേണ്ടി പലതും കൊടുക്കുകയും വാങ്ങുകയും ചെയ്ത പാരമ്പര്യമുള്ള ആളാണ് കമലഹാസന്‍.ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.പലതിലും പല  നല്ല സന്ദേശങ്ങളും കൊടുക്കാന്‍ നന്നായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്..

അളവന്താന്‍ എന്ന അധികമാരും ശ്രദ്ധിക്കാതെ പോയ ചിത്രത്തില്‍ അതിലെ വില്ലനായ കമലഹാസന് നായികയില്‍ നിന്ന് ബെല്‍റ്റ് കൊണ്ടുള്ള  തല്ല് കിട്ടുന്ന ഒരു സീനുണ്ട്”ഒരുവന്‍റെ ചെറുപ്പകാലം അവനില്‍ എന്തു സ്വാധീനം ചെലുത്തുന്നു എന്നുള്ളതിന്‍റെ മകുടോദാഹരണമാണ് ആ സീനും അതിലെ വില്ലനും.ആ ഒരു സീനിലെ മാനറിസങ്ങള്‍ നോക്കിയാല്‍ മാത്രം മതി ആ നടന്‍റെ വലിപ്പമറിയാന്‍!


മഹാനദിയില്‍ കൊടുക്കുന്ന സന്ദേശവും മറ്റൊന്നല്ല.ഈയടുത്ത് “The Condemned”
എന്ന ഇംഗ്ലീഷ് സിനിമയിലും ആ സന്ദേശമുണ്ടായിരുന്നു..”ഞാന്‍ വെറും കാഴ്ച്ചക്കാരന്‍ അല്ലെങ്കില്‍ ഉപഭോക്താവ്..അവനാണ് തെറ്റ് ചെയ്തത് എന്ന് നാമോരുരുത്തരും ഒഴിഞ്ഞുമാറുന്നു.അങ്ങിനെയാണോ? ആവശ്യക്കാരനില്ലെങ്കില്‍ അവന് തെറ്റ് ചെയ്യാന്‍ തോന്നുമോ? മഹാനദിയിലെ വില്ലനും ഇത്തരത്തില്‍ പറയുന്നുണ്ട്..
നമ്മളും അത്തരത്തിലൊരു വില്ലനാവുന്നില്ലേ?കൌമാരക്കാരുടെ തന്നെ നഗ്നതയ്ക്ക് വിലയിടപ്പെടുന്നത് അത് കാഴ്ചയ്ക്കായ് അഭിനിവേശത്തോടെ വാങ്ങുന്നവരും ഉള്ളതുകൊണ്ടല്ലേ? വാങ്ങുന്നവനും തെറ്റുകാരാണ്.നീലചിത്രങ്ങള്‍ ആവേശത്തോടെ നമ്മള്‍ കാണുന്നുവെങ്കില്‍ അത്തരം മാഫിയയില്‍ പെടുന്ന ഒരു പെണ്‍കൊടിയുടെ കണ്ണീരിന് നമ്മള്‍ കൂടെ തെറ്റുകാരാണ്..


അപൂര്‍വ്വസഹോദരങ്ങള്‍,നായകന്‍,ഗുണ,വിരുമാണ്ഡി,ഇന്ത്യന്‍,അളവന്താന്‍,ഹേ റാം.മഹാനദി...ദശാവതാരം,വേട്ടയാട് വിളയാട്,ഉന്നൈ പോല്‍ ഒരുവന്‍ തുടങ്ങിവയിലെ  വേഷപ്പകര്‍ച്ചകളും
അവ്വൈ ഷണ്‍‍മുഖി,പമ്മല്‍ കി സമ്മന്തം,വസൂല്‍ രാജ .എം.ബി.ബി.എസ്,തെന്നാലി,സതി ലീലാവതി തുടങ്ങിയവയില്‍ കൈകാര്യം ചെയ്ത കോമഡിയും എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണ്. എന്‍റെ പ്രിയനടനുള്ള എന്‍റെ സ്നേഹപ്രകടനമായി ഇതിനെ വിലയിരുത്തിയാലും തെറ്റല്ല..


