Saturday, 23 March 2013

എന്റെ ഇഷ്ട മൂര്‍ത്തി


അറിവിന്‍ വെളിച്ചമേ,
ദൂരെപ്പോ,ദൂരെപ്പോ!നീ
വെറുതെ സൗന്ദര്യത്തെ-
ക്കാണുന്ന കണ്‍ പൊട്ടിച്ചു...
                 (ശൈശവം-ഓടക്കുഴല്‍-ജി.)


അറിഞ്ഞതില്‍ നിന്നുള്ള മോചനം അതായിരുന്നു ആ പുസ്തകത്തിന്റെ തലക്കെട്ട്..വളരെ സുന്ദരനും യോഗീനയനങ്ങളോട് കൂടിയവനുമായ
ഒരു ചെറുപ്പക്കാരന്റെ ചിത്രം കൂടെ കൊടുത്തിരിക്കുന്നു.പുസ്തകത്തിന്റെ ഉടമസ്ഥന്‍ അതില്‍ പേന കൊണ്ട് കുത്തിവര‍ച്ചുകൊണ്ട് പുസ്തകത്തിനോടുള്ള പ്രതിഷേധം കാണിച്ചിരിക്കുന്നു..അദ്ദേഹത്തിന് അറുബോറായിരുന്നിരിക്കണം ആ പുസ്തകം! തീര്‍ച്ചയായും.അദ്ദേഹത്തില്‍ നിന്ന്‍ എന്റെ ഒരു മാന്യസുഹൃത്ത് രക്ഷിച്ചെടുത്തതാണ് ആ പുസ്തകത്തെ.അവന് ആ പുസ്തകം വളരെ ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു..ഇതു കൊള്ളാമല്ലോ ഒരാള്‍ക്ക് തീരെ ഇഷ്ടപ്പെടാതിരിക്കയും മറ്റൊരാള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന ഒരു പുസ്തകം..

"എനിക്ക് തരുമോ ഈ പുസ്തകം?" ഞാന്‍ ചോദിച്ചു..

"ശരി..നീ വായിച്ചിട്ട് തിരിച്ചുതന്നാല്‍ മതി.പക്ഷേ ഈ പുസ്തകം എനിക്കു തന്നെ വേണം!"അവനത് വളരെ വിലപ്പെട്ട ഒന്നായി അനുഭവപ്പെട്ടിരിക്കുന്നു.

അങ്ങിനെ ആ പുസ്തകം എന്റെ കയ്യില്‍ വന്നുചേര്‍ന്നു.തുടക്കത്തില്‍ അത് അറുബോറായി തന്നെ തോന്നി...പിന്നെ പിന്നെ വായിക്കുന്തോറും അതിനോട് ഒരിഷ്ടം കൂടിക്കൂടി വന്നു..1987 നോട് ചേര്‍ന്ന്‍ ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നൊരു ലേഖനത്തില്‍ ആ പേര് എനിക്ക് പരിചിതമായിരുന്നു..അതില്‍ ഒരു വൃദ്ധനെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ആകാരഭംഗി ഉള്ള ആ വൃദ്ധന്റെ കണ്ണുകളില്‍ ഈ പ്രത്യേകത അന്നും തോന്നിയിരുന്നു.ആ പേരാണ്"ജിദ്ദു കൃഷ്ണമൂര്‍ത്തി"..

ആരായിരുന്നു ജിദ്ദുകൃഷ്ണമൂര്‍ത്തി?വെറും "K" എന്ന അക്ഷരത്തില്‍ അറിയപ്പെട്ട അദ്ദേഹം..ലോകമറിയുന്ന നല്ലൊരു .സൈദ്ധ്യാന്തികനും.തത്വചിന്തകനും വിദ്യാഭാസവിചക്ഷണനും ഒക്കെയാണ്.ഇതെല്ലാം അദ്ദേഹം നിഷേധിക്കുമായിരുന്നെങ്കിലും..സത്യമതായിരുന്നു.പലപ്പോഴും അദ്ദേഹം അദ്ദേഹത്തിന്റെ അനുയായികളെ ത്രിശങ്കുവില്‍ വിട്ടിട്ടുണ്ട്..അദ്ദേഹം പറഞ്ഞിരുന്നത് പലര്‍ക്കും മനസ്സിലായിരുന്നില്ല എന്നതായിരുന്നു വാസ്തവം..എനിക്കും അതു തോന്നിയിരുന്നു..പിന്നീട് അദ്ദേഹത്തെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കുറേശ്ശേയായി ആ ദുര്‍ഗ്രാഹ്യത മാറിതുടങ്ങി..എങ്കിലും പൂര്‍ണ്ണമായി മാറി എന്നു പറയുവാനും വയ്യ.ഇനിയും വളരെ മുന്നോട്ട് പോകേണ്ടിയിരിയ്ക്കുന്നു.പോകെ പോകെയാണ് അദ്ദേഹം പറഞ്ഞിരുന്നത് ഉപനിഷത്തുക്കളിലെ സാരം തന്നെയാണെന്ന്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

1895 മെയ്മാസം 11-ന് ആന്ധ്രയിലെ മദനപ്പള്ളിയില്‍ ജനിച്ച ശ്രീ കൃഷ്ണമൂര്‍ത്തിയെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ആനിബസന്റ് ദത്തെടുക്കുകയായിരുന്നു.അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹോദരന്‍ നിത്യയേയും.ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു.തിയോസഫിക്കല്‍ സൊസൈറ്റിക്കാര്‍ ഇദ്ദേഹത്തില്‍ ലോകഗുരുവിനെ കണ്ടിരുന്നത്രേ!എന്തൊക്കെയായാലും ഇദ്ദേഹം ആ സമയത്ത് ഇംഗ്ലണ്ടിലൂടെ തെരുവിലൂടെ നടക്കുമ്പോള്‍ ഇന്ത്യയിലെ ഏതോ രാജകുമാരനാണ് അദ്ദേഹമെന്ന്‍ ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നത്രേ!അക്കാലത്തെ അദ്ദേഹത്തിന്റെ ആഡംബരഭ്രമം കുപ്രസിദ്ധമായിരുന്നുവെന്ന്‍ പറയപ്പെടുന്നു.

