Wednesday, 3 July 2013

മോനേ അമ്മയ്ക്കും ഒരു പര്‍ദ്ദ വേണം!...


മോനേ അമ്മയ്ക്കും ഒരു പര്‍ദ്ദ വേണം!...

……………………………………………….

 

ഇതെന്റെ ആത്മ കഥ അല്ല.എഴുതാന്‍ ഉള്ള സൌകര്യത്തിനു എന്നെ 

കഥാപാത്രമാക്കിയതാണ്.ഇതില്‍ ഒരു വേഷത്തെയും ഞാന്‍ അനുകൂലിച്ചില്ല.ദരിദ്രരായവരുടെ മുന്നില്‍ വില കൂടിയ വസ്ത്രങ്ങളില്‍ അഭിരമിക്കുന്നവരുടെ മുന്നില്‍ പര്‍ദ്ദ ഒരു രക്ഷക വേഷം ആണ് എന്നാണു എനിക്ക് തോന്നിയത്. പെട്ടെന്ന് ഉള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാന്‍ പറ്റില്ലല്ലോ?

————————————————————

റുക്കിയ ഉമ്മ  കഴിഞ്ഞ ആഴ്ച അമ്മയോടൊപ്പം പുറത്തേക്കിറങ്ങിയപ്പോള്‍ പുതിയ വേഷത്തിലായിരുന്നു .സ്ഥിരമായി സാരിയോ ,അല്ലെങ്കില്‍  വെള്ള മുണ്ടും നീളന്‍ കുപ്പായവും അതിന്റെ മീതെ ഒരു വെളുത്ത മുണ്ട് ..വെള്ള തട്ടം ..സാരിയാണെങ്കില്‍ അതുകൊണ്ടാണ് തല മറയ്ക്കുക.അവരൊരു പാവം സ്ത്രീയാണ് .തന്റേടിയും.ഒറ്റയ്ക്ക് പണിയെടുത്തു ഒറ്റ മകനെ വളര്‍ത്തുന്ന ഉമ്മ.അവനെന്റെ കൂട്ടുകാരനാണ് ബഷീര്‍ .എത്ര കാലമായി അവനൊപ്പം ചുറ്റിക്കറങ്ങുന്നു.ഉമ്മയും അമ്മയും പണ്ടേ കൂട്ടുകാര്‍.പിന്നെ ഞങ്ങളെ പറ്റി പറയണോ?ഞങ്ങള്‍ രണ്ടും ഒരേ പ്രായക്കാര്‍.ഞങ്ങള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് അവന്റെ ബാപ്പ മരിക്കുന്നത്.അവനും ഞാനും കരഞ്ഞു.രണ്ടു പേര്‍ക്കും ചേര്‍ത്താണ് അവന്റെ ബാപ്പ എന്തും വാങ്ങിച്ചു വരൂ.അത് പോലെ തന്നെ എന്റെ അച്ഛനും. ബാപ്പയെ ആണ് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും നഷ്ടമായത്.

 

 