മേല്പറഞ്ഞചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ചിത്രമാണ് “അന്‍പേ ശിവം”
ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ലെന്ന് ഉറക്കെപറയുന്ന ചിത്രം.ഒരു പാട് തവണ ആവര്‍ത്തിച്ചു കണ്ടിരിക്കുന്നു ഈ ചിത്രം.ആവശ്യത്തിന് പ്രണയവും തമാശയും കാര്യഗൌരവവും ഒക്കെ ചേര്‍ത്ത് കമലഹാസനും മദനും ചേര്‍ന്നെഴുതി സുന്ദര്‍ സി
സം‌വിധാനം ചെയ്ത ചിത്രം..മറ്റൊരു പ്രത്യേകത ഇതിലെ കിരണ്‍ അഭിനയിച്ച കഥാപാത്രത്തിന് ശബ്ദം കൊടുത്തത് അനുരാധാ ശ്രീറാം എന്ന ഗായികയാണ് എന്നതാണ്.ഓരോ കഥാപാത്രത്തിനും തന്‍റേതായ സംഭാവന കൊടുക്കുന്ന കമലഹാസനെ നിങ്ങള്‍ക്കീ നല്ലാ ശിവം എന്ന കഥാപാത്രത്തില്‍ കാണാം.ഒരു ചെറിയ കഥാപാത്രത്തേയും നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല.,,ഓരോരുത്തരും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കും.അതു തന്നെയാണീ ചിത്രത്തിന്‍റെ പ്രത്യേകതയും.ഇത്രയ്ക്കും ആശയസമ്പുഷ്ടമായിട്ടും ഇതൊരു പണം‍വാരി ചിത്രം തന്നെയായിരുന്നു.2 മില്യണ്‍ ചെലവു ചെയ്ത് നാലു മില്യണ്‍ കൊയ്ത പടം.

പടം തുടങ്ങുന്നത് രസകരമായ ഒരു മുഹൂര്‍ത്തത്തില്‍ നിന്ന് തന്നെയാണ്.ഭുവനേശ്വര്‍ എയര്‍പോര്‍ട്ടില്‍ എത്തിപ്പെടുന്ന പരസ്യചിത്രസം‌വിധായകനായ അന്‍പരശ് എന്ന മാധവന്‍റെ കഥാപാത്രം ടിവിയിലെ തീവ്രവാദഭീഷണിയെപറ്റിയുള്ള വാര്‍ത്ത കണ്ട് നല്ലാ ശിവത്തെ(കമലഹാസനെ) ഒരു തീവ്രവാദിയായി സംശയിക്കുന്നു.അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളെ നിങ്ങള്‍ സിനിമയില്‍ കണ്ടുകൊള്ളൂ..എങ്കിലും ആ ഒരു മുഹൂര്‍ത്തത്തില്‍ തന്നെ സന്ദേശമെത്തുന്നു..”കാഴ്ചയിലുള്ള ഒരാളാകില്ല ഉള്ള് കൊണ്ടെന്ന സന്ദേശം..സൌന്ദര്യം എന്തിന്‍റെയെങ്കിലും മാനദണ്ഡമാണോ? അല്ല എന്ന് കാലം തന്നെ പല തവണ തെളിയിച്ചില്ലേ?

പിന്നെ പിന്നെ അന്‍പരശിന്‍റെ പൊങ്ങച്ചങ്ങളുടേയും ഉപരിവര്‍ഗ്ഗജാഡകളേയും ഭംഗിയായി കളിയാക്കുന്നുണ്ട്.നിത്യജീവിതത്തിലും നിങ്ങള്‍ക്കിത്തരം ആളുകളെ കണ്ടെത്താനാവും..തനിക്ക് താഴെയുള്ള നിലവാരത്തില്‍ ജീവിക്കുന്നവരോട് പരമപുച്ഛമുള്ള ഒരു വിഭാഗത്തെ,തനിക്കുള്ളതിനെ പറ്റി പൊങ്ങച്ചം പറയുന്നവരുടെ,തന്നിലെ അഹങ്കാരത്തിന്‍റെ പേരില്‍ മറ്റുള്ളവരെ ചെവി കൊള്ളാതിരിക്കുന്നവരുടെ,സമൂഹത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന ചിന്താഗതിക്കാരുടെ  ഒക്കെ പ്രതിനിധിയാണ് മാധവന്‍റെ ഈ കഥാപാത്രം.

