ഇത് എന്‍റെ ആത്മകഥയല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ..ഇതില്‍ ഞാന്‍ അറിയുന്ന ഒരാളുമില്ല..ഒരു ചെറുകഥയാക്കാന്‍ ശ്രമം നടത്തിയതാണ്.വിജയിച്ചുവെന്ന് തോന്നുന്നുവെങ്കില്‍ പറയുക...
ഇനി വായിക്കുക
സ്നേഹപൂര്‍വ്വം
സുമേഷ്(SRK)
------------------------------------------------------
അച്ഛന്‍ പുതുതായി ഉണ്ടാക്കിയ ആല്‍ബം മറിച്ചു നോക്കുകയാണ്..ഓരോ പേജും സൂക്ഷ്മതയോടെ...ഇതാരാണ് ..ഇതാരാണ് ..എന്ന ചോദ്യം..എന്റെ കൂട്ടുകാരില്‍ പലരും അച്ഛന്റേയും സുഹൃത്തുക്കളാണ്.ചിലര്‍ക്ക് എന്നേക്കാള്‍ കൂട്ട് അച്ഛനോടാണ്.പലരേയും അച്ഛനറിയാം..അറിയാത്തവരെ പറ്റിയാണ് ചോദ്യം..
ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ കേട്ട് തല കുലുക്കുന്ന അച്ഛന്‍.
"ഓ..അവനാണോ?എന്നെ ഫോണില്‍ വിളിക്കുന്നവന്‍..നിനക്കവനെ ഒരു ദിവസം വീട്ടിലേക്ക് വിളിച്ചൂടെ?"
"ഉവ്വ്..അച്ഛനെന്താ്തലശ്ശേരിയില്‍ നിന്ന്‍ അവനെങ്ങിനാ ഇവിടെത്തുക?..ഗള്‍ഫുകാരന് ഒരു മാസമല്ലേ അനുവദിച്ചു കിട്ടുക..അതിനിടയില്‍ നൂറു കാര്യങ്ങള്‍ കാണും..
ഒരു ഫോട്ടോയില്‍ അച്ഛന്‍ പലവട്ടം കണ്ണുടക്കി
തലശ്ശേരിക്കാരന്റെ വീട്ടുകാരുടെ ഫോട്ടോയിലേക്കാണ് ഉറ്റുനോട്ടം..അവന്റെ അമ്മയെ തന്നെ സൂക്ഷിച്ചു നോക്കുന്നു.
“ഇവര്‍?”
"അവന്റെ അമ്മ..അടുത്തു നില്‍ക്കുന്നത് അവന്റെ അമ്മയുടെ അമ്മ"
"എന്താണവന്റെ അമ്മൂമ്മയുടെ പേര്?"
"എനിക്കവന്റെ അമ്മയുടെ പേര് തന്നെ അറിയില്ല..പിന്നെയല്ലേ അമ്മൂമ്മ..അച്ഛനിതെല്ലാം എന്തിനാ തിരക്കുന്നത്?"
"എന്തോ ..എനിക്കിവരെ അറിയാമെന്ന്‍ തോന്നുന്നു.."
"ഉവ്വുവ്വ്..അച്ഛനിവരെ എങ്ങിനറിയാനാണ്? ഈ നാട് വിട്ട് അച്ഛനെങ്ങും പോയിട്ടില്ല..പിന്നെങ്ങിനെയാ അവരെ അറിയുന്നത്?"
"ആരു പറഞ്ഞു ഞാനെങ്ങും പോയിട്ടില്ലാന്ന്‍..എന്റെ ചെറുപ്പത്തിലെ 5 വര്‍ഷങ്ങള്‍ ചെലവഴിച്ച സ്ഥലമാണ് തലശ്ശേരി.."
അച്ഛന്‍ പറഞ്ഞ കഥകളേക്കാള്‍ പറയാത്ത കഥകളായിരുന്നു ബാക്കി..എന്നുണ്ടോ?
