Saturday, 23 March 2013

എന്റെ ഇഷ്ട മൂര്‍ത്തി


അറിവിന്‍ വെളിച്ചമേ,
ദൂരെപ്പോ,ദൂരെപ്പോ!നീ
വെറുതെ സൗന്ദര്യത്തെ-
ക്കാണുന്ന കണ്‍ പൊട്ടിച്ചു...
                 (ശൈശവം-ഓടക്കുഴല്‍-ജി.)


അറിഞ്ഞതില്‍ നിന്നുള്ള മോചനം അതായിരുന്നു ആ പുസ്തകത്തിന്റെ തലക്കെട്ട്..വളരെ സുന്ദരനും യോഗീനയനങ്ങളോട് കൂടിയവനുമായ
ഒരു ചെറുപ്പക്കാരന്റെ ചിത്രം കൂടെ കൊടുത്തിരിക്കുന്നു.പുസ്തകത്തിന്റെ ഉടമസ്ഥന്‍ അതില്‍ പേന കൊണ്ട് കുത്തിവര‍ച്ചുകൊണ്ട് പുസ്തകത്തിനോടുള്ള പ്രതിഷേധം കാണിച്ചിരിക്കുന്നു..അദ്ദേഹത്തിന് അറുബോറായിരുന്നിരിക്കണം ആ പുസ്തകം! തീര്‍ച്ചയായും.അദ്ദേഹത്തില്‍ നിന്ന്‍ എന്റെ ഒരു മാന്യസുഹൃത്ത് രക്ഷിച്ചെടുത്തതാണ് ആ പുസ്തകത്തെ.അവന് ആ പുസ്തകം വളരെ ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു..ഇതു കൊള്ളാമല്ലോ ഒരാള്‍ക്ക് തീരെ ഇഷ്ടപ്പെടാതിരിക്കയും മറ്റൊരാള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന ഒരു പുസ്തകം..

"എനിക്ക് തരുമോ ഈ പുസ്തകം?" ഞാന്‍ ചോദിച്ചു..

"ശരി..നീ വായിച്ചിട്ട് തിരിച്ചുതന്നാല്‍ മതി.പക്ഷേ ഈ പുസ്തകം എനിക്കു തന്നെ വേണം!"അവനത് വളരെ വിലപ്പെട്ട ഒന്നായി അനുഭവപ്പെട്ടിരിക്കുന്നു.

അങ്ങിനെ ആ പുസ്തകം എന്റെ കയ്യില്‍ വന്നുചേര്‍ന്നു.തുടക്കത്തില്‍ അത് അറുബോറായി തന്നെ തോന്നി...പിന്നെ പിന്നെ വായിക്കുന്തോറും അതിനോട് ഒരിഷ്ടം കൂടിക്കൂടി വന്നു..1987 നോട് ചേര്‍ന്ന്‍ ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നൊരു ലേഖനത്തില്‍ ആ പേര് എനിക്ക് പരിചിതമായിരുന്നു..അതില്‍ ഒരു വൃദ്ധനെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ആകാരഭംഗി ഉള്ള ആ വൃദ്ധന്റെ കണ്ണുകളില്‍ ഈ പ്രത്യേകത അന്നും തോന്നിയിരുന്നു.ആ പേരാണ്"ജിദ്ദു കൃഷ്ണമൂര്‍ത്തി"..

ആരായിരുന്നു ജിദ്ദുകൃഷ്ണമൂര്‍ത്തി?വെറും "K" എന്ന അക്ഷരത്തില്‍ അറിയപ്പെട്ട അദ്ദേഹം..ലോകമറിയുന്ന നല്ലൊരു .സൈദ്ധ്യാന്തികനും.തത്വചിന്തകനും വിദ്യാഭാസവിചക്ഷണനും ഒക്കെയാണ്.ഇതെല്ലാം അദ്ദേഹം നിഷേധിക്കുമായിരുന്നെങ്കിലും..സത്യമതായിരുന്നു.പലപ്പോഴും അദ്ദേഹം അദ്ദേഹത്തിന്റെ അനുയായികളെ ത്രിശങ്കുവില്‍ വിട്ടിട്ടുണ്ട്..അദ്ദേഹം പറഞ്ഞിരുന്നത് പലര്‍ക്കും മനസ്സിലായിരുന്നില്ല എന്നതായിരുന്നു വാസ്തവം..എനിക്കും അതു തോന്നിയിരുന്നു..പിന്നീട് അദ്ദേഹത്തെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കുറേശ്ശേയായി ആ ദുര്‍ഗ്രാഹ്യത മാറിതുടങ്ങി..എങ്കിലും പൂര്‍ണ്ണമായി മാറി എന്നു പറയുവാനും വയ്യ.ഇനിയും വളരെ മുന്നോട്ട് പോകേണ്ടിയിരിയ്ക്കുന്നു.പോകെ പോകെയാണ് അദ്ദേഹം പറഞ്ഞിരുന്നത് ഉപനിഷത്തുക്കളിലെ സാരം തന്നെയാണെന്ന്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