മഴവെള്ളത്തില്‍ മുങ്ങിയ നഗരത്തില്‍ വിമാനം റദ്ദ് ചെയ്യപ്പെടുന്നു.തന്‍റെ വിവാഹത്തിന് അധികദിവസമില്ലാത്ത അന്‍പരശ് അങ്ങെത്തിപ്പെടാനുള്ള വെപ്രാളത്തിലാണ് .അതേതുടര്‍ന്ന് താനെന്നും താമസിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങാനുള്ള ശ്രമം പരാജയപ്പെട്ട അന്‍പരശ് നല്ലാ ശിവത്തിനൊപ്പം 2 സ്റ്റാര്‍ ഹോട്ടലില്‍ തങ്ങേണ്ടി വരുന്നു.അവിടെയെത്തുന്നതിന് മുന്‍പ് 36 ലക്ഷത്തോളം രൂപയുടെ ചെക്കടങ്ങിയ നല്ലാശിവത്തിന്‍റെ സഞ്ചി ചവറ്റുകുട്ടയിലിടുന്നുണ്ട് അരശ്..തനിക്ക് സഹായം ചെയ്യുന്നവരേയും നിസ്സങ്കോചം വഴിയിലുപേക്ഷിക്കാനും അവരെ മറന്നുകളയാനുമുള്ള ഉപരിവര്‍ഗ്ഗക്കാരന്‍റെ മന:സ്ഥിതിയെ ഇതു തുറന്നുകാണിക്കുന്നു.പലപ്പോഴും തന്നെക്കാള്‍ താഴ്ന്നവന്‍റെ സഹായങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു ഉപരിവര്‍ഗ്ഗക്കാരനെ മാധവന്‍റെ കഥാപാത്രത്തില്‍ കാണാം.ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്ക്കാരത്തിന്‍റെ പ്രതിനിധി.


ഇത്രയൊക്കെ സഹായിച്ചിട്ടും തന്നോടൊപ്പം നല്ലായെ കൂട്ടാന്‍ അരശ് തയ്യാറാകുന്നില്ല.അയാളെ ഉണര്‍ത്താതെ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന അരശിനെ കാത്തിരുന്നത് കുട്ടികള്‍ നീന്തല്‍ക്കുളമാക്കിയ റെയില്‍വേസ്റ്റേഷനായിരുന്നു.അവിടെ പോക്കറ്റടിക്കപ്പെടുന്ന അരശിന് സഹായമായെത്തിയതും നല്ലാ ശിവം തന്നെ. നികുതിയടക്കുന്ന ഒരു പൌരന്‍റെ ആത്മരോഷം പ്രകടമാക്കുന്നുണ്ട് അരശ്.ഉപരിപ്ലവമായി കാര്യങ്ങള്‍ അനവസരത്തില്‍ പറയുന്ന ഉപരിവര്‍ഗ്ഗക്കാരന്‍!അവനും അവകാശബോധമുണ്ട്..അത് അയാള്‍ക്ക് പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം!
ഒരാള്‍ അരിക്ക് വില കൂടി എന്ന് പരിതപിക്കുമ്പോള്‍ ഒരാള്‍ ഗാട്ട്കരാടിനെ കുറിച്ചും വാറ്റിനെകുറിച്ചും ഷെയറിനെകുറിച്ചെല്ലാം സംസാരിക്കുന്ന പോലെ..നല്ലൊരു തമാശയായി നമുക്കതനുഭവപ്പെടുന്നു..