"പതിനൊന്നു വയസ്സില്‍ അനാഥനായവനാണ് ഞാന്‍..അന്നു വിശപ്പടക്കാന്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറായിരുന്നു.വീട്ടുപണി ഒഴിച്ച്.പഠിപ്പിച്ച ടീച്ചര്‍മാര്‍ സ്വന്തം മകനായി തന്നെ വിളിച്ചു..പോയില്ല..സ്വന്തമായി പണിയെടുക്കുക എന്നതു മാത്രം ലക്ഷ്യം.ആര്‍ക്കും കടപ്പാടുകളില്ലല്ലോ അപ്പോള്‍"
"തറവാടിത്തം സ്വന്തം നാട്ടില്‍ പണിയെടുക്കാന്‍ സമ്മതിച്ചില്ല.പാറുവേട്ടന്‍ വിളിച്ചതാ.തലശ്ശേരിയിലെ കയറുകമ്പനിയിലേക്ക്.എന്റെ പന്ത്രണ്ടാം വയസ്സില്‍...
എല്ലാവര്‍ക്കും എന്നെ ഇഷ്ടമായിരുന്നു..അതിലൊരമ്മയ്ക്ക് എന്നെ വലിയ ഇഷ്ടം..മൂന്നു മക്കളില്‍ നാലാമനായി എന്നെയും കൂട്ടി.."
"നാട്ടിലെ അമ്മാവന്മാരെ കാണാന്‍ വേണ്ടി മാത്രമായ യാത്രകള്‍..വര്‍ഷത്തിലൊരിക്കല്‍ മാത്രം..അവിടെ 5 വര്‍ഷം..ആ അമ്മയുടെ സ്നേഹം..പറഞ്ഞറിയിക്കാന്‍ പറ്റില്ല.."
"പിന്നെന്താ അവിടം വിട്ടത്?.."
"അത്.."അച്ഛന് പറയാന്‍ പറ്റാതെ തൊണ്ടയില്‍ കുരുങ്ങി..
"അക്കൂട്ടത്തില്‍ ഒരു കുഞ്ഞുപെങ്ങളുണ്ടായിരുന്നു..16 കാരനോട് 14 കാരിക്ക് പ്രണയമാണെന്ന്‍ പിന്നീടാണ് മനസ്സിലായത്..അവളെന്റെ കുഞ്ഞുപെങ്ങളായിരുന്നു..അവളെങ്ങിനെ എന്നെ മറ്റൊരു രീതിയില്‍ കണ്ടു എന്ന്‍ മനസ്സിലാകുന്നില്ല."
"ആ അമ്മയുടെ മുഖഛായ..ഇവന്റെ അമ്മയ്ക്ക്.."
അച്ഛന്‍ പഴയ പതിനാറുകാരനാകുന്നു.61-ആം വയസ്സില്‍..ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ!ഓരോ മനുഷ്യന്റേയും ഉള്ളറകളില്‍ സൂക്ഷിച്ചു വെയ്ക്കുന്ന വേദനകള്‍ എപ്പോളാണ് പുറത്തു വരുന്നത് എന്നാര്‍ക്കറിയാം?അതിനൊരു നിമിത്തമുണ്ടായിരിയ്ക്കാം..
അന്നു തന്നെ ദേവേഷിനെ ഞാന്‍ വിളിച്ചു..
"നിന്റെ അമ്മയുടെ പേരെന്താണ്?"
"സുധ.."
അമ്മൂമ്മയുടെ..
"വിലാസിനി.."
"നിനക്കെന്താ പെട്ടെന്നിതെല്ലാം ചോദിക്കാന്‍?"
"ഒന്നുമില്ല ,പിന്നീട് പറയാമെടാ.."
അവനത്ഭുതപ്പെട്ടുകാണും.രാത്രി ഉറങ്ങാന്‍ നേരം അങ്ങിനെ ഒരു പേരു തിരക്കല്‍..
"അച്ഛനോട് പേരുകള്‍ വീട്ടുപേരെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ കണ്ട തിളക്കം...