1895 മെയ്മാസം 11-ന് ആന്ധ്രയിലെ മദനപ്പള്ളിയില്‍ ജനിച്ച ശ്രീ കൃഷ്ണമൂര്‍ത്തിയെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ആനിബസന്റ് ദത്തെടുക്കുകയായിരുന്നു.അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹോദരന്‍ നിത്യയേയും.ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു.തിയോസഫിക്കല്‍ സൊസൈറ്റിക്കാര്‍ ഇദ്ദേഹത്തില്‍ ലോകഗുരുവിനെ കണ്ടിരുന്നത്രേ!എന്തൊക്കെയായാലും ഇദ്ദേഹം ആ സമയത്ത് ഇംഗ്ലണ്ടിലൂടെ തെരുവിലൂടെ നടക്കുമ്പോള്‍ ഇന്ത്യയിലെ ഏതോ രാജകുമാരനാണ് അദ്ദേഹമെന്ന്‍ ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നത്രേ!അക്കാലത്തെ അദ്ദേഹത്തിന്റെ ആഡംബരഭ്രമം കുപ്രസിദ്ധമായിരുന്നുവെന്ന്‍ പറയപ്പെടുന്നു.

1929-ല്‍ തിയൊസഫിക്കല്‍ സൊസൈറ്റിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച അദ്ദേഹം പിന്നീട് "മനുഷ്യരെ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രരരാക്കുക" എന്ന പരിശ്രമത്തില്‍ ഏര്‍പ്പെടുകയാണുണ്ടായത്.1986 ഫെബ്രുവരി 17 നു തന്റെ 91ആം വയസ്സില്‍ അന്തരിക്കും വരെ ആ പ്രവര്‍ത്തി തുടരുകയും ചെയ്തു.
(ക്ഷമിക്കുക അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനായി വിവരിക്കാന്‍ ഈ കൊച്ചു പരിചയപ്പെടുത്തല്‍ മതിയാവില്ല.അതുകൊണ്ടാണ് ഒരു സംഗ്രഹത്തില്‍ ഒതുക്കിയത്.)


“ നാം മയക്കത്തിലാണ്.തത്ത്വചിന്തകരും സന്യാസിമാരും ദൈവങ്ങളും പൂജാരികളും രാഷ്ട്രീയക്കാരും നമ്മെ മയക്കിയിരിക്കുന്നു.നാം മയക്കത്തിലാണെന്നും നമ്മെ മയക്കിയതാണെന്നും നാം അറിയുന്നില്ല.ഇതാണ് സ്വാഭാവികത എന്നാണ് നമ്മുടെ ധാരണ.സ്വയം ഒരു വെളിച്ചമാകാന്‍ ആഗ്രഹിക്കുന്ന ആള്‍ ഇതില്‍ നിന്നെല്ലാം സ്വതന്ത്രമാകണം.”


അദ്ദേഹം പണ്ടെങ്ങോ പറഞ്ഞുവെച്ച ഈ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നിടത്താണ് അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനം കാണാനാവുക.ഏതാണ്ടിതൊക്കെ തന്നെയല്ലേ വിവേകാനന്ദസ്വാമികളും "ഉത്തിഷ്ഠത ..ജാഗ്രത.."എന്ന ഉപനിഷത് പുനരാഖ്യാനം കൊണ്ടും പറഞ്ഞുവെച്ചത്?ഇതൊക്കെ തന്നെയല്ലേ നാരായണഗുരു തന്റെ കര്‍മ്മമാര്‍ഗ്ഗത്തിലൂടെ കാണിച്ചുതന്നത്?
നമ്മെ ഓരോരോ തരത്തിലുള്ള മയക്കങ്ങളില്‍ നിന്ന്‍ ഗുരുവരന്മാര്‍ നമ്മെ ഉണര്‍ത്തിയെടുത്തു എന്നു വേണം പറയാന്‍!