പിന്നെ ബസ്മാര്‍ഗ്ഗം ആന്ധ്രയിലേക്കും പിന്നെ ട്രെയിന്‍‍മാര്‍ഗ്ഗവും തമിഴ്നാട്ടിലെത്താനുള്ള ശ്രമത്തിനിടയിലും അനവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട് അന്‍പരശിലെ പൊങ്ങച്ചക്കാരന്‍!ഒരു നാട്ടിന്‍പുറ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നുകൊണ്ട് അന്‍പരശ് പുച്ഛത്തോടെ ചോദിക്കുന്നുണ്ട് നിങ്ങള്‍ക്കും പ്രണയമുണ്ടായിരുന്നോ എന്ന്!..അവിടെ നല്ലായുടെ ഭൂതകാലം കാണിച്ചുതുടങ്ങുന്നു.തെരുവുനാടകവും പ്രതിഷേധവും കലയുമൊക്കെയായി നടക്കുന്ന നമ്മുടെ നാട്ടിന്‍പുറത്തുകാരനായ ഒരു തന്‍റേടിയായ ചെറുപ്പക്കാരനെ ഇവിടെ നല്ലാശിവമെന്ന എല്ലാവരും നല്ലയെന്നും സഖാവെന്നും വിളിക്കുന്ന കമലഹാസന്‍റെ കഥാപാത്രത്തെ കാണാം.ഇവിടെയും അന്‍പരശിലെ ഉപരിവര്‍ഗ്ഗകോപ്രായങ്ങള്‍ കളിയാക്കപ്പെടുന്നു‌ണ്ട്.അതെല്ലാം നേരില്‍ കണ്ടുകൊള്‍ക.കുറച്ചു നേരമേ ഉള്ളൂവെങ്കിലും ഈ സ്റ്റേഷന്‍ മാസ്റ്ററും ഒറീസക്കാരനായ സഖാവും നമ്മുടെ മനസ്സില്‍ തങ്ങും തീര്‍ച്ച..

നല്ലാശിവത്തിന്‍റെ ഭൂതകാലത്തെ കാണിച്ചതില്‍ പ്രത്യേകതയൊന്നുമില്ലെങ്കിലും കൂടെ നിഴല്‍ പോലെ നടന്ന പെണ്ണിനെ മറക്കാനാവില്ല.അവള്‍ അയാളോട് ചോദിക്കുന്ന ചോദ്യങ്ങളും.നമ്മള്‍ മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ നമ്മളെ മാത്രം നിനച്ചിരിക്കുന്ന മറ്റൊരാളുണ്ടാവും..അതു മനസ്സിലാക്കുമ്പോഴേക്കും വൈകിയിരിയ്ക്കും.
പിന്നെ മറക്കാനാവാത്തത് പുലിമടയില്‍ പോയി പുലിക്കുട്ടിയെ എടുക്കുന്ന പോലുള്ള അയാളുടെ സാഹസപ്രവൃത്തിയാണ്.തങ്ങളുടെ എതിരാളിയുടെ മകളെ പ്രണയിക്കുക അയാളുടെ ഓഫീസില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ വരച്ചുവെയ്ക്കുക..എന്നിങ്ങനെ.
നാസര്‍ അവതരിപ്പിച്ച കന്തസാമി എന്ന കഥാപാത്രം വളരെ ഭംഗിയാക്കിയിട്ടുണ്ട്.ശിവനെ ആരാധിക്കുന്ന മനുഷ്യമൂല്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരാള്‍!..എന്‍റെ ദൈവമേ എന്നുറക്കെ എപ്പോളും വിളിച്ച് വേണ്ടാതീനങ്ങള്‍ കാണിക്കുന്നവരുടെ പ്രതിനിധി..പിന്നെ
ഈ ഫ്ലാഷ് ബാക്കില്‍ അയ്യപ്പബൈജുവിനു തുല്യനായ ഒരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്..കാണുക കുടിയനെല്ലായിടത്തും ഒരേപോലേയാണോ?സോഷ്യലിസം നമുക്ക് മദ്യപാനത്തിലൂടെ നടപ്പിലാക്കാമോ?നമ്മുടെ നാട്ടിലെ മദ്യഷാപ്പുകള്‍ കാണുമ്പോള്‍ അങ്ങിനെ തോന്നുന്നു..