1929-ല്‍ തിയൊസഫിക്കല്‍ സൊസൈറ്റിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച അദ്ദേഹം പിന്നീട് "മനുഷ്യരെ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രരരാക്കുക" എന്ന പരിശ്രമത്തില്‍ ഏര്‍പ്പെടുകയാണുണ്ടായത്.1986 ഫെബ്രുവരി 17 നു തന്റെ 91ആം വയസ്സില്‍ അന്തരിക്കും വരെ ആ പ്രവര്‍ത്തി തുടരുകയും ചെയ്തു.
(ക്ഷമിക്കുക അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനായി വിവരിക്കാന്‍ ഈ കൊച്ചു പരിചയപ്പെടുത്തല്‍ മതിയാവില്ല.അതുകൊണ്ടാണ് ഒരു സംഗ്രഹത്തില്‍ ഒതുക്കിയത്.)


“ നാം മയക്കത്തിലാണ്.തത്ത്വചിന്തകരും സന്യാസിമാരും ദൈവങ്ങളും പൂജാരികളും രാഷ്ട്രീയക്കാരും നമ്മെ മയക്കിയിരിക്കുന്നു.നാം മയക്കത്തിലാണെന്നും നമ്മെ മയക്കിയതാണെന്നും നാം അറിയുന്നില്ല.ഇതാണ് സ്വാഭാവികത എന്നാണ് നമ്മുടെ ധാരണ.സ്വയം ഒരു വെളിച്ചമാകാന്‍ ആഗ്രഹിക്കുന്ന ആള്‍ ഇതില്‍ നിന്നെല്ലാം സ്വതന്ത്രമാകണം.”


അദ്ദേഹം പണ്ടെങ്ങോ പറഞ്ഞുവെച്ച ഈ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നിടത്താണ് അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനം കാണാനാവുക.ഏതാണ്ടിതൊക്കെ തന്നെയല്ലേ വിവേകാനന്ദസ്വാമികളും "ഉത്തിഷ്ഠത ..ജാഗ്രത.."എന്ന ഉപനിഷത് പുനരാഖ്യാനം കൊണ്ടും പറഞ്ഞുവെച്ചത്?ഇതൊക്കെ തന്നെയല്ലേ നാരായണഗുരു തന്റെ കര്‍മ്മമാര്‍ഗ്ഗത്തിലൂടെ കാണിച്ചുതന്നത്?
നമ്മെ ഓരോരോ തരത്തിലുള്ള മയക്കങ്ങളില്‍ നിന്ന്‍ ഗുരുവരന്മാര്‍ നമ്മെ ഉണര്‍ത്തിയെടുത്തു എന്നു വേണം പറയാന്‍!

വിടരേണ്ട പൂമൊട്ടുകള്‍ (You are born to blossom)എന്ന എ.പി.ജെ അബ്ദുള്‍കലാമിന്റെ പുസ്തകത്തിലെ മനസ്സിന്റെ പൂവണിയല്‍ എന്ന അധ്യായത്തില്‍ കൃഷ്ണമൂര്‍ത്തിയെ പറ്റി പറയാന്‍ തന്നെ കുറേ ഭാഗം നീക്കിവെച്ചിട്ടുണ്ട്.ബഹുമാന്യനായ അബ്ദുള്‍കലാം മാത്രമല്ല അദ്ദേഹത്തില്‍ ആകൃഷ്ടനായിട്ടുള്ളവര്‍.ഓഷോ,ഖലീല്‍ ജിബ്രാന്‍,ജോര്‍ജ്ജ് ബര്‍‍ണാഡ് ഷാ തുടങ്ങീ പ്രമുഖര്‍ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.എന്തിന് പ്രസിദ്ധനടനായ ബ്രൂസ് ലീ.അദ്ദേഹത്തിന്റെ ആരാധകനായിരുന്നു.സിനിമകളില്‍ ഈ തത്വചിന്ത ഉപയോഗിച്ചിട്ടുമുണ്ട്.

അബ്ദുള്‍കലാമിന്റെ പുസ്തകത്തില്‍ നിന്ന്‍ ചില എടുത്തെഴുത്തുകള്‍!

"കൃഷ്ണമൂര്‍ത്തി ഊന്നിപ്പറയുന്ന മറ്റൊരു കാര്യം സ്വാതന്ത്ര്യമാണ്.പക്ഷേ ഈ പറയുന്ന സ്വാതന്ത്ര്യം എന്താണ്?വിദ്യാഭാസത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യവും സ്നേഹവും നന്മയുടെ പൂവണിയലും സമൂഹത്തിന്റെ പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണെന്ന്‍ കൃഷ്ണമൂര്‍ത്തി പലപ്പോഴും പറയാറുണ്ട്.ഈ സ്വാതന്ത്ര്യം രാഷ്ട്രീയമായ സ്വാതന്ത്ര്യം എന്നതിനേക്കാള്‍ ആന്തരികമായ സ്വാതന്ത്ര്യമാണ്.ആത്മാവിന്റേയും ആത്മചൈതന്യത്തിന്റേയും ആഴത്തിലുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതായിരിയ്ക്കണം വിദ്യാഭാസം.ആന്തരികമായ വിമോചനമാണ് വിദ്യാഭാസത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും.നിര്‍ബന്ധങ്ങള്‍ ഒടുവില്‍ ചെന്നെത്തുന്നത് സ്വാതന്ത്ര്യത്തിലായിരിക്കുകയില്ല.”

