Friday, 1 November 2013

മഴ സന്തോഷത്തിന്റെയും കൂടിയാണ്

ഞാന്‍ ജനിച്ചത് ധനുമാസത്തിലെ കാര്‍ത്തിക നാള്‍..എല്ലാവരുംക്രിസ്തുമസ് ആഘോഷിച്ച് ആലസ്യം പൂണ്ടിരുന്ന ഒരു ഡിസം‌മ്പര്‍ 26-ന് രാത്രി പത്തര മണി നേരം ..അമ്മ പറഞ്ഞുതന്ന സമയം...പക്ഷേ ഔദ്യോഗികരേഖകളില്‍ മെയ് 30 ആണ്..എന്റെ ജന്മദിനം..എന്തിനാണ് ഇങ്ങിനെ ഇത്രയുംവെളിവാക്കുന്നത് എന്ന് എല്ലാവര്‍ക്കും സംശയം തോന്നാം..സ്വാഭാവികം..അതാണ് പറഞ്ഞുവരുന്നത്..

മഴയെ ഞാന്‍ ഇത്ര കണ്ട്  ഇഷ്‌ടപ്പെടാനുള്ള കാരണം എന്താണെന്ന് ഞാന്‍ ആലോചിച്ചുനോക്കിയിട്ടുണ്ട്..
എനിക്കൊട്ടും മനസ്സിലായിട്ടുമില്ല..ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുണ്ടാകുക മഴയില്‍ നനഞ്ഞതിനായിരിക്കും..മഴ നനയുന്നത് പിന്നെ പിന്നെ ആരുമറിയാതെയായി..വളരെ രഹസ്യമായി..അല്ലെങ്കില്‍ മേല്‍ക്കൂരയില്‍ നിന്നു പൊഴിയുന്ന വെള്ളതുള്ളികളെ താലോലിച്ചുകൊണ്ട് പലവട്ടം നില്‍ക്കും..റോഡിലെ മഴവെള്ളത്തില്‍ കാല്‍ നനച്ചുനടന്ന്..പഴുപ്പെടുത്ത കാലില്‍ നീര് വന്ന് നടക്കാന്‍ പറ്റാതാകും..അമ്മ ..നീലമരി(സമൂലം),പച്ചമഞ്ഞള്‍,കരളകത്തിന്റെ വേര് ഇവ ചതച്ചുചേര്‍ത്ത് വെളിച്ചെണ്ണ കാച്ചിത്തരും..അതു  പുരട്ടി കുറച്ചു ദിവസത്തിനുള്ളില്‍ വ്രണം കരിഞ്ഞിട്ടുണ്ടാകും ..ഇന്നാണെങ്കില്‍ അലോപ്പതി മരുന്ന് തേടിപോയിട്ടുണ്ടാകും.. ഇപ്പറഞ്ഞ സംഗതികള്‍ നാട്ടില്‍ ഇപ്പോള്‍ കിട്ടാനില്ലാതായിരിക്കുന്നു..പ്രകൃതിയുമായി നമുക്കുള്ള ഒത്തൊരുമ ഇല്ലാതായികൊണ്ടിരിക്കയാണല്ലോ..ഞാന്‍ എന്ന ഭ്രാന്തന്‍ കഥാപാത്രത്തെ നിങ്ങള്‍ക്ക് കുറച്ച് വെളിവായിട്ടുണ്ടാകും എന്നു കരുതട്ടെ..