"ഇതവര്‍ തന്നെ!"...അച്ഛന്‍ ആത്മഗതം ചെയ്തു..
"മോനൂ..നമുക്ക് അവിടെ നാളെ തന്നെ പോകണം.."
"എവിടെ..?തലശ്ശേരിയിലോ?എന്തേ ഇത്ര പെട്ടെന്ന്‍ ഒരു തോന്നല്‍?"
"എനിക്കവിടെ പോകണം..നാളെ തന്നെ.."
ഒരു കൊച്ചുകുട്ടിയുടെ പിടിവാശി അച്ഛനില്‍ ദൃശ്യമായി..
"പോകാമച്ഛാ..നാളെ തന്നെ.."
രാത്രി ഉറക്കത്തില്‍ നിന്ന്‍ ദേവേഷിനെ വിളിചെണീല്‍പ്പിച്ചു..
"നാളെ ഞങ്ങളങ്ങോട്ട് വരുന്നു.."
"എന്ത്..നാളെയോ? ഇതു സര്‍പ്രൈസ് ആണല്ലോ.."
"ഇത്തവണ അച്ഛനുമുണ്ട്.."
"ഓ..യുവര്‍ ഗ്രേറ്റ് ഫാദര്‍..എനിക്ക് നേരില്‍ കാണാമല്ലോ.."..ദേവേഷിന്റെ സന്തോഷം ഒന്നു വേറെ തന്നെ..
എന്റെ അച്ഛന്‍ എന്റെ അഭിമാനമാണ്..എന്നും..അനാഥത്വത്തില്‍ നിന്ന്‍ വളര്‍ന്നുവന്ന അച്ഛന്‍ എല്ലാവര്‍ക്കും മാതൃക ആണ്.എല്ലാമുണ്ടായിട്ടും ഒരു ചെറിയ പ്രശ്നമുണ്ടാകുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്ക്..ശുഭചിന്തയുടെ കാവല്‍ക്കാരനായ,ദൃഢനിശ്ചയത്തിന്റെ,സ്ഥിരോത്സാഹത്തിന്റെ മൂര്‍ത്തീഭാവമായൊരു അച്ഛന്റെ മകനായതില്‍ ഞാനെന്നും അഭിമാനിക്കുന്നു.
എന്റെ അറുബോറന്‍ കഥകളില്‍ ബോറടിക്കാത്ത ഒരു കഥയായി അവര്‍ കേള്‍ക്കുന്നത് അച്ഛനെ പറ്റിയുള്ള കഥകളാണ്..എന്നും ദേവേഷ് പറയും..
"ഹേയ്..ദിസ് ടൈം..ഷുവര്‍..ഐ വില്‍ കം റ്റു യുവര്‍ പ്ലെയ്സ്. ഐ വാന്റ് റ്റു മീറ്റ് യുവര്‍ ഗ്രേറ്റ് ഫാദര്‍..മിസ്റ്റര്‍ അരവിന്ദാക്ഷന്‍"..
"ഉവ്വുവ്വേ..നീ എത്ര തവണ പറഞ്ഞിരിയ്ക്കുന്നു..നടന്നതു തന്നെ..നീയും നിന്റെ ഇംഗ്ലീഷും..ഒന്നു പോടേയ്.."
എന്തായാലും രണ്ട് ദിവസം കഴിഞ്ഞു ദേവേഷ് ഇങ്ങു വരാമെന്ന്‍ പറഞ്ഞതാണ് ..അപ്പോളാണ് അച്ഛന്റെ ഒരു തോന്നല്‍..
ഉറങ്ങിതുടങ്ങിയ ഭാര്യയെ വിളിച്ചുണര്‍ത്തി..
"നാളെ നമുക്കൊരിടം വരെ പോകണം..."
"എവിടേക്ക്?"
"ദേവേഷിന്റെ വീട്ടില്‍.."
"എന്താ പെട്ടെന്നിങ്ങനെ തോന്നാന്‍?"
"അച്ഛന്‍ വാശി പിടിക്കുന്നു.."
"അതെന്തിനാ.."