“"വിദ്യാഭാസമെന്നാല്‍ ബാഹ്യസാഹചര്യങ്ങള്‍ മൂലം സംഭവിക്കുന്ന പാകപ്പെടലുകളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്.പാരമ്പര്യമെന്ന പേരില്‍ കുന്നുകൂട്ടിവെച്ച വിപുലമായ ജ്ഞാനത്തില്‍ നിന്നുള്ള വിമുക്തിയാണത്!"

കൃഷ്ണമൂര്‍ത്തി വിദ്യാഭാസത്തെ മൂന്നു മടങ്ങുള്ള പ്രക്രിയയായി ചിത്രീകരിക്കുന്നു
1)മനുഷ്യരുടെ പ്രാഥമികമായ പെരുമാറ്റരീതികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാള്‍ വിദ്യാഭാസമാരംഭിക്കുന്നു
2)വ്യക്തി എന്ന നിലയില്‍ ഒരാള്‍ വിദ്യയഭ്യസിക്കുന്നു
3)സമൂഹം, മനുഷ്യരാശി, പ്രകൃതി തുടങ്ങിയവയുടെ ഭാഗമായി ഒരാള്‍ വിദ്യനേടുന്നു.

ആയതിനാല്‍ തൊഴില്‍,ഔദ്യോഗികജീവിതം തുടങ്ങിയ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിനുവേണ്ടിയുള്ള തയ്യറെടുപ്പില്‍ മാത്രം പരിമിതപ്പെടുന്നില്ല വിദ്യാഭ്യാസം.എന്നാല്‍ ലക്ഷ്യപൂര്‍ണ്ണമായ അസ്തിത്വത്തിന് വേണ്ടി ജീവിതത്തിന്റെ നവ്യാനുഭൂതികള്‍ ഉള്‍ക്കൊള്ളാന്‍ സ്വയം മണ്ണൊരുക്കലാണത്.(കൂടുതല്‍ നിങ്ങള്‍ക്ക് പ്രസ്തുത പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം)

ഇവിടെയാണ് ഇതിന്റെ തുടക്കത്തിലെഴുതിയിട്ട ജി യുടെ കവിതയുടെ പ്രാധാന്യം..നമുക്ക് കിട്ടുന്ന അറിവുകള്‍ പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നതില്‍ നിന്ന്‍ നമ്മെ വിലക്കുന്നുവെങ്കില്‍ ആ അറിവുകള്‍ ദൂരെകളയുകയേ നിവൃത്തിയുള്ളൂ അല്ലേ?


കൃഷ്ണമൂര്‍ത്തിയുടെ ആദ്യത്തേയും അവസാനത്തേയും സ്വാതന്ത്ര്യം (FIRST AND THE LAST FREEDOM)എന്ന കൃതിയിലെ വളരെ പ്രസിദ്ധമായ ഒരു..സൂത്രവാക്യമാണ് ദൃക്കാണ് ദൃശ്യം(The Observer is the Observed)വേദാന്തത്തിലെ "ദൃക്-ദൃശ്യ" വിവേകത്തെ അദ്ദേഹം അതിസമ്ര്‍ത്ഥമായും ലളിതമായും ഈ കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.ഈ ആശയത്തിന് ക്വാണ്ടം ഭൗതികത്തിലും പ്രസക്തിയുണ്ട്.ക്വാണ്ടം ഭൗതികത്തില്‍ നിരീക്ഷകനും നിരീക്ഷിതവസ്തുവും ഈ വാക്യമാണ് നോബല്‍ സമ്മാനജേതാവും ക്വാണ്ടം ഭൗതികജ്ഞനുമായ ഡേവിഡ് ബോമിനെ കൃഷ്ണമൂര്‍ത്തിയിലേക്ക് ആകര്‍ഷിച്ചത്.ക്വാണ്ടം ഭൗതികത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ള പല ആധുനിക ദാര്‍ശനികസമസ്യകള്‍ക്കും ഉത്തരം കണ്ടെത്താന്‍ കൃഷ്ണമൂര്‍ത്തിയുമായുള്ള ബന്ധം സഹായിച്ചുവെന്നാണ് ഡേവിഡ് ബോം അവകാശപ്പെടുന്നത്.

കെ..പറയുന്നു.."നിങ്ങള്‍ അതീവശ്രദ്ധയോട് കൂടെയിരിയ്ക്കുമ്പോള്‍ നിരീക്ഷകന്‍,ചിന്തകന്‍,കേന്ദ്രം,"ഞാന്‍", എന്നീ നിലകളെല്ലാം ഇല്ലാതാകുന്നു എന്നകാര്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?അത്തരത്തിലുള്ള ശ്രദ്ധ ഉണ്ടാകുമ്പോള്‍ ചിന്ത കൊഴിഞ്ഞുപോകുന്നു."


