കുറെ കാലം മുന്‍പ് ഗുരുവായൂരപ്പനോട് മാത്രമായി ഞാന്‍ സങ്കടങ്ങള്‍ പറഞ്ഞ ഒരു കാലമുണ്ടായിരുന്നു...അന്ന് പതിവു പോലെ ഗുരുവായൂര്‍ ക്ഷേത്രം...കാലത്തേ തന്നെ തിരക്കിലാണ്..അന്നു തൊഴുവാനൊക്കില്ലെന്ന് എനിക്കുറപ്പായി..വെണ്ണയും പഴം പഞ്ചസാര വഴിപാട് നടത്തി പുഷ്പാഞ്ജലിക്കുള്ള വഴിപാട് രസീതു വാങ്ങി..വടക്കെ നടയിലെ സെക്യൂരിറ്റിയോട് ചെന്നു ചോദിച്ചു ഞാനൊന്നു പ്രസാദം വാങ്ങിക്കോട്ടെ ..
“തൊഴുതോ?”...
“ഇല്ല..”
“എങ്കില്‍ തൊഴുതിട്ട് പ്രസാദം വാങ്ങിക്കോളൂ്” എന്ന സൌജന്യം അനുവദിച്ചു..
പിറകില്‍ ക്യൂവില്‍ നില്‍ക്കുന്ന അണ്ണാച്ചികള്‍ ഉറക്കെ മുറുമുറുക്കുന്നു..
“കേരളത്തുകാരനാ.. അതിനാലേ..പാത്തിയാ..മുന്നാടി ഏത്തിവിട്റാങ്ക..”
ഉള്ളില്‍ കണ്ണനെ കാണാനുള്ള ഉത്സാഹമാണ്..എന്താണവിടേക്ക് എന്നെ വീണ്ടും വീണ്ടും നയിച്ചിരുന്നത് എന്നത് എനിക്കജ്ഞാതമാണ്..അവിടെ പോകുന്നത് മനസ്സിന് വല്ലാത്തൊരുന്മേഷം തന്നിരുന്നു..മറ്റുള്ളവരുടെ ഭക്തി ആയിരിയ്ക്കാം,,ചിലര്‍
“എന്‍റെ കൃഷ്ണാ..എന്നു അലമുറയിട്ട് കരയുന്ന കാണാം...” അതില്‍ ആണ്‍പെണ്‍ പ്രായഭേദം ഒന്നുമില്ല...ചിലര്‍ സാഷ്ടാംഗം വീഴുന്നു..ശയനപ്രദക്ഷിണം ചെയ്യുന്നു..എന്തൊക്കെ പറഞ്ഞാലും നിറഞ്ഞ ഭക്തിയുടെ അന്തരീക്ഷമാണ് അവിടം എന്നും...കുറെയധികം ഉണ്ണികളെ കാണാം..ഗുരുവായൂരപ്പന്‍റെ അനുഗ്രഹത്താല്‍ പിറന്നതെന്ന് ഭക്തര്‍ കരുതുന്ന ഉണ്ണികള്‍!ഗുരുവായൂരില്‍ പോകുമ്പോള്‍ എന്‍റെ ഒരു പ്രിയസുഹൃത്തിനെ കൂടെ കാണുക എന്നത് എന്‍റെ ഒരു ചര്യ തന്നെ ആയിരുന്നു..കളഭം വാങ്ങിച്ചുവരിക അതു നെറ്റിയില്‍ തൊടുക..അതൊരു അടയാളമായിട്ടല്ല..ആ ചന്ദനക്കുറി..നെറ്റിയില്‍ തരുന്ന തണുപ്പിന്..എന്തോ അമ്മ തരുന്ന കൈതണുപ്പിന് തുല്യമായ ഒരു സുഖമുണ്ട്..