വിടരേണ്ട പൂമൊട്ടുകള്‍ (You are born to blossom)എന്ന എ.പി.ജെ അബ്ദുള്‍കലാമിന്റെ പുസ്തകത്തിലെ മനസ്സിന്റെ പൂവണിയല്‍ എന്ന അധ്യായത്തില്‍ കൃഷ്ണമൂര്‍ത്തിയെ പറ്റി പറയാന്‍ തന്നെ കുറേ ഭാഗം നീക്കിവെച്ചിട്ടുണ്ട്.ബഹുമാന്യനായ അബ്ദുള്‍കലാം മാത്രമല്ല അദ്ദേഹത്തില്‍ ആകൃഷ്ടനായിട്ടുള്ളവര്‍.ഓഷോ,ഖലീല്‍ ജിബ്രാന്‍,ജോര്‍ജ്ജ് ബര്‍‍ണാഡ് ഷാ തുടങ്ങീ പ്രമുഖര്‍ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.എന്തിന് പ്രസിദ്ധനടനായ ബ്രൂസ് ലീ.അദ്ദേഹത്തിന്റെ ആരാധകനായിരുന്നു.സിനിമകളില്‍ ഈ തത്വചിന്ത ഉപയോഗിച്ചിട്ടുമുണ്ട്.

അബ്ദുള്‍കലാമിന്റെ പുസ്തകത്തില്‍ നിന്ന്‍ ചില എടുത്തെഴുത്തുകള്‍!

"കൃഷ്ണമൂര്‍ത്തി ഊന്നിപ്പറയുന്ന മറ്റൊരു കാര്യം സ്വാതന്ത്ര്യമാണ്.പക്ഷേ ഈ പറയുന്ന സ്വാതന്ത്ര്യം എന്താണ്?വിദ്യാഭാസത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യവും സ്നേഹവും നന്മയുടെ പൂവണിയലും സമൂഹത്തിന്റെ പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണെന്ന്‍ കൃഷ്ണമൂര്‍ത്തി പലപ്പോഴും പറയാറുണ്ട്.ഈ സ്വാതന്ത്ര്യം രാഷ്ട്രീയമായ സ്വാതന്ത്ര്യം എന്നതിനേക്കാള്‍ ആന്തരികമായ സ്വാതന്ത്ര്യമാണ്.ആത്മാവിന്റേയും ആത്മചൈതന്യത്തിന്റേയും ആഴത്തിലുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതായിരിയ്ക്കണം വിദ്യാഭാസം.ആന്തരികമായ വിമോചനമാണ് വിദ്യാഭാസത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും.നിര്‍ബന്ധങ്ങള്‍ ഒടുവില്‍ ചെന്നെത്തുന്നത് സ്വാതന്ത്ര്യത്തിലായിരിക്കുകയില്ല.”

“"വിദ്യാഭാസമെന്നാല്‍ ബാഹ്യസാഹചര്യങ്ങള്‍ മൂലം സംഭവിക്കുന്ന പാകപ്പെടലുകളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്.പാരമ്പര്യമെന്ന പേരില്‍ കുന്നുകൂട്ടിവെച്ച വിപുലമായ ജ്ഞാനത്തില്‍ നിന്നുള്ള വിമുക്തിയാണത്!"

കൃഷ്ണമൂര്‍ത്തി വിദ്യാഭാസത്തെ മൂന്നു മടങ്ങുള്ള പ്രക്രിയയായി ചിത്രീകരിക്കുന്നു
1)മനുഷ്യരുടെ പ്രാഥമികമായ പെരുമാറ്റരീതികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാള്‍ വിദ്യാഭാസമാരംഭിക്കുന്നു
2)വ്യക്തി എന്ന നിലയില്‍ ഒരാള്‍ വിദ്യയഭ്യസിക്കുന്നു
3)സമൂഹം, മനുഷ്യരാശി, പ്രകൃതി തുടങ്ങിയവയുടെ ഭാഗമായി ഒരാള്‍ വിദ്യനേടുന്നു.

ആയതിനാല്‍ തൊഴില്‍,ഔദ്യോഗികജീവിതം തുടങ്ങിയ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിനുവേണ്ടിയുള്ള തയ്യറെടുപ്പില്‍ മാത്രം പരിമിതപ്പെടുന്നില്ല വിദ്യാഭ്യാസം.എന്നാല്‍ ലക്ഷ്യപൂര്‍ണ്ണമായ അസ്തിത്വത്തിന് വേണ്ടി ജീവിതത്തിന്റെ നവ്യാനുഭൂതികള്‍ ഉള്‍ക്കൊള്ളാന്‍ സ്വയം മണ്ണൊരുക്കലാണത്.(കൂടുതല്‍ നിങ്ങള്‍ക്ക് പ്രസ്തുത പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം)

ഇവിടെയാണ് ഇതിന്റെ തുടക്കത്തിലെഴുതിയിട്ട ജി യുടെ കവിതയുടെ പ്രാധാന്യം..നമുക്ക് കിട്ടുന്ന അറിവുകള്‍ പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നതില്‍ നിന്ന്‍ നമ്മെ വിലക്കുന്നുവെങ്കില്‍ ആ അറിവുകള്‍ ദൂരെകളയുകയേ നിവൃത്തിയുള്ളൂ അല്ലേ?