എന്തായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനത്തിന്റെ പ്രത്യേകതകള്‍?കൃഷ്ണമൂര്‍ത്തി ഈശ്വരനെകുറിച്ചോ വിശ്വാസത്തെക്കുറിച്ചോ സൃഷ്ടിയെക്കുറിച്ചോ ഒന്നുമായിരുന്നില്ല സംസാരിച്ചത്.ജീവിതമൂല്യങ്ങളെക്കുറിച്ചാണ്.അങ്ങിനെയുള്ള ജീവിതമൂല്യങ്ങളെ കാണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം.ഉദാഹരണത്തിന് ആനന്ദം,ദുഃഖം,ദേഷ്യം,ഏകാഗ്രത,ഹിംസ,നിഷ്പക്ഷത,ശ്രദ്ധ,ആഗ്രഹം,രതി,വിവാഹം,ആശ്രയത്വം,സംഗം,ഭയം,നന്മ,തിന്മ,ധാരണ,ഗ്രഹിക്കല്‍,മനസ്സിലാക്കല്‍,വിദ്യഭ്യാസം,ഇങ്ങിനെ നിരവധിയായ വിഷയങ്ങളിലേക്ക് ശ്രദ്ധാലുവായ ചോദ്യകര്‍ത്താവിനെ കൊണ്ടുപോയി തെളിമയുള്ള അവന്റെ ഉണ്മയെ കാണിച്ചുകൊടുത്തു.


The speaker is only a mirror in which you see yourself as you are. If you see yourself as you are, then you can throw away the mirror ,break it. The mirror is not important. It has no value. What has value is that you  see clearly in that mirror yourself you are, the pettiness, the narrowness, the brutality, the anxieties, the fears.
When you begin to understand yourself then you go profoundly into something that is beyond measure.”


ഈ വരികളെ  ചെറിയ രൂപാന്തരത്തോടെ ബ്രൂസ് ലീ യുടെ Enter the Dragon എന്ന സിനിമയില്‍ ആ കണ്ണാടികൂടിനകത്ത് പെടുന്ന ലീയുടെ കഥാപാത്രം ഗുരുവചനമായി ഓര്‍ത്തെടുക്കുന്നുണ്ട്.

കെ യുടെ ചിന്തകളിലൂടെ സഞ്ചരിച്ചുകഴിയുമ്പോള്‍ നമ്മളില്‍ ഉണ്ടാകുന്ന നവോന്മേഷം..ഒരു മഴ പെയ്തു തോര്‍ന്നതിനുശേഷം ഭൂമിക്കും പ്രകൃതിക്കുമുണ്ടാകുന്ന പോലുള്ള നവോന്മേഷമാണ്.മനസ്സില്‍ തിങ്ങി നിറയുന്ന പ്രശാന്തി.അത് നിങ്ങളിലേക്കും പടരട്ടെ..എന്നാശംസിക്കുന്നു.
ഇതഃപര്യന്തമുള്ള മാനവചരിത്രത്തില്‍ യാതൊരു പ്രസ്ഥാനത്തിന്റേയും മാനവചരിത്രത്തില്‍ യാതൊരു പ്രസ്ഥാനത്തിന്റേയോ പ്രചരണത്തിന്റേയോ പിന്‍ബലമില്ലാതെ ലോകമെമ്പാടുമുള്ള ചിന്തകരേയും സത്യാന്വേഷികളേയും പ്രചോദിപ്പിച്ച ജിദ്ദു കൃഷ്ണമൂര്‍ത്തിയെ ഒന്നു പരിചയപ്പെടുത്തണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ..

അടിക്കുറിപ്പ്:ഇവിടെ എഴുതിയ പല വരികളും എടുത്തെഴുത്തുക്കള്‍ ആണ്.പദാനുപദ തര്‍ജ്ജമ നടത്താന്‍ ഈയുള്ളവന്‍ വളരെ അശക്തനായതുകൊണ്ടാണ് ഈ സാഹസം ചെയ്യേണ്ടി വന്നത്.പലതും "പുസ്ത്കം" എന്ന മാസികയുടെ ജിദ്ദു കൃഷ്ണമൂര്‍ത്തി പതിപ്പില്‍ നിന്ന്‍.

സ്നേഹപൂര്‍വ്വം
സുമേഷ്.കെ.ആര്‍(SRK)

Tuesday, 12 March 2013

പ്രണയം വെറും പ്രേതം!

അലഞ്ഞു നടന്നൊരു പ്രണയത്തിന്‍ പ്രേതം
എന്നിലാവേശിച്ച് എന്നെ ഞാന്‍ തന്നെ
പ്രണയിക്കുന്നിടത്തെത്തിച്ചിരിക്കുന്നു
പിന്നെ ഞാനെങ്ങിനെ നിന്നെ പ്രണയിക്കും?
വെറുതെ കലഹിക്കാതെയോമലേ..
പ്രണയം വെറും പ്രേതം!