എത്ര നേരം ക്യൂവില്‍ നിന്നാലാണ് കണ്ണനെ കാണാനൊക്കുക..മണിക്കൂറുകള്‍ നിന്ന നില്പ് നില്‍ക്കണം ഒന്നിരിയ്ക്കാനോ വിശ്രമിക്കാനോ ഉള്ള സൌകര്യം അവിടെയില്ല..ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒന്നിരിയ്ക്കാനുള്ള സൌകര്യമുണ്ടാക്കാവുന്നതേയുള്ളൂ..ഇത്രയധികം വരുമാനം കിട്ടിയിട്ടും ആളുകള്‍ക്ക് കുറച്ച് കരിങ്ങാലി വെള്ളം ക്യൂവില്‍ നില്‍ക്കുമ്പോള്‍ കൊടുക്കാവുന്ന ഒരു സംവിധാനം അവിടെയില്ല..ഒരു മൂലക്കെവിടെയോ ഒരു സംവിധാനമുണ്ടെങ്കിലും അതാരും കാണാറില്ലെന്നതാണ് വാസ്തവം...(പിന്നെ വെറുംവയറ്റില്‍ വേണം ദര്‍ശനം എന്ന് ശഠിക്കുന്നവര്‍ ഉണ്ട് ഇത്ര നേരം ക്യൂവില്‍ നില്‍ക്കുമ്പോള്‍ അത് പ്രായോഗികം ആണോ ?) മഴക്കാലമായാല്‍ വളരെ കഷ്ടമാണ്..വയസ്സായവര്‍ തണുത്തു നനഞ്ഞ പ്രതലത്തില്‍ ചവിട്ടി നില്‍ക്കണം..പലതും പ്രതിവിധി ആയി ചെയ്യാനൊക്കും
പക്ഷേ മനസ്സ് വേണമെന്ന് മാത്രം.”
ഇതെല്ലാം പറഞ്ഞത് സംഭവത്തിലേക്ക് വരാനാണ്...എന്‍റെ തൊട്ടു മുന്‍പില്‍ ഒരു രണ്ടു വയസ്സുകാരന്‍ അമ്മയുടെ തോളത്തിരുന്നു ചിണുങ്ങുന്നു..ചിണുങ്ങല്‍ പതുക്കെ പതുക്കെ ഉറക്കെയുള്ള കരച്ചില്‍ ആയി..അമ്മ ആശ്വസിപ്പിക്കുന്നുണ്ട്
“കരയല്ലേ..ഇപ്പോള്‍ തന്നെ പുറത്തിറങ്ങാം..ഇത്ര നേരം നിന്നതല്ലേ മോനൂട്ടാ..തൊഴുതിട്ട് പുറത്തിറങ്ങാം..”
അവനുണ്ടോ കരച്ചില്‍ നിറുത്തുന്നു..കരച്ചില്‍ തന്നെ കരച്ചില്‍..അന്നു ഉദയാസ്തമന പൂജയുണ്ട് നട ഇടയ്ക്കിടെ തുറക്കുന്നു അടയ്ക്കുന്നു...
എനിക്കപ്പോള്‍ മനസ്സില്‍ തോന്നി..കുഞ്ഞ് കരയുന്നത് വിശന്നിട്ടാവും..കയ്യിലുള്ള പഴത്തില്‍ ഒന്നെടുത്ത് അവനു നീട്ടി..വേണ്ടെന്ന് അവന്‍ തലയാട്ടി..അവന്‍റെ അമ്മ പറഞ്ഞു..”മേടിച്ചോ..”..കൈ നീട്ടി അവനതു വാങ്ങി...നിമിഷനേരം കൊണ്ടാ പഴം കഴിച്ചു തീര്‍ന്നു....അത്രയും വിശപ്പായിരുന്നു അവന്.അതുകണ്ട് അടുത്ത പഴവും എടുത്തുകൊടുത്തു..വിശപ്പടങ്ങി അവന്‍റെ കരച്ചിലും നിന്നു...അവന്‍റെ അമ്മ എന്നെ നന്ദിസൂചകമായി നോക്കി ചി്രിച്ചു...
ഭംഗിയായി തൊഴുതു പുറത്തിറങ്ങുമ്പോള്‍..കുഞ്ഞിന്‍റെ മുത്തശ്ശന്‍ ഉറക്കെ പറയുകയാണ്.. ”എവിടെ ആ ആള്‍?ഒന്നു നന്ദി പറയാനൊത്തില്ലല്ലോ!”..
ഇതു പറയുമ്പോള്‍ ഞാന്‍ അവരുടെ തൊട്ടും പിറകിലുണ്ട്...
“കൃഷ്ണാ നീ തന്നെയാണീ പഴം കൊണ്ടു തന്നത്..എന്‍റെ മോന് അനുഗ്രഹം കിട്ടീതാ അതും ഗുരുവായൂരപ്പന് നേദിച്ച പഴം...”
എന്നെ ഇരുത്തി ചിന്തിപ്പിച്ച സംഭവം..ചെയ്തതു ഞാന്‍..പറയുന്നു അതു കൃഷ്ണന്‍ തന്നതാണെന്ന്!അപ്പോള്‍ നമുക്കു ചുറ്റുമുള്ളവരൊക്കെ തന്നെയല്ലേ കൃഷ്ണന്‍!നമുക്ക് നന്മ ചെയ്യുന്നവന്‍!നമ്മെ സ്നേഹിക്കുന്നവര്‍!
