Monday, 18 November 2013

എടുത്തുകൊള്‍കെന്‍ ഹൃദയം!

നമ്മള്‍ തന്‍ പ്രണയമന്ദിരത്തില്‍ നീ
മൗനത്തിന്‍ പടിവാതില്‍ കെട്ടിയടച്ചിട്ടു!
വെറുപ്പിന്റെ വന്മതില്‍ നീ കെട്ടി
ആ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവേ..

നീ..ദുര്‍ഭാഷണങ്ങളെ;വേട്ടനായ്ക്കളെ,
കെട്ടഴിച്ചുവിട്ടതെന്തിനായ് പ്രണയിനീ?!
അവയെന്നെ കടിച്ചുകീറി;വന്യമാം
നഖങ്ങളാല്‍ മാന്തിപ്പൊളിക്കവേ...

എന്തിനായിരുന്നു നീയാര്‍ത്തുചിരിച്ചത്?!
എന്റെ രുധിരമവ രുചിയോടെ നുണയവേ
നീ പിന്നെയും സംതൃപ്തയാകുന്നുവോ?!
ഇതായെടുത്തുകൊള്‍കെന്‍ പിടയ്ക്കും ഹൃദയം..

നിനക്കായ് പലനാള്‍ തുടിച്ച്..ചുവന്ന
സന്ധ്യകളില്‍,പിന്നെയുഷസ്സുക്കളില്‍,
ഭയമേതുമില്ലാതെ,പലനേരങ്ങളില്‍,
പല വട്ടം കാത്തിരുന്നത്, കാവലിരുന്നത്!

ഇനി കൊണ്ടുമുറിയുവാനൊരു
തരിയിടം പോലുമതില്‍ ബാക്കിയില്ല
നീയയച്ച കൊടുംവാക്കുകള്‍,കൂരമ്പുകള്‍
കൊണ്ടു മുറിഞ്ഞുണങ്ങാത്തൊരീ ഹൃദയം..

ഇനി നിനക്കായതു വിട്ടുതരട്ടെ ഞാന-
തിനു കാലമേ നീ മാത്രം സാക്ഷി!
ഇനിയുമേതൊരു ഹൃദയത്തെയിങ്ങിനെ
വിട്ടുകൊടുക്കുവാന്‍ പിന്നെയും കാത്തിരിക്കുന്നു നീ?!

   ===========XXXXXXXX==============

1 comments:

ajith said...

നല്ലൊരു പരിച വേണ്ടിയിരുന്നു!!

Post a Comment