Friday, 1 March 2013

ഈശ്വരനിശ്ചി​തമായ ബന്ധങ്ങള്‍

ഇത് എന്‍റെ ആത്മകഥയല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ..ഇതില്‍ ഞാന്‍ അറിയുന്ന ഒരാളുമില്ല..ഒരു ചെറുകഥയാക്കാന്‍ ശ്രമം നടത്തിയതാണ്.വിജയിച്ചുവെന്ന് തോന്നുന്നുവെങ്കില്‍ പറയുക...
ഇനി വായിക്കുക
സ്നേഹപൂര്‍വ്വം
സുമേഷ്(SRK)
------------------------------------------------------


അച്ഛന്‍ പുതുതായി ഉണ്ടാക്കിയ ആല്‍ബം മറിച്ചു നോക്കുകയാണ്..ഓരോ പേജും സൂക്ഷ്മതയോടെ...ഇതാരാണ് ..ഇതാരാണ് ..എന്ന ചോദ്യം..എന്റെ കൂട്ടുകാരില്‍ പലരും അച്ഛന്റേയും സുഹൃത്തുക്കളാണ്.ചിലര്‍ക്ക് എന്നേക്കാള്‍ കൂട്ട് അച്ഛനോടാണ്.പലരേയും അച്ഛനറിയാം..അറിയാത്തവരെ പറ്റിയാണ് ചോദ്യം..
ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ കേട്ട് തല കുലുക്കുന്ന അച്ഛന്‍.
"ഓ..അവനാണോ?എന്നെ ഫോണില്‍ വിളിക്കുന്നവന്‍..നിനക്കവനെ ഒരു ദിവസം വീട്ടിലേക്ക് വിളിച്ചൂടെ?"
"ഉവ്വ്..അച്ഛനെന്താ്തലശ്ശേരിയില്‍ നിന്ന്‍ അവനെങ്ങിനാ ഇവിടെത്തുക?..ഗള്‍ഫുകാരന് ഒരു മാസമല്ലേ അനുവദിച്ചു കിട്ടുക..അതിനിടയില്‍ നൂറു കാര്യങ്ങള്‍ കാണും..
ഒരു ഫോട്ടോയില്‍ അച്ഛന്‍ പലവട്ടം കണ്ണുടക്കി
തലശ്ശേരിക്കാരന്റെ വീട്ടുകാരുടെ ഫോട്ടോയിലേക്കാണ് ഉറ്റുനോട്ടം..അവന്റെ അമ്മയെ തന്നെ സൂക്ഷിച്ചു നോക്കുന്നു.
“ഇവര്‍?”
"അവന്റെ അമ്മ..അടുത്തു നില്‍ക്കുന്നത് അവന്റെ അമ്മയുടെ അമ്മ"
"എന്താണവന്റെ അമ്മൂമ്മയുടെ പേര്?"
"എനിക്കവന്റെ അമ്മയുടെ പേര് തന്നെ അറിയില്ല..പിന്നെയല്ലേ അമ്മൂമ്മ..അച്ഛനിതെല്ലാം എന്തിനാ തിരക്കുന്നത്?"
"എന്തോ ..എനിക്കിവരെ അറിയാമെന്ന്‍ തോന്നുന്നു.."
"ഉവ്വുവ്വ്..അച്ഛനിവരെ എങ്ങിനറിയാനാണ്? ഈ നാട് വിട്ട് അച്ഛനെങ്ങും പോയിട്ടില്ല..പിന്നെങ്ങിനെയാ അവരെ അറിയുന്നത്?"
"ആരു പറഞ്ഞു ഞാനെങ്ങും പോയിട്ടില്ലാന്ന്‍..എന്റെ ചെറുപ്പത്തിലെ 5 വര്‍ഷങ്ങള്‍ ചെലവഴിച്ച സ്ഥലമാണ് തലശ്ശേരി.."
അച്ഛന്‍ പറഞ്ഞ കഥകളേക്കാള്‍ പറയാത്ത കഥകളായിരുന്നു ബാക്കി..എന്നുണ്ടോ?
"പതിനൊന്നു വയസ്സില്‍ അനാഥനായവനാണ് ഞാന്‍..അന്നു വിശപ്പടക്കാന്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറായിരുന്നു.വീട്ടുപണി ഒഴിച്ച്.പഠിപ്പിച്ച ടീച്ചര്‍മാര്‍ സ്വന്തം മകനായി തന്നെ വിളിച്ചു..പോയില്ല..സ്വന്തമായി പണിയെടുക്കുക എന്നതു മാത്രം ലക്ഷ്യം.ആര്‍ക്കും കടപ്പാടുകളില്ലല്ലോ അപ്പോള്‍"
"തറവാടിത്തം സ്വന്തം നാട്ടില്‍ പണിയെടുക്കാന്‍ സമ്മതിച്ചില്ല.പാറുവേട്ടന്‍ വിളിച്ചതാ.തലശ്ശേരിയിലെ കയറുകമ്പനിയിലേക്ക്.എന്റെ പന്ത്രണ്ടാം വയസ്സില്‍...
എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു..അതിലൊരമ്മയ്ക്ക് എന്നെ വലിയ ഇഷ്ടം..മൂന്നു മക്കളില്‍ നാലാമനായി എന്നെയും കൂട്ടി.."