ഇതു തന്നെയാണ് സത്യം അല്ലേ?ഈ സംഭവം നടക്കുന്നതിന് മുന്‍പ് തന്നെ ശിവരാം കാരന്തിന്‍റെ ഒരു ലേഖനം മലയാളത്തില്‍ തര്‍ജ്ജമ ചെയ്തത് വായിക്കാനിടയായി..അതിലെ സാരസ്യം എടുത്തെഴുതട്ടെ!...കൃഷണനെന്ന് നാം പറയുമ്പോള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന സുന്ദരനായ ഒരു കുട്ടിയുടേയോ..പുരുഷന്‍റേയോ..കുസൃതികള്‍ നിറഞ്ഞ നമുക്ക് പരിചയമുള്ള ഒരാളുടേയോ രൂപമായിരിയ്ക്കും..അല്ലെങ്കില്‍ ആരോ വരച്ച സുന്ദരമായ ഒരു ചിത്രമായിരിയ്ക്കും...അതേതൊരു ദൈവത്തെ സംബന്ധിച്ചും അങ്ങിനെ അല്ലേ ?രവിവര്‍മ്മയാണ് ഹിന്ദുദൈവങ്ങള്‍ക്ക് ഇന്നു കാണുന്ന രൂപം കൊടുത്തതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്..അല്ലെങ്കില്‍ തന്നെ ഈ വിഗ്രഹാരാധനയുടെ ആവശ്യമുണ്ടോ?ഇതിനുത്തരം തന്നത് വിനോബാബാവെ ആയിരുന്നു...
“കണക്കില്‍ നമ്മള്‍ “ബിന്ദു” എന്നതിന് എന്തു നിര്‍വചനം കൊടുക്കുന്നത്?അതിന് സ്ഥാനമോ വലിപ്പമോ..ഇല്ലെന്നൊക്കെയാണ്.എന്നിട്ടും നാമതിന് ഒരു കുത്തിട്ട് “A” എന്ന് പേര്‍ കൊടുക്കുന്നു..അപ്പോള്‍ രേഖാഖണ്ഡമോ?അനേകം ബിന്ദുക്കള്‍ ചേര്‍ന്നത്..അതിനും അത്തരത്തില്‍ പേര്‍ കൊടുക്കുന്നു ഒരു ത്രികോണത്തിനും പേര്‍ കൊടുക്കുന്നു..അങ്ങിനെ ഒന്നുമില്ലെന്ന് പറയുന്ന ചിലതില്‍ നിന്ന് പലവിധരൂപങ്ങള്‍ നമ്മള്‍ സങ്കല്പിച്ചെടുക്കുന്നില്ലേ..അതു തന്നെയാണ് വിഗ്രഹാരാധനയുടെ സത്തയും.. ” എന്തു നല്ല ഉത്തരം അല്ലേ?
ഇനി ഇത്തരത്തില്‍ ഒരു സംഭവം കൂടെ പറയാം..എന്‍റെ ഒരു സുഹൃത്തിന് ഗള്‍ഫില്‍ വെ്ച്ച് ചിക്കന്‍പോക്സ് പിടിച്ചു..ഒറ്റയ്ക്കാണ് കക്ഷിയുടെ താമസം..ആരും ശ്രദ്ധിക്കാനില്ലാതെ തന്‍റെ മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം സഹായത്തിനാരുമില്ലാത്തെ തളര്‍ന്നു പോയി..എങ്ങ് നിന്നോ എന്ന വണ്ണം ഒരാളവിടെ വന്നു മുറി തുറന്നു നോക്കി..അര്‍ദ്ധബോധത്തില്‍ കിടന്ന ഇദ്ദേഹത്തെ വന്ന ദേഹം ആശുപത്രിയില്‍ കൊണ്ടു പോയി..പോകുന്ന വഴിക്ക് എന്‍റെ കൃഷ്ണഭക്തന്‍ കൂടെയായ സുഹൃത്ത് പേര്‍ തിരക്ക് അയാള്‍ പറഞ്ഞ പേര്‍ കേട്ട് അവന്‍ രണ്ടു വട്ടം കൂടെ ചോദിച്ചു..ഉത്തരം ഒന്നു തന്നെ
“കൃഷ്ണന്‍!” എന്‍റെ സുഹൃത്തിന്‍റെ കണ്‍ നിറഞ്ഞത്രേ!..അതെ കൃഷ്ണന്‍ തന്നെയാണ് അയാളുടെ രൂപത്തില്‍ വന്നതെന്ന് അവന്‍ ഇപ്പോഴും വിശ്വസിക്കുന്നു..