ഞാന്‍ ജനിച്ചത് മഴ പെയ്യുന്ന കാലത്തല്ലായിരുന്നു..അതുകൊണ്ടായിരിക്കും ഞാന്‍ ഇത്രയും മഴയെ സ്നേഹിക്കുന്നത്..മഴ..കണ്ടിരിക്കുന്നതും .കൊള്ളുന്നതും ഒരു ഉന്മാദം പോലെ ഞാന്‍ കൊണ്ടു നടക്കുന്നു..ഇന്നും ഈ മുപ്പത്തി എട്ടാം വയസ്സിലും മഴ നനയാന്‍ എന്തൊരിഷ്‌ടം ആണെന്നോ..ഇപ്പോള്‍ നിങ്ങള്‍ എനിക്കൊരു പേര്‍ കല്പിച്ചു തന്നിട്ടുണ്ടാകും അല്ലേ..”വട്ടന്‍..”ഞാന്‍ മരിക്കുന്നത് വരെ ഈ ഇഷ്‌ടം എന്നോടൊപ്പം തന്നെ ഉണ്ടാകും..ഒരു മഴയില്‍ നനഞ്ഞുകൊണ്ടിരിക്കലെ മരിക്കാന്‍ ആണ് എനിക്കിഷ്‌ടം.മഴ എന്നും ഒരു സാന്ത്വനം പോലെ എന്നും കൂടെ ഉണ്ടായിരുന്നു..അമ്മ മരിച്ച ദിവസം ..മഴ രാത്രിയില്‍ ആര്‍ത്തലച്ച് പെയ്തുകൊണ്ടിരുന്നു..എന്റെ കൂടെ കരഞ്ഞും മൂക്ക് പിഴി്ഞ്ഞും തല തല്ലിയും ..മറക്കാനാവാത്ത ഒരോണത്തിന്റെ അത്തം എന്നും ഓര്‍മ്മയില്‍ ഉണ്ട്..എല്ലാം മറന്ന് ഞാന്‍ ദൈവത്തില്‍ അഭയം തേടി..നോവുകളുമായി ഞാന്‍ അലഞ്ഞു..എന്റെ നോട്ടുപുസ്തകത്തില്‍ കവിതകള്‍ നിറഞ്ഞു..പക്ഷേ ഒന്നു ഞാന്‍ ഉറച്ചു തീരുമാനിച്ചിട്ടുണ്ട് മറ്റുള്ളവരെ കരയിക്കാന്‍ ആകരുത് എന്റെ എഴുത്ത് എന്ന്..ആരേയും ദുഃഖിപ്പിക്കാന്‍ വളരെ എളുപ്പമാണ്..
എന്റെ ദുഃഖങ്ങളെ ചിരി കൊണ്ട് മറയ്ക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാ‍റുണ്ട്..അതു പറ്റുന്നില്ല..എന്റെ സ്ഥായിയായ ഭാവം ദുഃഖം മാത്രമായി..എപ്പോളും കാര്‍മേഘം കെട്ടിയ മുഖം..ദുഃഖം ഖനീഭവിച്ച മുഖഭാവം..എനിക്കു തന്നെ ഇഷ്‌ടമല്ല ആ മുഖത്തെ.. അതുകൊണ്ട് കൂടെയാണ് ദാസചരിതം പോലെയുള്ള കഥകള്‍ പറയുന്നത്..നമുക്ക് ചിരിക്കാം
മഴത്തുള്ളികള്‍ ..കണ്ണീര്‍ത്തുള്ളികള്‍ ആകാന്‍ എനിക്ക് ഇഷ്‌ടമേയില്ല..അത് ചിരിതുള്ളികള്‍ തന്നെ ആകട്ടെ..

ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്നത് അബുദാബിയില്‍ ആണ്..ഇവിടേയും വര്‍ഷത്തില്‍ ഒരു മഴയെങ്കിലും പെയ്യും.ഇതിനു മുന്‍പ്  ഖത്തറില്‍..അതിനും മുന്‍പ് ആറ് വര്‍ഷം ബ്രൂണൈയില്‍..ഒരു വര്‍ഷത്തിന്റെ ഭൂരിഭാഗം മാസങ്ങളിലും അവിടെ മഴയുണ്ട്..രാത്രികളില്‍ എന്റെ മഴ നനയല്‍ എത്ര പേര്‍ കണ്ടിട്ടുണ്ടാകുമോ എന്തോ..എന്റെ വിവാഹം ഒരു ആഗസ്റ്റ്‌ മാസത്തില്‍ ആയിരുന്നു..കുരവയിട്ടത് തീര്‍ച്ചയായും മഴ തന്നെയായിരുന്നു ..എന്റെ മകള്‍ പിറന്നതു  ഒരു ജൂണ്‍ മാസത്തില്‍  ..അര്‍ദ്ധരാത്രിയില്‍ മോള്‍ ജനിച്ച വിവരം വിളിച്ചറിയിക്കുമ്പോള്‍ പുറത്ത് സന്തോഷത്തോടെ മഴ പെയ്തു കൊണ്ടിരുന്നു..എന്റെ കണ്ണില്‍ സന്തോഷത്തിന്റെ മഴതുള്ളികള്‍ നിറഞ്ഞു തുളുമ്പിയിരുന്നു..