"നാട്ടിലെ അമ്മാവന്മാരെ കാണാന്‍ വേണ്ടി മാത്രമായ യാത്രകള്‍..വര്‍ഷത്തിലൊരിക്കല്‍ മാത്രം..അവിടെ 5 വര്‍ഷം..ആ അമ്മയുടെ സ്നേഹം..പറഞ്ഞറിയിക്കാന്‍ പറ്റില്ല.."
"പിന്നെന്താ അവിടം വിട്ടത്?.."
"അത്.."അച്ഛന് പറയാന്‍ പറ്റാതെ തൊണ്ടയില്‍ കുരുങ്ങി..
"അക്കൂട്ടത്തില്‍ ഒരു കുഞ്ഞുപെങ്ങളുണ്ടായിരുന്നു..16 കാരനോട് 14 കാരിക്ക് പ്രണയമാണെന്ന്‍ പിന്നീടാണ് മനസ്സിലായത്..അവളെന്റെ കുഞ്ഞുപെങ്ങളായിരുന്നു..അവളെങ്ങിനെ എന്നെ മറ്റൊരു രീതിയില്‍ കണ്ടു എന്ന്‍ മനസ്സിലാകുന്നില്ല."
"ആ അമ്മയുടെ മുഖഛായ..ഇവന്റെ അമ്മയ്ക്ക്.."
അച്ഛന്‍ പഴയ പതിനാറുകാരനാകുന്നു.61-ആം വയസ്സില്‍..ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ!ഓരോ മനുഷ്യന്റേയും ഉള്ളറകളില്‍ സൂക്ഷിച്ചു വെയ്ക്കുന്ന വേദനകള്‍ എപ്പോളാണ് പുറത്തു വരുന്നത് എന്നാര്‍ക്കറിയാം?അതിനൊരു നിമിത്തമുണ്ടായിരിയ്ക്കാം..
അന്നു തന്നെ ദേവേഷിനെ ഞാന്‍ വിളിച്ചു..
"നിന്റെ അമ്മയുടെ പേരെന്താണ്?"
"സുധ.."
അമ്മൂമ്മയുടെ..
"വിലാസിനി.."
"നിനക്കെന്താ പെട്ടെന്നിതെല്ലാം ചോദിക്കാന്‍?"
"ഒന്നുമില്ല ,പിന്നീട് പറയാമെടാ.."
അവനത്ഭുതപ്പെട്ടുകാണും.രാത്രി ഉറങ്ങാന്‍ നേരം അങ്ങിനെ ഒരു പേരു തിരക്കല്‍..
"അച്ഛനോട് പേരുകള്‍ വീട്ടുപേരെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ കണ്ട തിളക്കം...
"ഇതവര്‍ തന്നെ!"...അച്ഛന്‍ ആത്മഗതം ചെയ്തു..
"മോനൂ..നമുക്ക് അവിടെ നാളെ തന്നെ പോകണം.."
"എവിടെ..?തലശ്ശേരിയിലോ?എന്തേ ഇത്ര പെട്ടെന്ന്‍ ഒരു തോന്നല്‍?"
"എനിക്കവിടെ പോകണം..നാളെ തന്നെ.."
ഒരു കൊച്ചുകുട്ടിയുടെ പിടിവാശി അച്ഛനില്‍ ദൃശ്യമായി..
"പോകാമച്ഛാ..നാളെ തന്നെ.."
രാത്രി ഉറക്കത്തില്‍ നിന്ന്‍ ദേവേഷിനെ വിളിചെണീല്‍പ്പിച്ചു..
"നാളെ ഞങ്ങളങ്ങോട്ട് വരുന്നു.."
"എന്ത്..നാളെയോ? ഇതു സര്‍പ്രൈസ് ആണല്ലോ.."
"ഇത്തവണ അച്ഛനുമുണ്ട്.."
"ഓ..യുവര്‍ ഗ്രേറ്റ് ഫാദര്‍..എനിക്ക് നേരില്‍ കാണാമല്ലോ.."..ദേവേഷിന്റെ സന്തോഷം ഒന്നു വേറെ തന്നെ..
എന്റെ അച്ഛന്‍ എന്റെ അഭിമാനമാണ്..എന്നും..അനാഥത്വത്തില്‍ നിന്ന്‍ വളര്‍ന്നുവന്ന അച്ഛന്‍ എല്ലാവര്‍ക്കും മാതൃക ആണ്.എല്ലാമുണ്ടായിട്ടും ഒരു ചെറിയ പ്രശ്നമുണ്ടാകുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക്..ശുഭചിന്തയുടെ കാവല്‍ക്കാരനായ,ദൃഢനിശ്ചയത്തിന്റെ,സ്ഥിരോത്സാഹത്തിന്റെ മൂര്‍ത്തീഭാവമായൊരു അച്ഛന്റെ മകനായതില്‍ ഞാനെന്നും അഭിമാനിക്കുന്നു.
എന്റെ അറുബോറന്‍ കഥകളില്‍ ബോറടിക്കാത്ത ഒരു കഥയായി അവര്‍ കേള്‍ക്കുന്നത് അച്ഛനെ പറ്റിയുള്ള കഥകളാണ്..എന്നും ദേവേഷ് പറയും..
"ഹേയ്..ദിസ് ടൈം..ഷുവര്‍..ഐ വില്‍ കം റ്റു യുവര്‍ പ്ലെയ്സ്. ഐ വാന്റ് റ്റു മീറ്റ് യുവര്‍ ഗ്രേറ്റ് ഫാദര്‍..മിസ്റ്റര്‍ അരവിന്ദാക്ഷന്‍"..
"ഉവ്വുവ്വേ..നീ എത്ര തവണ പറഞ്ഞിരിയ്ക്കുന്നു..നടന്നതു തന്നെ..നീയും നിന്റെ ഇംഗ്ലീഷും..ഒന്നു പോടേയ്.."