ഇത്തരം അനുഭവങ്ങള്‍ എന്നെ മറ്റൊരു വിശ്വാസത്തിലേക്ക് കൂട്ടികൊണ്ടുപോയി എന്നതാണ് സത്യം..വിഗ്രഹ്ത്തിന്‍റെ ആവശ്യം എനിക്കുണ്ടോ?”ഇല്ല” എന്ന ഉത്തരത്തിലേക്കെത്താന്‍ താമസമൊന്നുമുണ്ടായില്ല...പരമമായ ഒരു സത്യത്തില്‍..പലര്‍ തരുന്ന അനുഭവങ്ങള്‍..സ്നേഹം..കരുതല്‍..എല്ലാവരിലും കൃഷ്ണാംശം കാണാന്‍ തുടങ്ങി..ചിലരുടെ കുസൃതികള്‍ ഇതാണ് കൃഷ്ണന്‍ എന്ന് എന്നില്‍ തോന്നിപ്പിച്ചിരുന്നു... എന്നത് വാസ്തവം തന്നെയാണ്.. പിന്നെ പിന്നെ ഒട്ടനവധി കള്ളനാണയങ്ങളും അക്കൂട്ടത്തിലുണ്ടാവാറുണ്ട്..ചിലര്‍ കാണിക്കുന്ന സ്നേഹത്തിന് പല ഉദ്ദേശ്യങ്ങളും ഉണ്ട്..പലര്‍ക്കും പലതരത്തില്‍ ആണെന്ന് മാത്രം..എങ്കിലും ഓരോ കുഞ്ഞും കൃഷ്ണന്‍റെ പ്രതിരൂപമായി തോന്നുന്നു.ഓരോ സുഹൃത്തും കൃഷ്ണരൂപമായി തോന്നുന്നു..ഇതെല്ലാം ഓരോ ഭ്രാന്തെന്ന് പറയാം അല്ലേ! എങ്കിലും ഓരോ മനുഷ്യനും ഈശ്വരാംശം ആണെന്ന് വിശ്വിക്കാനാണിഷ്ടം..അപ്പോള്‍ തന്നെ ആസുരചിന്തകളും ദൈവികമല്ലേ..ശരിയാണ്..എല്ലാം നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നടക്കില്ലല്ലോ!എല്ലാം ദൈവമെന്ന് പറയുമ്പോള്‍ ചീത്തയെന്ന് നാം കരുതുന്നതും ദൈവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ പെട്ടതല്ലേ ?ആണെന്നാണ് എന്‍റെ ഉറച്ച വിശ്വാസം..
എങ്കിലും നമ്മളിഷ്ടപ്പെടുന്നത് ലഭിക്കുമ്പോള്‍ കൃഷ്ണന്‍..അല്ലെങ്കില്‍ കംസന്‍!...ഒരാള്‍ നമ്മോട് കംസനെ പോലെ പെരുമാറുമ്പോള്‍ കൃഷ്ണനാകുക അല്ലേ?അതേ ഉള്ളൂ പ്രതിവിധി!നമ്മള്‍ അര്‍ജ്ജുനനെ പോലെ തല കുനിച്ചു നില്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കൃഷ്ണന്‍ വരും നമുക്ക് നല്ല ഉപദേശങ്ങളുമായി.ഒരാള്‍ അര്‍ജ്ജുനനായി നില്‍ക്കുമ്പോള്‍ നാം കൃഷ്ണനാകുക ...ഇതല്ലേ ശരി?! നിങ്ങള്‍ തന്നെ തീരുമാനിച്ചുകൊള്ളൂ...
ഇന്നാകട്ടെ ഗുരുവായൂരമ്പലം അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരിടമാണ്..അവിടെ അതിനനുസരിച്ച് തിരക്കുമേറിയിട്ടുണ്ട്..ഇപ്പോള്‍ അവിടെ കുറച്ചു കാറ്റും വെളിച്ചവുമൊക്കെ കടക്കുന്ന അവസ്ഥ ആയിട്ടുണ്ട്..എന്തെങ്കിലും ഒന്നു സംഭവിച്ചാല്‍ അവിടെ എത്തിച്ചേരാവുന്ന അവസ്ഥ ഉണ്ട്..ഇതൊക്കെ ചെയ്തവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു..