കൃഷ്ണമൂര്‍ത്തിയുടെ ആദ്യത്തേയും അവസാനത്തേയും സ്വാതന്ത്ര്യം (FIRST AND THE LAST FREEDOM)എന്ന കൃതിയിലെ വളരെ പ്രസിദ്ധമായ ഒരു..സൂത്രവാക്യമാണ് ദൃക്കാണ് ദൃശ്യം(The Observer is the Observed)വേദാന്തത്തിലെ "ദൃക്-ദൃശ്യ" വിവേകത്തെ അദ്ദേഹം അതിസമ്ര്‍ത്ഥമായും ലളിതമായും ഈ കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.ഈ ആശയത്തിന് ക്വാണ്ടം ഭൗതികത്തിലും പ്രസക്തിയുണ്ട്.ക്വാണ്ടം ഭൗതികത്തില്‍ നിരീക്ഷകനും നിരീക്ഷിതവസ്തുവും ഈ വാക്യമാണ് നോബല്‍ സമ്മാനജേതാവും ക്വാണ്ടം ഭൗതികജ്ഞനുമായ ഡേവിഡ് ബോമിനെ കൃഷ്ണമൂര്‍ത്തിയിലേക്ക് ആകര്‍ഷിച്ചത്.ക്വാണ്ടം ഭൗതികത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ള പല ആധുനിക ദാര്‍ശനികസമസ്യകള്‍ക്കും ഉത്തരം കണ്ടെത്താന്‍ കൃഷ്ണമൂര്‍ത്തിയുമായുള്ള ബന്ധം സഹായിച്ചുവെന്നാണ് ഡേവിഡ് ബോം അവകാശപ്പെടുന്നത്.

കെ..പറയുന്നു.."നിങ്ങള്‍ അതീവശ്രദ്ധയോട് കൂടെയിരിയ്ക്കുമ്പോള്‍ നിരീക്ഷകന്‍,ചിന്തകന്‍,കേന്ദ്രം,"ഞാന്‍", എന്നീ നിലകളെല്ലാം ഇല്ലാതാകുന്നു എന്നകാര്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?അത്തരത്തിലുള്ള ശ്രദ്ധ ഉണ്ടാകുമ്പോള്‍ ചിന്ത കൊഴിഞ്ഞുപോകുന്നു."


എന്തായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനത്തിന്റെ പ്രത്യേകതകള്‍?കൃഷ്ണമൂര്‍ത്തി ഈശ്വരനെകുറിച്ചോ വിശ്വാസത്തെക്കുറിച്ചോ സൃഷ്ടിയെക്കുറിച്ചോ ഒന്നുമായിരുന്നില്ല സംസാരിച്ചത്.ജീവിതമൂല്യങ്ങളെക്കുറിച്ചാണ്.അങ്ങിനെയുള്ള ജീവിതമൂല്യങ്ങളെ കാണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം.ഉദാഹരണത്തിന് ആനന്ദം,ദുഃഖം,ദേഷ്യം,ഏകാഗ്രത,ഹിംസ,നിഷ്പക്ഷത,ശ്രദ്ധ,ആഗ്രഹം,രതി,വിവാഹം,ആശ്രയത്വം,സംഗം,ഭയം,നന്മ,തിന്മ,ധാരണ,ഗ്രഹിക്കല്‍,മനസ്സിലാക്കല്‍,വിദ്യഭ്യാസം,ഇങ്ങിനെ നിരവധിയായ വിഷയങ്ങളിലേക്ക് ശ്രദ്ധാലുവായ ചോദ്യകര്‍ത്താവിനെ കൊണ്ടുപോയി തെളിമയുള്ള അവന്റെ ഉണ്മയെ കാണിച്ചുകൊടുത്തു.


The speaker is only a mirror in which you see yourself as you are. If you see yourself as you are, then you can throw away the mirror ,break it. The mirror is not important. It has no value. What has value is that you  see clearly in that mirror yourself you are, the pettiness, the narrowness, the brutality, the anxieties, the fears.
When you begin to understand yourself then you go profoundly into something that is beyond measure.”