"എന്തായാലും നമ്മള്‍ നാളെ പോകുന്നു.."
"ഓ..ഞാന്‍ ജമാലിക്കയെ വിളിക്കട്ടെ.."
പാതിരാക്ക് ജമാലിക്ക ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ മുറുമുറുക്കുന്നു..എന്തായാലും രാവിലെ എത്താമെന്നേറ്റു..
രാവിലെ തന്നെ അച്ഛന്‍ റെഡി...ആദ്യമായി സ്കൂളില്‍ പോകുന്ന കൗതുകത്തോടെ ആകാംക്ഷയോടെ ഉള്ളൊരു ഇരിപ്പ്..കുറച്ചുനേരം ഇരിക്കുന്നു..പിന്നെ എണീറ്റ് നടക്കുന്നു..പിന്നെയു ഇരിക്കുന്നു..എനിക്ക് ചിരി പൊട്ടി..
"എന്തുവാടാ..ഇളിക്കുന്നേ?.."
"ങ്ഹും.."ഞാന്‍ തോള്‍ കുലുക്കി..
"നിന്നോട് ഞാനെത്ര തവണ പറഞ്ഞിരിക്കുന്നു ഇങ്ങിനെ തോള്‍ കുലുക്കരുതെന്ന്‍.."
അച്ഛന്‍ തല്ലാനോങ്ങിവരുന്നു...
ഞാനോടിമാറി..അച്ഛനിപ്പോളും ഞാന്‍ കൊച്ചുകുഞ്ഞെന്ന ഭാവം..
ചെറുപ്പത്തിലേ ഉള്ള എന്റെ സ്വഭാവം അച്ഛനെത്ര ശാസിച്ചിട്ടും അതു മാറിയില്ല..
എന്റെ മക്കള്‍ ഓടി വന്നു അച്ഛന്റെ കയ്യില്‍ പിടിച്ചു
"അച്ചാച്ചാ..മുറുകെ പുണരുന്ന കുട്ടികള്‍..
അച്ഛനെന്നെ അഭിമാനത്തോടെ നന്ദിസൂചകമെന്നോണം നോക്കുന്നു..
നീയല്ലേ ഈ സൗഭാഗ്യം എനിക്ക് തന്നതെന്ന മട്ടില്‍..
ജമാലിക്ക വന്നു..എന്താണിത്ര അത്യാവശ്യമായ യാത്ര എന്ന മട്ടിലുള്ള വരവ്..
യാത്രയില്‍ കൗതുകത്തോടെ ഇരുന്ന്‍ ഇരുവശവും നോക്കുന്ന അച്ഛന്‍..
പണ്ട് പുഴയില്‍ കടത്തു കടന്ന ഇടങ്ങളിലെല്ലാം പാലം വന്നിരിയ്ക്കുന്നു..വലിയ കെട്ടിടങ്ങള്‍ നിറഞ്ഞ പാതയോരങ്ങള്‍..തിരക്കു പിടിച്ച പാതകള്‍.വഴി നിറഞ്ഞ കാറുകള്‍ ബസുകള്‍..
മോള്‍ അച്ഛന്റെ മടിയില്‍ സ്ഥാനം പിടിച്ചിരിയ്ക്കുന്നു.അവള്‍ക്ക് അച്ഛനെ കഴിഞ്ഞേ ആരും വേണ്ടൂ..അവിടെ ഇരുന്ന്‍ എന്നോടാ ചോദ്യം
"അച്ഛാ ..എവിടേക്കാ നമ്മള്‍ പോണേ?!"
"ഒരിടത്തേക്ക്.."
"ദേവേഷ് മാമന്റെ അടുത്തേക്കോ?"
"ഉം.."ദേവേഷ് എന്റെ കുടുംബാംഗമായി എന്നേ മാറിയിരിയ്ക്കുന്നു..