എനിക്കവിടെ പോകാന്‍ തോന്നാറില്ല...അതു ഗുരുവായൂര്‍ സത്യഗ്രഹത്തെ പറ്റിയെല്ലാം വായിച്ചപ്പോള്‍ ആണ്..”പണ്ട് ഞാനവിടെ കേറിയാല്‍ കൃഷ്ണന് തീണ്ടല്‍ ആയിരുന്നു..ഇന്നു ഞാന്‍ കേറിയാല്‍ തീണ്ടലില്ല..പലയിടത്തും ആ ജാതിയുടെ മുദ്രകള്‍ ഗുരുവായൂരില്‍ കാണാനൊക്കും...ഇന്ന് പല ചെറുപ്പക്കാരും തനിക്കൊപ്പം തന്‍റെ ജാതിപേര്‍ ചേര്‍ക്കുന്ന പ്രവണത കണ്ടുവരുന്നു..മുന്‍പ് കുടുമയും പേരിന്‍റെ വാലും മുറിച്ചു കളഞ്ഞവരുടെ പിന്മുറക്കാര്‍ ജാതിഭ്രമത്തിന് പിന്നാലെ ആയതെന്തുകൊണ്ടായിരിയ്ക്കും?!
അപ്പോള്‍ ഗുരുവായി ഉണ്ടാക്കിയെടുത്ത ക്ഷേത്രങ്ങളില്‍ പോകാമെന്നു വെച്ചു...എവിടെയും അനാചാരങ്ങളുടെ കൊടുവള്ളികള്‍ പടരുന്നതായാണ് തോന്നിയത്..പോയതെല്ലാം തിരിച്ചുവരികയാണല്ലോ എന്ന് ഗുരു പരിതപിച്ചത് വെറുതെയല്ല.എനിക്ക് വല്ലാത്തെ ദുഃഖം തോന്നി..ഒരു കൃഷ്ണത്തുളസികതിരോ തെച്ചിയോ ഒന്നും അമ്പലമുറ്റത്ത് നട്ട് വളര്ത്താന്‍ ആര്‍ക്കും വയ്യ..പൂക്കടയില്‍ നിന്ന് കിട്ടുന്ന വിഷാംശമുള്ള പൂ പ്രസാദത്തിനിടയില്‍ കടിച്ച് എനിക്ക് കയ്പനുഭവപ്പെട്ടു..ഭക്തി സ്ഥാപനവല്‍ക്കരിക്കുകയും ആള്‍ദൈവങ്ങള്‍ വളരുകയും ചെയ്യുന്ന അവസ്ഥ ധനസമ്പാദനം മാത്രം ലക്ഷ്യം വെച്ചുള്ള മഠങ്ങള്‍..നാരായണഗുരു ഉദ്ദേശിച്ച ഔന്നത്യത്തിലേക്ക് ആരും വന്നില്ലെന്ന് പറയേണ്ടിയിരിയ്ക്കുന്നു...നമ്മള്‍ ഒരുപാട് കാലം പുറകിലേക്ക് പോകുന്നു..വയലുകളാല്‍ ചുറ്റപ്പെട്ട് കിടന്ന ഗ്രാമദേവതകള്‍..എല്ലാം നഷ്ടപ്പെട്ട് വെറും കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില് കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറുന്ന അവസ്ഥയും കാ്ണാം...അമ്പലങ്ങള്‍ നമ്മുടെ സംസ്കൃതിയുടെ കൂടെ ഭാഗമാണ് അത് സംരക്ഷിക്കപ്പെടേണ്ടത് അവശ്യം തന്നെയാണ്...
വിഗ്രഹാരാധന ശരിയല്ലെന്നും അതെല്ലാം തകര്‍ക്കപ്പെടേണ്ടതാണെന്നും പറയുന്നവര്‍ പറഞ്ഞോട്ടെ...ദൈവമില്ലെന്ന് പറയുന്നവര്‍ അതു പറഞ്ഞോട്ടെ..മനുഷ്യന്‍ എന്തിലെങ്കിലും ആശ്വാസം കൊള്ളട്ടെ...മറ്റുള്ളവരെ ദ്രോഹിക്കാതെ അവനവനിഷ്ടമുള്ള വിശ്വാസം കൊണ്ടുനടക്കട്ടെ! എല്ലാവര്‍ക്കും നന്മ ഉണ്ടാകട്ടെ...മനസ്സിന് സമാധാനം ഉണ്ടാകട്ടെ..എല്ലാവരിലും കൃഷ്ണനെ കാണാന്‍ നമുക്കാവട്ടെ...പാവങ്ങളീല് ക്രിസ്തുവിനെ കണ്ട മദര് തെരെസ നമുക്ക് മാതൃക ആകട്ടെ..
സ്നേഹപൂര്‍വ്വം
സുമേഷ്.കെ.ആര്‍(SRK)