എന്തായാലും രണ്ട് ദിവസം കഴിഞ്ഞു ദേവേഷ് ഇങ്ങു വരാമെന്ന്‍ പറഞ്ഞതാണ് ..അപ്പോളാണ് അച്ഛന്റെ ഒരു തോന്നല്‍..
ഉറങ്ങിതുടങ്ങിയ ഭാര്യയെ വിളിച്ചുണര്‍ത്തി..
"നാളെ നമുക്കൊരിടം വരെ പോകണം..."
"എവിടേക്ക്?"
"ദേവേഷിന്റെ വീട്ടില്‍.."
"എന്താ പെട്ടെന്നിങ്ങനെ തോന്നാന്‍?"
"അച്ഛന്‍ വാശി പിടിക്കുന്നു.."
"അതെന്തിനാ.."
"എന്തായാലും നമ്മള്‍ നാളെ പോകുന്നു.."
"ഓ..ഞാന്‍ ജമാലിക്കയെ വിളിക്കട്ടെ.."
പാതിരാക്ക് ജമാലിക്ക ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ മുറുമുറുക്കുന്നു..എന്തായാലും രാവിലെ എത്താമെന്നേറ്റു..
രാവിലെ തന്നെ അച്ഛന്‍ റെഡി...ആദ്യമായി സ്കൂളില്‍ പോകുന്ന കൗതുകത്തോടെ ആകാംക്ഷയോടെ ഉള്ളൊരു ഇരിപ്പ്..കുറച്ചുനേരം ഇരിക്കുന്നു..പിന്നെ എണീറ്റ് നടക്കുന്നു..പിന്നെയു ഇരിക്കുന്നു..എനിക്ക് ചിരി പൊട്ടി..
"എന്തുവാടാ..ഇളിക്കുന്നേ?.."
"ങ്ഹും.."ഞാന്‍ തോള്‍ കുലുക്കി..
"നിന്നോട് ഞാനെത്ര തവണ പറഞ്ഞിരിക്കുന്നു ഇങ്ങിനെ തോള്‍ കുലുക്കരുതെന്ന്‍.."
അച്ഛന്‍ തല്ലാനോങ്ങിവരുന്നു...
ഞാനോടിമാറി..അച്ഛനിപ്പോളും ഞാന്‍ കൊച്ചുകുഞ്ഞെന്ന ഭാവം..
ചെറുപ്പത്തിലേ ഉള്ള എന്റെ സ്വഭാവം അച്ഛനെത്ര ശാസിച്ചിട്ടും അതു മാറിയില്ല..
എന്റെ മക്കള്‍ ഓടി വന്നു അച്ഛന്റെ കയ്യില്‍ പിടിച്ചു
"അച്ചാച്ചാ..മുറുകെ പുണരുന്ന കുട്ടികള്‍..
അച്ഛനെന്നെ അഭിമാനത്തോടെ നന്ദിസൂചകമെന്നോണം നോക്കുന്നു..
നീയല്ലേ ഈ സൗഭാഗ്യം എനിക്ക് തന്നതെന്ന മട്ടില്‍..
ജമാലിക്ക വന്നു..എന്താണിത്ര അത്യാവശ്യമായ യാത്ര എന്ന മട്ടിലുള്ള വരവ്..
യാത്രയില്‍ കൗതുകത്തോടെ ഇരുന്ന്‍ ഇരുവശവും നോക്കുന്ന അച്ഛന്‍..
പണ്ട് പുഴയില്‍ കടത്തു കടന്ന ഇടങ്ങളിലെല്ലാം പാലം വന്നിരിയ്ക്കുന്നു..വലിയ കെട്ടിടങ്ങള്‍ നിറഞ്ഞ പാതയോരങ്ങള്‍..തിരക്കു പിടിച്ച പാതകള്‍.വഴി നിറഞ്ഞ കാറുകള്‍ ബസുകള്‍..
മോള്‍ അച്ഛന്റെ മടിയില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്നു.അവള്‍ക്ക് അച്ഛനെ കഴിഞ്ഞേ ആരും വേണ്ടൂ..അവിടെ ഇരുന്ന്‍ എന്നോടാ ചോദ്യം
"അച്ഛാ ..എവിടേക്കാ നമ്മള്‍ പോണേ?!"
"ഒരിടത്തേക്ക്.."
"ദേവേഷ് മാമന്റെ അടുത്തേക്കോ?"
"ഉം.."ദേവേഷ് എന്റെ കുടുംബാംഗമായി എന്നേ മാറിയിരിയ്ക്കുന്നു..
എന്റെ സുഖദുഃഖങ്ങളില്‍ എല്ലാം അവനുണ്ട്.അനിതരസാധാരണമായ ഒരു സ്നേഹം.അതെങ്ങിനെ സംഭവിച്ചു എന്നത് അത്ഭുതമാണ്.ഒരേ മനസ്സുകള്‍ കണ്ടുമുട്ടുന്ന അപൂര്‍വ്വ നിമിഷം.
ദേവേഷ് തലശ്ശേരിയില്‍ കാത്തു നില്‍പുണ്ട്..അച്ഛന്‍ പണ്ടൊരിക്കല്‍ കണ്ട ഒരിടത്തെ കൗതുകത്തോടെ നോക്കുന്നു..ആകെ മാറിയ ഒരിടം..തനിക്ക് വാര്‍ധക്യമായപ്പോള്‍ തലശ്ശേരിക്ക് യൗവ്വനമാണോ കാലം സമ്മാനിച്ചതെന്ന അത്ഭുതമാണോ അച്ഛന്?!