നിങ്ങളെ ഇരട്ട പെറ്റതാണോ  എന്നു തമാശ ആയി പലരും ചോദിക്കും.നോയമ്പ് കാലം ഉമ്മയുടെ പാചകത്തിന്റെ രുചി മറക്കാനാവില്ല.അല്ലെങ്കിലും നോയമ്പ് കാലം എന്നൊന്നും ഇല്ലായിരുന്നു.എന്നും അവിടത്തെ ഇവിടത്തെ ഭക്ഷണം എന്നൊന്നും ഇല്ല ..രണ്ടു വീടുകളിലെയും കറിയും മറ്റും അങ്ങോട്ടുമിങ്ങോട്ടും എത്തും .അവര്‍ക്ക് വേണ്ടി ഹലാല്‍ ആയ ഭക്ഷണം മാത്രം ഞങ്ങളും ഒരുക്കി.റുക്കിയുമ്മ അമ്മയ്ക്കൊപ്പം പണിക്കു പോയി തുടങ്ങി.മുന്‍പും അമ്മയ്ക്കൊപ്പം പോകുമായിരുന്നെങ്കിലും സ്ഥിരമായിട്ടില്ലായിരുന്നു.ബാപ്പ മരിച്ചപ്പോള്‍ പിന്നെ നിര്‍വ്വാഹമില്ലല്ലോ?അവര്‍ ദരിദ്രയായിരുന്നെങ്കിലും ഒരിക്കലും സക്കാത്ത് വാങ്ങാന്‍ പോയി കണ്ടിട്ടില്ല.അവര്‍ മനസ്സ് കൊണ്ടും പ്രസന്നത കൊണ്ടും എന്നും ധനിക ആയിരുന്നു.ഉള്ളതില്‍ എന്നും തൃപ്ത ആയിരുന്നു.വീട്ടുകാര്‍ വേറെ കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ചിട്ടും കൂട്ടാക്കിയില്ല.അവര്‍ക്കന്നു ഇരുപത്തിരണ്ടു് വയസ്സെയുള്ളൂ .അവരുടെ ചുമന്നു തുടുത്ത കവിളില്‍ പിടിച്ചു ഞാന്‍ ചോദിച്ചിരുന്നുഇതെന്താ ആപ്പിളാ ?”അവര്‍ വെളുക്കെചിരിച്ചുകൊണ്ട്‌അതെ നിനക്ക് ആപ്പിളിനോട് കൊതി കൂടിയിട്ടാ

 

സ്കൂളില്‍നിന്നും  അച്ഛന്റെ സൈക്കിളില്‍ രണ്ടു പേരും കയറി വരും .മുന്‍പില്‍ കയറാന്‍ രണ്ടു പേരും കടിപിടി കൂടും.എന്നും ബഷീര് തന്നെ ജയിച്ചു.ഞാന്‍ പിണങ്ങുംഞാനാണോ അവനാണോ അച്ഛന്റെ മോന്‍?” അത് നീ തന്നെ ആണല്ലോ ..അവന്‍ അച്ഛനില്ലാത്ത കുട്ടിയല്ലേ?” അതവന്റെ മുന്‍പില്‍ പറയില്ല..വീട്ടിലെത്തിയാല്‍ മടിയിലിരുത്തി എന്റെ തലയില്‍ തലോടി കൊണ്ട്  ചെവിയില്‍ പറയും ..അതിനിടയിലും അവന്‍ പാര പണിയും എന്നെ തള്ളി മാറ്റി അവന്‍ കയറിയിരിയ്ക്കുംഞങ്ങളുടെ അച്ഛന്‍ .

 

പാടത്ത് പണിക്കിറങ്ങിയാല്‍ അമ്മയെ ഉമ്മ സഹായിക്കും.നല്ല കരുത്താണ് .അമ്മ പറയും അതൊറ്റയ്ക്കായതിന്റെ  കരുത്താണ്.കൂടെ ഒരു പുരുഷനുണ്ടെങ്കില്‍ സ്ത്രീ അവനെ മാത്രം കണ്ടു അവനെ ആശ്രയിച്ചിരിയ്ക്കും.തളര്‍ച്ചയും കൂടും. .ഉമ്മ കടയില്‍ പോകും സാധനങ്ങള്‍ വാങ്ങും .കൂട്ടിനു ഉമ്മയുടെ ഉമ്മ മാത്രം.കാതില്‍ നിറയെ അലുക്കുകള്‍ ഇട്ട ഉമ്മൂമ്മ.അവര്‍ വെളുത്ത വസ്ത്രത്തില്‍ നിസ്കരിക്കുന്നത് കൌതുകമായിരുന്നു.അവരില്‍ ഒരു പ്രഭ പരക്കുന്ന പോലെ തോന്നിയിരുന്നു.എന്റെ വീട്ടില്‍ നാമ ജപം പോലുമില്ല.നാസ്തികനല്ലെങ്കിലും ഒന്നിലും വിശ്വാസമില്ലായിരുന്നു അച്ഛന്.