ആ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് ..സെപ്തംബര്‍ മാസത്തില്‍ ..എന്റെ ഭാര്യയുടെ ആങ്ങളയും ..അവനന്ന് ഒന്‍പതാം തരത്തില്‍ പഠിക്കുകയായിരുന്നു..അവന്റെ അചഛനമ്മമാരും..ലേക് ഷോര്‍ ആശുപത്രിയില്‍ ആത്മഹത്യയില്‍ അഭയം തേടിയപ്പോള്‍ ആയിരുന്നു..തലയിലെ ഒരു ട്യുമറിനു ചികിത്സിക്കാന്‍ പോയിട്ട്  ഏറ്റവും ഒടുവില്‍ അത് ലുക്കീമിയ ആണെന്ന് അറിഞ്ഞപ്പോഴേക്കും ആ കൌമാരക്കാരന്‍ ഒരു പാട് വേദന തിന്നു തീര്‍ന്നിരുന്നു..അവന്‍ ഡയാലിസിസിനു വിധേയനായി ..വേദനയോടെ കിടക്കുമ്പോളും എന്നോട് വിശേഷം തിരക്കി..
എന്റെ മകളെ “..കുടമണിയെ കുഞ്ഞാളേ “..വിളിച്ച് കളിയാക്കി....അച്ഛനും അമ്മക്കും മുന്നില്‍ തനിക്ക് വേദനയൊന്നുമില്ലെന്ന് അഭിനയിച്ചു.
പക്ഷേ..എനിക്ക് നിങ്ങള്‍ക്കു മുന്‍പില്‍ പങ്കു വെക്കണമെന്ന് കരുതുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട്.. പ്രമുഖമായ ഒരു ഹോസ്പിറ്റലില്‍ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ച അനുഭവം ആണത്..മനുഷ്യനെ വെറും യന്ത്രങ്ങള്‍ ആയി മാത്രം കരുതുന്ന ഒരു തല മൂത്ത ഒരു ഡോക്‍ടറുടെ ഹുങ്കിനു ഞാന്‍ സാക്ഷിയായി..തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കാത്തുകെട്ടി നില്‍ക്കുന്ന അച്ഛനോട് അദ്ദേഹത്തിന്റെ പെരുമാറ്റം അത്യന്തം വേദനാജനകം ആയിരുന്നു എന്നു പറയാതിരിക്കാന്‍ വയ്യ..സ്നേഹമാണ് ആതുരസേവനതിന്റെ മുഖമുദ്ര എന്നത് മാറി പണം മാത്രമാണ് അതിന്റെ മുഖമുദ്ര ..എന്നായിരിക്കുന്നു..മനുഷ്യര്‍ വെറും മാംസകഷ്ണങ്ങളും..അവര്‍ക്ക് വിചാരങ്ങളും വികാരങ്ങളും ഉണ്ടെന്ന് പലപ്പോളും ഇവര്‍ മറന്നുപോകുന്നു.ഇപ്പോളും എനിക്ക് മനസ്സിലാകുന്നില്ല ..എന്താണ് ഒരു മനുഷ്യജീവന്റെ വില? വെറും ഒരു ഇറച്ചിവെട്ടുകാരന്റെ മനോഭാവം ആണോ ഒരു ഡോക്ടറുടേത് അല്ലെങ്കില്‍ ആ സ്ഥാപനത്തിന്?