തലശ്ശേരിയില്‍ നിന്ന്‍ കുറേ ഉള്ളിലേക്ക് മാറിയുള്ള സ്ഥലം..പ്രകൃതിരമണീയമായ ആ നാടും നല്ലവരായ നാട്ടുകാരും കുറേ രാഷ്ട്രീയക്കൊലകളുടെ പേരില്‍ നിത്യവും അപമാനിക്കപ്പെടുന്നു.എന്തിനുവേണ്ടി?!ആര്‍ക്കറിയാം കൊല്ലുന്നതു തന്നെ പലര്‍ക്കും ആനന്ദമാകുമായിരിയ്ക്കും..ദേവേഷാണ് തലശ്ശേരിയെ പറ്റിയുള്ള പേടി മാറ്റിയത്..അവന്‍ തന്ന സ്നേഹം മാത്രം.പഴയ ഒരു വീടും പൂമുഖവും അങ്ങിനെ തന്നെ നിറുത്തിയിരിയ്ക്കുന്നു..അതിനോട് ചേര്‍ന്ന്‍ ദേവേഷിന്റെ ഗള്‍ഫ്പണക്കൊഴുപ്പ് നിറഞ്ഞ ഭവനം.ഭാഗംവെപ്പ് കഴിഞ്ഞപ്പോള്‍ ദേവേഷിന്റെ അമ്മയ്ക്കാണ് അമ്മൂമ്മയുടെ വീട് കിട്ടിയത്..
ആ വീട് കണ്ടതും അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.എന്താ പറ്റിയത് എല്ലാവര്‍ക്കും പകപ്പ്..മോള്‍ അച്ചാച്ചന്റെ ആടിയില്‍ പിടിച്ച് ചോദിക്കുന്നു..
"എന്തേ?"..
"ഒന്നുമില്ല.."..
"സുധേ...നീ എന്നെ അറിയുമോ?"...
പകച്ചുനോക്കുന്ന ദേവേഷിന്റെ അമ്മ...
ദേവേഷിന്റെ കൂട്ടുകാരന്റെ അച്ഛന്‍!..അതില്‍ കവിഞ്ഞെന്താ?അതായിരുന്നു അവരുടെ ഭാവം..
"ഞാന്‍ അരവിന്ദാക്ഷന്‍ ആണ്..പണ്ടിവിടെ..അഞ്ചു വര്‍ഷം ഞാനുണ്ടുറങ്ങിയിട്ടുണ്ട്.."
അവര്‍ സ്ത്ബ്ധയായി നില്‍ക്കുന്നു..
പിന്നെ അകത്തു നിന്ന്‍ ദേവേഷിന്റെ അമ്മൂമ്മയെ വിളിച്ചുകൊണ്ടുവന്നു..ഇപ്പോളും 85 വയസ്സിലും കരുത്തോടെ നടക്കുന്ന അമ്മൂമ്മ...
"ഇതെന്റെ അരുമോന്‍ തന്നെ.."അച്ഛന്റെ നെറ്റിയിലെ ഒരു പാട്..അതൊരടയാളമായിരുന്നു..ഏതോ ജന്മബന്ധത്തിലെ അമ്മയും മകനും കണ്ടുമുട്ടിയ പോലെ.
കളഞ്ഞുകിട്ടിയ മകനെ കിട്ടിയ ഒരമ്മയുടെ സന്തോഷം..അപ്പോളും ആ അമ്മയ്ക്ക് അജ്ഞാതമായിരുന്നു.അച്ഛന്റെ ഒളിച്ചോട്ടം..
"എന്നാലും നിനക്കെങ്ങിനെ മനസ്സു വന്നു എന്നെ വിട്ടുപോകാന്‍?"
പണിയെടുക്കുമ്പോള്‍ തന്നെ പഠിപ്പിക്കാനും മറന്നിട്ടില്ലായിരുന്നു ആ അമ്മ..അച്ഛന്റെ നിറഞ്ഞ വായന ആ അമ്മയുണ്ടാക്കികൊടുത്തതായിരുന്നു...
"അതു ഞാന്‍.."ദേവേഷിന്റെ അമ്മ വിതുമ്പിയത് പെട്ടെന്നായിരുന്നു..
"എന്തിനാ അതെല്ലാം പറയുന്നേ.."അച്ഛന്‍ വിലക്കി..
എങ്കിലും അവര്‍ പറഞ്ഞു..
"ഞാന്‍ പറഞ്ഞൊരു ഇഷ്ടത്തിന്റെ പേരില്‍..."അവര്‍ പാതിയില്‍ നിറുത്തി..
"ഇവള്‍ക്കെന്നെ ആങ്ങളയായി കരുതാന്‍ വയ്യായിരുന്നു.എനിക്കങ്ങിനെയല്ലാതെ കാണാനും വയ്യ.എനിക്ക് പിന്നെ മറ്റെന്തു വഴി?"
വ്യത്യസ്തമായ ഒരു കഥയുടെ സാക്ഷിയായി ഞങ്ങള്‍ കുറച്ചു പേര്‍..എന്റെ മക്കള്‍ ദേവേഷിന്റെ മക്കളുമായി കളികള്‍ തുടങ്ങിയിരുന്നു..ദേവേഷിന്റെ അമ്മൂമ്മ അച്ഛനെ മുറുകെ കെടിപ്പിടിച്ചുറക്കെ കരഞ്ഞുകൊണ്ടിരുന്നു ..എന്തിനായിരുന്നു അത്?
ഇന്നും എന്റെ അച്ഛന്റെ വീടായി..തലശ്ശേരിയിലെ ആ വീട്ടില്‍ ഞങ്ങള്‍ പോകുന്നു..
വ്യത്യസ്തമായ ബന്ധങ്ങളുടെ കെട്ടുറപ്പുമായി.ദേവേഷെന്റെ അനുജനായി കൂടെയുണ്ട് എതൊരു ആപത്ഘട്ടത്തിലും ഓടിയെത്താന്‍ തയ്യാറായികൊണ്ട്..
എല്ലാം ഈശ്വരനിശ്ചിതമായ ബന്ധങ്ങള്‍ അല്ലേ?!അല്ലാതെന്താ പറയുക?
...............******************........................