നിങ്ങളിങ്ങനെ ആയാതോണ്ടാ ഗതി പിടിക്കാത്തത് ..അമ്മ അച്ഛനോട് പറയും..അതിനെന്താ എല്ലാം കൂടി നീ പ്രാര്‍ഥിക്കുന്നുണ്ടല്ലോ?തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മ യും കണ്ടു വളര്‍ന്ന അച്ഛന്‍ എന്തില്‍ വിശ്വസിക്കാനാണ്?അവര്‍ ദൈവത്തില്‍ വിശ്വസിച്ചില്ല..എല്ലാ തിന്മകളും നശിപ്പിക്കുന്ന വിപ്ലവത്തില്‍ വിശ്വസിച്ചു.”ഇങ്കിലാബ് സിന്ദാബാദ്!” ഞാനും ബഷീറും അതേറ്റു വിളിച്ചു .ഞങ്ങള്‍ സഖാക്കള്‍ മാത്രമായി.എങ്കിലും അവന്‍ അഞ്ചു നേരം നിസ്കരിച്ചു .ഖുറാനോതി.നന്നായി പഠിച്ചു.എല്ലാവരെയും നന്നായി സ്നേഹിച്ചു.

 

ഉമ്മ എവിടെയെങ്കിലും കല്യാണത്തിന് പോകാന്‍ അമ്മയുടെ സ്വര്‍ണ്ണമാല വാങ്ങിച്ചിടും .രണ്ടു പേരും ചേര്‍ന്നാണെങ്കില്‍ മറ്റാരുടെയെങ്കിലും.അങ്ങിനെയിരിയ്ക്കെ ആണ് എന്റെ ചേച്ചിയുടെ കല്യാണം.അമ്മയുടെ മാലയും നഷ്ടായി.കനം കുറഞ്ഞതൊന്നു പിന്നെ എടുക്കാം എന്നച്ഛന്‍ വാക്ക് കൊടുത്തതായിരുന്നു .എന്ത് കാര്യം അച്ഛന്റെ മടിശീല കനം കുറഞ്ഞതായിരുന്നു പ്രധാന കാരണം.അളിയന്‍ എന്ന പുതിയ കഥാപാത്രം കൂടെ.പിന്നെയാണ് യഥാര്‍ത്ഥ അതിഥി വരുന്നത്..ഞങ്ങള്‍ക്ക് കണ്ണിനു  കണിയായോരുണ്ണി വന്നത്.അവനെ കണ്ണന്‍ എന്ന് ഞങ്ങള്‍ പേര്‍ വിളിച്ചു.ലാ ഇലാഹ്  എന്ന് പാടിയാലും..വെറുതെ രാരീരം പാടിയാലും  അവനുറങ്ങി .ഉമ്മൂമ അവനെടുത്തു കൊണ്ട് പോവും..ഞങ്ങള്‍ കൂടെയിരുന്നു കളിയ്ക്കും.

 

ഞങ്ങള്‍ പൊടി മീശക്കാര്‍ ആയതു പറഞ്ഞില്ലല്ലോ?ജീവിതത്തിലെ വിചിത്ര ഘട്ടങ്ങള്‍ അല്ലെ?സംശയങ്ങളുടെ പ്രണയങ്ങളുടെ ഒക്കെ കാലം.മുണ്ടെടുത്ത് സ്കൂളില്‍ പോകുന്ന ഞങ്ങള്‍ ..ഒരാള്‍ ഇടത്തോട്ടും മറ്റൊരാള്‍ വലത്തോട്ടും മുണ്ടുടുത്തു.എങ്കിലും വലം കയ്യുരുട്ടി ഇങ്കിലാബ് വിളിച്ചു.വലം കൈ കൊണ്ടുണ്ടു . ഞാന്‍ നെറ്റിയില്‍ ചന്ദനക്കുറി വരച്ചു..എന്നും അവന്റെ കൈ എന്റെ തോളില്‍ .അല്ലെങ്കില്‍ എന്റെ കൈ അവന്റെ തോളില്‍..