ഒരു ബസപകടത്തില്‍ മുറിവേറ്റ് കിടന്ന നല്ലാശിവത്തെ കണ്ടെത്താന്‍ സഹായിക്കുന്നത് ആ അപകടത്തിന് കാരണക്കാരനായ നായ തന്നെയാണ്.ആ അപകടത്തില്‍ ആശുപത്രിയില്‍ കിടക്കുന്ന നല്ലാ ചത്തുപോയെന്ന് വിശ്വസിപ്പിക്കപ്പെട്ടു അവന്‍റെ കാമുകി.അവിടെ ദേവദൂതയെപോലെ ഒരു നഴ്സ് അയാളെ പിച്ചവെപ്പിക്കുന്നതും ആത്മവിശ്വാസം കൊടുപ്പിക്കുന്നതും നമുക്കു കാണാം..ദൈവികമായ നിമിത്തങ്ങള്‍ സ്നേഹബന്ധങ്ങള്‍..ആശുപത്രിയില്‍ നിന്നുമെത്തുന്ന നല്ലാ തനിക്ക് അപകടമുണ്ടാക്കിയ ശനിയന്‍ നായയേയും കൂടെ കൂട്ടുന്നു..ശങ്കു..

ട്രെയിനില്‍ വെച്ച് കമ്മ്യൂണിസത്തെ എതിര്‍ത്തു പറയുന്ന അന്‍പരശ് മുതലാളിത്തത്തിന്‍റെ ഏജന്‍റാണ് നല്ലാ വിളിച്ചുപറയുന്നു..അതിന്‍റെ അരിശത്തില്‍ നല്ലായുടെ മൂക്കിനിടിച്ചു ചോര വരുത്തുന്നു..അതിനു പകരമെന്നോണം നല്ലാ അന്‍പരശിന്‍റേയും മൂക്കിടി്ച്ച് ചോര വരുത്തുന്നു.തന്ത്രപൂര്‍വ്വം നല്ലായെ പുറത്താക്കി ട്രെയിനില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലാക്കുന്നു.ട്രെയിനില്‍ വെച്ച് മറ്റൊരു കള്ളനായ മാന്യനോട് ചേര്‍ന്ന് മദ്യപിക്കുന്ന അന്‍പരശിന്‍റെ സാധനസാമഗ്രികള്‍ മോഷ്ടിക്കപ്പെടുന്നു.ഇതിനിടയില്‍ ട്രെയിന്‍ പോകുന്ന അതേ വഴിയില്‍ നടന്ന ഒരു ട്രെയിന്‍ ദുരന്തം അന്‍പരശിന്‍റെ യാത്ര മുടക്കുന്നു.ഉത്തമനെന്ന് പേരുള്ള കള്ളന്‍ നമ്മുടെ തന്നെ കള്ളന്മാരായ രാഷ്ട്രീയ നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നില്ലേ?

ആ അപകടസ്ഥലത്ത് വെച്ച് നല്ലായെ വീണ്ടും കണ്ടുമുട്ടുന്നു.തന്നെ പരിചരിച്ച അതേ നഴ്സിനെ തന്നെ ആ അപകടസ്ഥലത്ത് കണ്ടുമുട്ടിയ നല്ലാ..അവിടെ സേവനത്തില്‍ വ്യാപൃതനാകുന്നു.അതിനിടയില്‍ AB-ve ഗ്രൂപ്പ് രക്തത്തിനായുള്ള പരക്കം‍പാച്ചിലില്‍ നല്ലാ അരശിന്‍റെ രക്തഗ്രൂപ്പ് അതാണെന്ന് ഓര്‍ത്തെടുക്കുന്നു.ആദ്യം വിസമ്മതിച്ച അന്‍പരശിനെകൊണ്ട് രകതദാനം നടത്തിയ്ക്കുന്നു..ആ കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോകുന്ന ആംബുലന്‍സില്‍ തന്നെ നല്ലായും അന്‍പരശും യാത്രയാകുന്നു..
പിന്നീട് കാണുന്നത് അന്‍പരശിന്‍റെ വിഭിന്നമായ മുഖമാണ്.താന്‍ രക്തം ദാനം ചെയ്ത കുട്ടി മരണമടയുമ്പോള്‍ പൊട്ടിക്കരയുന്ന അന്‍പരശ് ദൈവം നീതിമാനല്ല എന്നുറക്കെ പറയുന്നു.നല്ലാ അന്‍പരശും ദൈവമാണെന്ന് പറയുന്നു..തനിക്ക് ആരോരുമല്ലാത്ത ഒരു കുഞ്ഞിനു വേണ്ടി ഉറക്കെ കരയുന്നതതുകൊണ്ടാണെന്ന് നല്ലാ സമര്‍ത്ഥിക്കുന്നു.അവന്‍റെ പേര്‍ തന്നെ അന്‍പ്=സ്നേഹം അരശന്‍=രാജാവ് അതായത് സ്നേഹത്തിന്‍റെ രാജാവ് എന്നാണെന്നും ഇനി മുതല്‍ എ.അരശിനു പകരം അന്‍പരശ് ആണ് നല്ലതെന്നും പറയുന്നു.മുന്‍പ് എനിക്ക് അന്‍പ് ഇഷ്ടമല്ലെന്ന് പറഞ്ഞ അന്‍പരശ് അത് സസന്തോഷം സ്വീകരിക്കുന്നു.