എന്റെ സുഖദുഃഖങ്ങളില്‍ എല്ലാം അവനുണ്ട്.അനിതരസാധാരണമായ ഒരു സ്നേഹം.അതെങ്ങിനെ സംഭവിച്ചു എന്നത് അത്ഭുതമാണ്.ഒരേ മനസ്സുകള്‍ കണ്ടുമുട്ടുന്ന അപൂര്‍വ്വ നിമിഷം.
ദേവേഷ് തലശ്ശേരിയില്‍ കാത്തു നില്‍പുണ്ട്..അച്ഛന്‍ പണ്ടൊരിക്കല്‍ കണ്ട ഒരിടത്തെ കൗതുകത്തോടെ നോക്കുന്നു..ആകെ മാറിയ ഒരിടം..തനിക്ക് വാര്‍ധക്യമായപ്പോള്‍ തലശ്ശേരിക്ക് യൗവ്വനമാണോ കാലം സമ്മാനിച്ചതെന്ന അത്ഭുതമാണോ അച്ഛന്?!
തലശ്ശേരിയില്‍ നിന്ന്‍ കുറേ ഉള്ളിലേക്ക് മാറിയുള്ള സ്ഥലം..പ്രകൃതിരമണീയമായ ആ നാടും നല്ലവരായ നാട്ടുകാരും കുറേ രാഷ്ട്രീയക്കൊലകളുടെ പേരില്‍ നിത്യവും അപമാനിക്കപ്പെടുന്നു.എന്തിനുവേണ്ടി?!ആര്‍ക്കറിയാം കൊല്ലുന്നതു തന്നെ പലര്‍ക്കും ആനന്ദമാകുമായിരിയ്ക്കും..ദേവേഷാണ് തലശ്ശേരിയെ പറ്റിയുള്ള പേടി മാറ്റിയത്..അവന്‍ തന്ന സ്നേഹം മാത്രം.പഴയ ഒരു വീടും പൂമുഖവും അങ്ങിനെ തന്നെ നിറുത്തിയിരിയ്ക്കുന്നു..അതിനോട് ചേര്‍ന്ന്‍ ദേവേഷിന്റെ ഗള്‍ഫ്പണക്കൊഴുപ്പ് നിറഞ്ഞ ഭവനം.ഭാഗംവെപ്പ് കഴിഞ്ഞപ്പോള്‍ ദേവേഷിന്റെ അമ്മയ്ക്കാണ് അമ്മൂമ്മയുടെ വീട് കിട്ടിയത്..
ആ വീട് കണ്ടതും അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.എന്താ പറ്റിയത് എല്ലാവര്‍ക്കും പകപ്പ്..മോള്‍ അച്ചാച്ചന്റെ ആടിയില്‍ പിടിച്ച് ചോദിക്കുന്നു..
"എന്തേ?"..
"ഒന്നുമില്ല.."..
"സുധേ...നീ എന്നെ അറിയുമോ?"...
പകച്ചുനോക്കുന്ന ദേവേഷിന്റെ അമ്മ...
ദേവേഷിന്റെ കൂട്ടുകാരന്റെ അച്ഛന്‍!..അതില്‍ കവിഞ്ഞെന്താ?അതായിരുന്നു അവരുടെ ഭാവം..
"ഞാന്‍ അരവിന്ദാക്ഷന്‍ ആണ്..പണ്ടിവിടെ..അഞ്ചു വര്‍ഷം ഞാനുണ്ടുറങ്ങിയിട്ടുണ്ട്.."
അവര്‍ സ്ത്ബ്ധയായി നില്‍ക്കുന്നു..
പിന്നെ അകത്തു നിന്ന്‍ ദേവേഷിന്റെ അമ്മൂമ്മയെ വിളിച്ചുകൊണ്ടുവന്നു..ഇപ്പോളും 85 വയസ്സിലും കരുത്തോടെ നടക്കുന്ന അമ്മൂമ്മ...
"ഇതെന്റെ അരുമോന്‍ തന്നെ.."അച്ഛന്റെ നെറ്റിയിലെ ഒരു പാട്..അതൊരടയാളമായിരുന്നു..ഏതോ ജന്മബന്ധത്തിലെ അമ്മയും മകനും കണ്ടുമുട്ടിയ പോലെ.