സ്കാനിംഗ് ..വിവിധ തരം പരിശോധനകള്‍ ..എല്ലാം പരിശോധിച്ച് തങ്ങളുടെ കയ്യില്‍ ഒതുങ്ങുന്നതല്ല രോഗം ..എന്ന് വിധിയെഴുതി..തിരുവനന്തപുരത്തെ ശ്രീചിത്തിര ആശുപത്രിയിലേക്ക് . ശുപാര്‍ശക്കത്തോടെ അയച്ചു..തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തെത്താനുള്ള പെടാപാടിനെ കുറിച്ച് പറഞ്ഞുതരേണ്ടല്ലോ?..അവിടെ എത്തി..ഡോക്ടറെ കാണാന്‍ ഉള്ള ശ്രമം ..അകത്തേക്ക് രോഗിയുടെ കൂടെ ഒരാളെ മാത്രമേ കടത്തിവിടൂ..അവനും അച്ഛനും അകത്തേക്ക് പോയി കുറെ കഴി്ഞ്ഞ് എന്നെ അച്ഛന്‍ വിളിച്ചു..ജൂനിയര്‍ ഡോക്ടര്‍ക്ക് മലയാളം അറിയില്ല..നിനക്ക് ഇംഗ്‌ളീഷും ഹിന്ദിയും അറിയാമല്ലോ..അപ്പോള്‍ സെക്യൂരിറ്റിയുടെ കൃത്യനിഷ്ഠ പുറത്തു വന്നു..ഒരാളേ അകത്തു പോകാവൂ..എന്നെ അകത്ത് കയറ്റിവിട്ടു..
ഉള്ളതു പറയണമല്ലോ..ഒരു ഡോക്‍ടര്‍ക്ക് താങ്ങാവുന്നതിലും അധികം ജോലിഭാരം അദ്ദേഹത്തിന് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു..തീര്‍ച്ചയായും നമ്മുടെ ഗവണ്മെന്റ് മെഡിക്കല്‍കോളേജുകളിലെ അല്ലെങ്കില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെ അഭിനന്ദിച്ചേ പറ്റൂ..അത്ര മാത്രം ജോലിഭാരം അവര്‍ക്കുണ്ട്..

ഞങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ തന്നെ പലവട്ടം അദ്ദേഹത്തിന് എണീറ്റ് പൊകേണ്ടതായി വന്നു..മലയാളം അറിയാത്ത ഒരാളാണ് ഡോക്ടര്‍ എങ്കില്‍ എന്തുകൊണ്ട് ഒരു പരിഭാഷകനെ വെക്കുന്നില്ല?രണ്ടു പേര്‍ ഇരുന്നാല്‍ തന്നെ ശ്വാസം മുട്ടുന്ന തരത്തിലുള്ള മുറികള്‍..ആതുരാലയങ്ങളില്‍ ജോലി ചെയ്യുന്നവരെ ..രോഗം ബാധിക്കാത്തത് ഭാഗ്യം..എന്നേ പറയാനാവൂ..ചില ടെസ്റ്റുകള്‍ക്ക് എഴുതിതന്നു..അതെവിടെ ചെയ്യണം എന്നു ആരും പറഞ്ഞില്ല..ചോദിക്കാതിരുന്നത് ഞങ്ങളുടെ തെറ്റ്..ഒരാഴ്ച കഴിഞ്ഞ് റിസല്‍റ്റുമായി വരണം എന്നേ പറഞ്ഞുള്ളു..തൃശ്ശൂരില്‍ തന്നെയുള്ള പ്രസിദ്ധമായ ഒരു ലബോറട്ടറിയില്‍ ടെസ്റ്റ് ചെയ്തു ..തിരുവനന്തപുരത്തെത്തി .പ്രധാന ഡോക്ട്രറെ കാണിച്ചു..അപ്പോളാണ് ഡോക്ടറുടെ അട്ടഹാസം..കണ്ട ലാബിലൊന്നും ചെയ്താല്‍ പറ്റില്ല..റാന്‍ബാക്സിയില്‍ തന്നെ ചെയ്യണം..രണ്ടാമതും ടെസ്റ്റ് ചെയ്തിട്ട് വരൂ..ലാബ് കണ്ടെത്തി .ടെസ്റ്റ് ചെയ്യാന്‍ കൊടുത്തു ഞങ്ങള്‍ തിരിച്ചുപോന്നു..