ഇനി പതിവു നാടകാന്ത്യങ്ങള്‍ തന്നെ..രണ്ട് വഴിക്ക് പിരിഞ്ഞ അവരില്‍ നല്ലായുടെ സഞ്ചി അന്‍പരശിന്‍റെ കാറില്‍ മറന്നുവെയ്ക്കുന്നു.അതു തിരിച്ചുകൊടുക്കാന്‍ ചെന്ന അയാള്‍ അവിടത്തെ തൊഴിലാളികളുടെ സ്നേഹവായ്പറിയുന്നു..നല്ലാ പറഞ്ഞ നുണകളെ അറിയുന്നു..നല്ലായെ ദൈവം എന്നു വിളിക്കുന്ന അന്‍പരശ് അയാളെ പിടിച്ച പിടിയാലേ തന്‍റെ കല്ല്യാണത്തിന് കൂട്ടികൊണ്ടു പോകുന്നു..അവിടെവെച്ച് തന്‍റെ മുന്‍പ്രണയിനിയാണ് അന്‍പരശിന്‍റെ വധു എന്ന് അയാള്‍ മനസ്സിലാക്കുന്നു.ആ സാഹചര്യത്തില്‍ മറ്റു മുതലെടുപ്പുകള്‍ക്ക് നില്‍ക്കാതെ തൊഴിലാളികളുടെ ശമ്പളവര്‍ദ്ധനവിനുവേണ്ടി മാത്രം വാദിക്കുന്ന ഒരു മനുഷ്യസ്നേഹിയെയാണ് നല്ലയില്‍ കാണാന്‍ കഴിയുക.ഇതില്‍ കുപിതനായ കന്തസാമി നല്ലായെ വധിക്കാന്‍ പുറപ്പെടുന്നു..എന്നാല്‍  അയാളുടെ സഹചരന് ആ ദൌത്യം ഏറ്റെടുക്കുന്നു.കൊല്ലാനായി ഉയര്‍ത്തിയ കൊടുവാളുമായി വരുന്ന അയാളെ കണ്ട് പരുങ്ങുന്ന നായയെ ചിത്രീകരിച്ചത് നന്നായി തോന്നി.മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ മനുഷ്യനേക്കാള്‍ മുന്‍പേ മരണത്തെ കാണുന്നു അല്ലേ?എങ്കിലും തനിക്കു മകള്‍ നഷ്ടപ്പെട്ടത് തന്‍റെ പാപകര്‍മ്മങ്ങളാലെന്ന് വിശ്വസിച്ച അയാള്‍ കൊടുവാള്‍ താഴെയിടുന്നു.നല്ലാ അയാളെയും വിളിച്ചു ദൈവം(കടവുള്‍)എന്ന്...