ഈ വരികളെ  ചെറിയ രൂപാന്തരത്തോടെ ബ്രൂസ് ലീ യുടെ Enter the Dragon എന്ന സിനിമയില്‍ ആ കണ്ണാടികൂടിനകത്ത് പെടുന്ന ലീയുടെ കഥാപാത്രം ഗുരുവചനമായി ഓര്‍ത്തെടുക്കുന്നുണ്ട്.

കെ യുടെ ചിന്തകളിലൂടെ സഞ്ചരിച്ചുകഴിയുമ്പോള്‍ നമ്മളില്‍ ഉണ്ടാകുന്ന നവോന്മേഷം..ഒരു മഴ പെയ്തു തോര്‍ന്നതിനുശേഷം ഭൂമിക്കും പ്രകൃതിക്കുമുണ്ടാകുന്ന പോലുള്ള നവോന്മേഷമാണ്.മനസ്സില്‍ തിങ്ങി നിറയുന്ന പ്രശാന്തി.അത് നിങ്ങളിലേക്കും പടരട്ടെ..എന്നാശംസിക്കുന്നു.
ഇതഃപര്യന്തമുള്ള മാനവചരിത്രത്തില്‍ യാതൊരു പ്രസ്ഥാനത്തിന്റേയും മാനവചരിത്രത്തില്‍ യാതൊരു പ്രസ്ഥാനത്തിന്റേയോ പ്രചരണത്തിന്റേയോ പിന്‍ബലമില്ലാതെ ലോകമെമ്പാടുമുള്ള ചിന്തകരേയും സത്യാന്വേഷികളേയും പ്രചോദിപ്പിച്ച ജിദ്ദു കൃഷ്ണമൂര്‍ത്തിയെ ഒന്നു പരിചയപ്പെടുത്തണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ..

അടിക്കുറിപ്പ്:ഇവിടെ എഴുതിയ പല വരികളും എടുത്തെഴുത്തുക്കള്‍ ആണ്.പദാനുപദ തര്‍ജ്ജമ നടത്താന്‍ ഈയുള്ളവന്‍ വളരെ അശക്തനായതുകൊണ്ടാണ് ഈ സാഹസം ചെയ്യേണ്ടി വന്നത്.പലതും "പുസ്ത്കം" എന്ന മാസികയുടെ ജിദ്ദു കൃഷ്ണമൂര്‍ത്തി പതിപ്പില്‍ നിന്ന്‍.

സ്നേഹപൂര്‍വ്വം
സുമേഷ്.കെ.ആര്‍(SRK)

5 comments:

ajith said...

K

വിചാരധാരയുടെ പ്രഭവകേന്ദ്രം

അന്നവിചാരം said...

തീര്‍ച്ചയായും അജിത്തെട്ടാ..ആര്‍ക്കും അതിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ല എന്നാണു എന്റെ വിശ്വാസം..

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സുമേഷേട്ടാ .....;
കുറേനാൾ മുൻപ് നമ്മൾ ഖത്തറിൽ ഉണ്ടായിരുന്നപ്പോൾ K - യെ വായിക്കാൻ ശ്രമിച്ച് പരാജയപെട്ടിരുന്നു , വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ ....., ഒരിക്കൽ കൂടി ശ്രമിക്കണം, ഇപ്പോഴല്ല അതിനു തക്ക ബോധം വന്നു എന്ന് സ്വയമെങ്കിലും ഒരു തോന്നൽ ഉണ്ടാകുന്ന ദിവസം.

K@nn(())raan*خلي ولي said...

“ നാം മയക്കത്തിലാണ്.തത്ത്വചിന്തകരും സന്യാസിമാരും ദൈവങ്ങളും പൂജാരികളും രാഷ്ട്രീയക്കാരും നമ്മെ മയക്കിയിരിക്കുന്നു.നാം മയക്കത്തിലാണെന്നും നമ്മെ മയക്കിയതാണെന്നും നാം അറിയുന്നില്ല.ഇതാണ് സ്വാഭാവികത എന്നാണ് നമ്മുടെ ധാരണ.സ്വയം ഒരു വെളിച്ചമാകാന്‍ ആഗ്രഹിക്കുന്ന ആള്‍ ഇതില്‍ നിന്നെല്ലാം സ്വതന്ത്രമാകണം.”

പരമാര്‍ത്ഥം!

ഹരിപ്രിയ said...

Good one :)

Post a Comment