വീട്ടില്‍ തിരിച്ചെത്തി ..തലവേദന കുറയുന്നില്ല..
ഉറങ്ങാന്‍ വയ്യ..വണ്ടി പിടിച്ച് തിരുവനന്തപുരത്തേക്ക്..പോകുന്ന വഴിക്ക് പലവട്ടം ഛര്‍ദ്ദിച്ചു..പയ്യന്‍ വളരെ തളര്‍ന്നു..ലേക്‍ഷോര്‍ ഹോസ്പിറ്റലില്‍ കാണിക്കാം..അവിടെ നിന്ന് ഓപ്പറേഷന് തീയ്യതി കുറിച്ചു..ഒരാഴ്ച്ചക്കുള്ളില്‍ ഓപ്പറേഷന്‍..കാര്യങ്ങള്‍ നേരെയാകുന്നു എന്നാശ്വസിച്ചു..ഉള്ളിലെ മുറിവുണങ്ങുന്നില്ല..വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നി്ല്ല..ഡയാലിസിസ്..ഒരു കണ്ണ് വന്നു ചെറുതായി..പിന്നീടറി്ഞ്ഞു ലുക്കീമിയ ആണ്..എല്ലാം കൈ വിട്ടു പോകുകയായിരുന്നു..മകന്‍ കൈവിട്ടു പോകുമെന്ന് ഉറപ്പായപ്പോള്‍ മൂവരും ചേര്‍ന്ന് വിഷം കഴിച്ചു..രാത്രിയില്‍ അച്ഛന്റെ ഫോണില്‍ നിന്ന് വന്ന കോളില്‍ അങ്ങേ തലക്കല്‍ വേറെ ആരോ ആയിരുന്നു..മരട് പോലീസ് എസ്.ഐ !.എല്ലാം കഴിഞ്ഞിരിക്കുന്നു.ഒരു സംശയം ബാക്കി..ഇത്രക്കധികം പരിശോധനകള്‍ നടത്തിയിട്ടും ലുക്കീമിയ കണ്ടെത്താന്‍ ഇത്ര താമസിച്ചതെന്തേ?
“വേദന തിന്നു മരണത്തെ മുഖാമുഖം കാണുന്ന രോഗിക്ക് ഓക്സിജന്‍ കൊടുക്കുന്നതില്‍ പരം ക്രൂരത എന്താണുള്ളത്?.രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവര്‍ക്കു മാത്രമേ വേദനാജനകം ആയ ചികിത്സക്കു വിധേയരാക്കാവൂ എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..അല്ലാത്തവരെ വേദനയില്ലാത്ത മരണത്തെ ഗാഡാലിംഗനം ചെയ്യാന്‍ അനുവദിക്കുന്നതില്‍ പരം എന്താണവര്‍ക്കു നല്ലതായി ചെയ്തുകൊടുക്കാന്‍ കഴിയുക?“
എന്തിനാണ് ഞാനിതെല്ലാം പറയുന്നത്? വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ സങ്കടപ്പെടുത്തണം എന്നെനിക്കില്ല..ഇതു ചര്‍ച്ച ചെയ്യപ്പെടണം എന്നേയുള്ളൂ.

1.മാരകമായ രോഗങ്ങള്‍ വന്നവരില്‍ പരീക്ഷണമരുന്നുകള്‍ ചെയ്യുന്നത് ക്രൂരമാണ്..അതില്‍ പരം ക്രൂരമാണ് അതിന്റെ ഭീമമായ തുക രോഗിയില്‍ നിന്ന് ഈടാക്കുന്നത്..
2.ഇത്തരം രോഗം വന്നവരില്‍ എത്ര പേര്‍ രക്ഷപ്പെടുന്നു എന്ന് കണക്കെടുപ്പ് ആരെങ്കിലും നടത്തുന്നുണ്ടോ?അതിക്രൂരമായ ചൂഷണത്തിന് രോഗിയും കുടുംബവും വിധേയമാക്കപ്പെടുന്നില്ലേ?
3.ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിയന്ത്രിക്കപ്പെടാന്‍  നോഡല്‍ ഏജന്‍സികള്‍ ഏതെങ്കിലും നിലവില്‍ ഉണ്ടോ? പണത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് അല്ലെങ്കില്‍ ചൂഷണത്തില്‍ നിന്ന് എങ്ങിനെ ഈ മേഖലയെ മാറ്റി നിറുത്താം?