കടവുള്‍ എന്ന തമിഴ് വാക്കാണ് ദൈവമെന്ന പേരിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് എന്ന് ശ്രീ യേശുദാസ് ഈയടുത്തകാലത്ത് പറഞ്ഞിരുന്നു.ഉള്ളുക്കുള്ളേ ഇരിക്കുന്നത് എന്നത്രേ അതിനര്‍ത്ഥം!ഓരോരുത്തരിലും ഉള്ള ദൈവികഭാവങ്ങള്‍ ചില നേരങ്ങളില്‍ ഉണര്‍ത്തപ്പെടുന്നു എന്നാണ് ഞാനും കരുതുന്നത് നിങ്ങളും കടവുള്‍ തന്നെ!...മുന്‍പ് ഞാന്‍ പറഞ്ഞ കൃഷ്ണസങ്കല്പത്തിന് തുല്യമായ ഒരു സങ്കല്പം ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു..അതുകൊണ്ടാവാം ഈ സിനിമ എന്നെ വല്ലാതെ ആകര്‍ഷിച്ചത്.

ഇതില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുണ്ട്.അതിന്‍റെ എതിരാളികള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്നുണ്ട്.ഇതൊരുപക്ഷേ നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാര്‍ പോലും പറയാന്‍ വഴിയില്ല.

കാറല്‍ മാര്‍ക്സ്  സമത്വം,തുല്യത എന്നൊക്കെ പറയുന്നതിന് മുന്‍പ് തന്നെ ആ ആശയങ്ങളുണ്ടായിരുന്നു.അദ്ദേഹമത് എഴുതിവെച്ചെന്നേയുള്ളൂ..അത് കൃത്യതയുള്ളതാവണമെന്നില്ല” എന്നത് ഒരു സത്യമല്ലേ?നമ്മുടെ കേരളത്തില്‍ അത്തരമൊരാശയം കമ്മ്യൂണിസ്റ്റുകള്‍ വരുന്നതിന് മുന്‍പേ ഉണ്ടായിരുന്നില്ലേ?നമ്മള്‍ പാടി നടന്ന മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ എന്നത് ആ ആശയമല്ലേ?! അതു പറയുന്നത് അത്തരമൊരാശയം മഹത്തരമെന്ന് തന്നെയാണ്.

2003 ജനുവരി 14ന് ഇറങ്ങിയ ഈ ചിത്രത്തിന്‍റെ കാലികപ്രസക്തി എക്കാലത്തും പൊയ്പോകാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,കാരണം അതൊരു മഹത്തായ ആശയത്തെ ഉദ്ഘോഷിക്കുന്നു..


അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!സ്നേഹിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നത്.

ഈ ചിത്രം കാണുക എല്ലാവരും..കമലഹാസന് എന്‍റെ  വിനീതമായ കൂപ്പുകൈ!

 സ്നേഹപൂര്‍വ്വം

സുമേഷ്.കെ.ആര്‍(SRK)

അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!

ആദ്യമേ പറയട്ടെ ഞാനൊരു ചലച്ചിത്രനിരൂപകനല്ല..എന്‍റെ ആശയഗതികളോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രമേയം പറഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഒരു ചിത്രത്തോട് തോന്നിയ അടങ്ങാത്ത ഒരു ഇഷ്ടം ഇവിടെ പ്രകടമാക്കുകയാണ് പിന്നെ എക്കാലത്തേയും മികച്ച ഒരു നടനാണ് കമലഹാസന്‍!.


2003 ജനുവരി 14ന് ഇറങ്ങിയ ഈ ചിത്രത്തിന്‍റെ കാലികപ്രസക്തി എക്കാലത്തും പൊയ്പോകാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,കാരണം അതൊരു മഹത്തായ ആശയത്തെ ഉദ്ഘോഷിക്കുന്നു..


അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!സ്നേഹിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നത്.

ഈ ചിത്രം കാണുക എല്ലാവരും..കമലഹാസന് എന്‍റെ  വിനീതമായ കൂപ്പുകൈ!



3 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

LOVE IS GOD...........

ശ്രീ said...

കണ്ടിട്ടുണ്ട്, നല്ല ചിത്രമാണ്.

ajith said...

കമലിന്റെ ആരാധകനാണ് ഞാന്‍. റേഞ്ചുള്ള നടന്‍. മഹാനടന്‍ എന്നുതന്നെ പറയാം!

Post a Comment