കളഞ്ഞുകിട്ടിയ മകനെ കിട്ടിയ ഒരമ്മയുടെ സന്തോഷം..അപ്പോളും ആ അമ്മയ്ക്ക് അജ്ഞാതമായിരുന്നു.അച്ഛന്റെ ഒളിച്ചോട്ടം..
"എന്നാലും നിനക്കെങ്ങിനെ മനസ്സു വന്നു എന്നെ വിട്ടുപോകാന്‍?"
പണിയെടുക്കുമ്പോള്‍ തന്നെ പഠിപ്പിക്കാനും മറന്നിട്ടില്ലായിരുന്നു ആ അമ്മ..അച്ഛന്റെ നിറഞ്ഞ വായന ആ അമ്മയുണ്ടാക്കികൊടുത്തതായിരുന്നു...
"അതു ഞാന്‍.."ദേവേഷിന്റെ അമ്മ വിതുമ്പിയത് പെട്ടെന്നായിരുന്നു..
"എന്തിനാ അതെല്ലാം പറയുന്നേ.."അച്ഛന്‍ വിലക്കി..
എങ്കിലും അവര്‍ പറഞ്ഞു..
"ഞാന്‍ പറഞ്ഞൊരു ഇഷ്ടത്തിന്റെ പേരില്‍..."അവര്‍ പാതിയില്‍ നിറുത്തി..
"ഇവള്‍ക്കെന്നെ ആങ്ങളയായി കരുതാന്‍ വയ്യായിരുന്നു.എനിക്കങ്ങിനെയല്ലാതെ കാണാനും വയ്യ.എനിക്ക് പിന്നെ മറ്റെന്തു വഴി?"
വ്യത്യസ്തമായ ഒരു കഥയുടെ സാക്ഷിയായി ഞങ്ങള്‍ കുറച്ചു പേര്‍..എന്റെ മക്കള്‍ ദേവേഷിന്റെ മക്കളുമായി കളികള്‍ തുടങ്ങിയിരുന്നു..ദേവേഷിന്റെ അമ്മൂമ്മ അച്ഛനെ മുറുകെ കെടിപ്പിടിച്ചുറക്കെ കരഞ്ഞുകൊണ്ടിരുന്നു ..എന്തിനായിരുന്നു അത്?
ഇന്നും എന്റെ അച്ഛന്റെ വീടായി..തലശ്ശേരിയിലെ ആ വീട്ടില്‍ ഞങ്ങള്‍ പോകുന്നു..
വ്യത്യസ്തമായ ബന്ധങ്ങളുടെ കെട്ടുറപ്പുമായി.ദേവേഷെന്റെ അനുജനായി കൂടെയുണ്ട് എതൊരു ആപത്ഘട്ടത്തിലും ഓടിയെത്താന്‍ തയ്യാറായികൊണ്ട്..
എല്ലാം ഈശ്വരനിശ്ചിതമായ ബന്ധങ്ങള്‍ അല്ലേ?!അല്ലാതെന്താ പറയുക?
...............******************........................
4 comments:
എല്ലാം ഈശ്വരനിശ്ചയം തന്നെ .....
വര്‍ഷങ്ങള്‍ക്കു ശേഷം പഴയ ജീവിതമുറങ്ങുന്ന വീട്ടില്‍ പോകുക , പ്രിയ്യപ്പെട്ടവരെ കാണുക , ഓര്‍മ്മകള്‍ പങ്കുവെക്കുക ... ഹാ എന്തോരു മനോഹരമായ , സന്തോഷകരമായ അനുഭവം ആവും അത് .
മനോഹരമായി സുമേഷേട്ടാ ...........
വളരെ നന്നായിടുണ്ട്
വ്യത്യസ്തമായ ബന്ധങ്ങളുടെ കെട്ടുറപ്പുമായി നല്ലൊരു കഥ !!!
നന്നായി എഴുതി
Post a Comment