ഇതെല്ലാം പറഞ്ഞുവന്നത് മഴയില്‍ നിന്നാണ്..അവരുടെ സംസ്ക്കാരം നടക്കുന്നതിനു മുന്‍പ് കോരിച്ചൊരിയുന്ന മഴയായിരുന്നു..കറുത്തിരുണ്ട ആകാശത്തില്‍ കാര്‍മേഘങ്ങള്‍ നെഞ്ചത്തിടിക്കുന്ന മുഴക്കം..എനിക്കായ് കണ്ണീര്‍ കുടുകുടെ ഒഴുക്കി..മേഘക്കൂട്ടങ്ങള്‍ ഇടിമിന്നല്‍ പിണരില്‍ തീ കൊളുത്തി ആല്‍മഹത്യ നടത്തി..എന്റെ ദുഃഖത്തിലും കൂട്ടായി വന്ന മഴതുള്ളികള്‍....
ദുരന്തങ്ങള്‍ ഒട്ടനവധി മുന്നില്‍ കാണേണ്ടി വന്നിട്ടുണ്ട്..ഒരിക്കല്‍ ഒരു ചരമവാര്‍ഷിക കുറിപ്പില്‍ ഇങ്ങിനെ എഴുതിവെച്ചിരിക്കുന്നു..”ദൈവമേ നീ വലിയ തോട്ടക്കാരന്‍..നിന്റെ തോട്ടത്തിലെ പൂ നിനക്കിഷ്‌ടമുള്ളപ്പോള്‍ പറിച്ചെടുക്കുന്നു..ആര്‍ക്കതിനെ ചോദ്യം ചെയ്യാന്‍ ആകും”..ശരി തന്നെ അല്ലേ?ചിലപ്പോള്‍ ഇതള്‍ ഇതള്‍ ആയി പിച്ചിചീന്തും..ചിലപ്പോള്‍ ചവിട്ടിയരയ്ക്കും..ആര്‍ക്കും ഒന്നും ചെയ്യാന്‍ വയ്യല്ലോ!.. ശ്രീകുമാരന്‍ തമ്പി  ഈയിടെ ഇങ്ങിനെ പറഞ്ഞു  ദുരന്തങ്ങള്‍ തന്ന്  ദുഃഖങ്ങള്‍ നേരിടാന്‍ പ്രകൃതി  എന്നെ ഒരുക്കുകയാണ് .." ശരിയായിരിക്കാം അല്ലേ?

ഓരോ നഷ്ടവും എന്നെ ഈശ്വരനിലേക്ക് അടുപ്പിക്കുന്നു..

2010 ജനുവരി 25 ന് എനിക്ക് ഒരു മകന്‍ കൂടി പിറന്നു..അന്ന് നാട്ടില്‍ മഴ ഇല്ലായിരുന്നു..പക്ഷേ ഖത്തറില്‍ എങ്ങു നിന്നില്ലാതെ മഴതുള്ളികള്‍ വന്നു വീണു..എന്റെ മുഖത്ത് നനവു പടര്‍ത്തി..ദൈവം എനിക്കായ് പെയ്യിച്ച
സന്തോഷമഴയായിട്ടാണ് എനിക്ക് തോന്നിയത്..മഴ സന്തോഷത്തിന്റെയും കൂടിയാണ് ..
——————————————————————————3 comments:

ajith said...

വായിച്ചു!
എന്തു പറയും?
സന്തോഷം ആശംസിക്കുന്നു

niDheEsH kRisHnaN @ ~അമൃതംഗമയ~ said...


ഓരോ നഷ്ടവും നമ്മെ ഈശ്വരനിലേക്ക് അടുപ്പിക്കുന്നു..

അഭി said...

അവിചാരിതമായ മഴയില്‍ പ്രിയപെട്ടവര്‍ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ശിയയി ഈ മഴ മാത്രം

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌."

Post a Comment