 

ഇന്ന് കോളേജ് പഠനത്തിലും ഞങ്ങള്‍ ഒരുമിച്ചു തന്നെ .അങ്ങിനെ ഇരിയ്ക്കെയാണ് ആണ് സംഭവം ഉണ്ടായത് .റുക്കിയുമ്മ പര്‍ദ്ദ ഇട്ടു തുടങ്ങി.ഇതിപ്പോ എന്താ ഇത് കഥ? അമ്മ മൂക്കത്ത് വിരല്‍ വെച്ചു.കറുത്ത തട്ടമിട്ടു.അമ്മ സാരിയുടുത്ത് ഒരുങ്ങാന്‍ പാടു പെട്ടു .ഉമ്മ പര്‍ദ്ദയിട്ടു വേഗം ഒരുങ്ങി വന്നു..പിന്നെയാ ഉമ്മ അമ്മയോട് രഹസ്യം പറഞ്ഞത്.

 

“എടീ ഇത് നോക്കിയേ സ്വര്‍ണ്ണം ഇട്ടാലും ഇല്ലേലും ആരും അറിയില്ല.വില കൂടിയ പട്ടു സാരി ആണോ എന്ന് ആരും നോക്കില്ല.എത്ര സാരി ഉണ്ട് എന്ന് ആരും തിരക്കില്ല.ഇതല്ലെടി മോളെ സൌകര്യം?”

 

അമ്മ കഴുത്തില്‍ മാല ഇല്ലാതെ മുക്കു പണ്ടം വാങ്ങിച്ചിട്ട് അപകര്‍ഷതയോടെ കല്യാണങ്ങളില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്.എവിടെയെങ്കിലും ഒതുങ്ങി കൂടും അമ്മ.ആകെ രണ്ടോ മൂന്നോ സാരി മാത്രം. സ്വന്തമായുള്ള അമ്മ അത് മാറ്റി മാറി ഉടുക്കും.

 

സമത്വസുന്ദരമായ വേഷം കൊള്ളാമല്ലോ? മാക്സി  കേരളീയ സ്ത്രീകളുടെ പൊതു വേഷം ആയ പോലെ പര്‍ദ്ദയും ഒരു പൊതു വേഷം ആയിക്കൂടായ്കയില്ല. അപകര്‍ഷതകളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാമെന്ന വ്യാമോഹത്തില്‍ അമ്മയുടെ ചോദ്യം ആണ് എന്നെ ഇന്ന് ഞെട്ടിച്ചത്!”മോനെ അമ്മയ്ക്കും ഒരു പര്‍ദ്ദ വാങ്ങായിരുന്നു അല്ലെ?” എനിക്കും തോന്നി തുടങ്ങി അമ്മയ്ക്കും വേണം ഒരു പര്‍ദ്ദ..

……………………………………..

 

 

 

6 comments:

ajith said...

സമത്വസുന്ദരമാകട്ടെ ലോകം

ബഹറിന്‍ മലയാളി said...

നല്ല പോസ്റ്റ്‌

achu said...

കൊള്ളാം...
ആശംസകള്‍
http://aswanyachu.blogspot.in/

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഹൃദയസ്പർശിയായ വിവരണം .നാട്ടിൻപുറത്തിന്റെ നന്മകൾ നമ്മുടെ മനസിൽ അസ്തമിക്കാതിരിക്കട്ടെ. സൌഹാർദ്ദവും സാഹോദര്യവും എല്ലാ വൈവിധ്യങ്ങൾക്കുമപ്പുറം പൂത്തുലയട്ടെ.. എല്ലാ നന്മകളും നേരുന്നു.

കാളിയൻ - kaaliyan said...

അത്രേ ഉള്ളൂ പർദ്ദ .. :)

നല്ല എഴുത്ത് !!

മിനി പി സി said...

സമത്വ സുന്ദര നാളെയ്ക്കായുള്ള ദാഹം വായനക്കരിലെയ്ക്കും പകരുന്ന പോസ്റ്റ്‌ .

Post a Comment