Thursday 24 January 2013

ചില നിസ്സംഗചിന്തകള്‍!


നിസ്സംഗത ഒരു പൊതു സമൂഹത്തിന്‍റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അങ്ങ് ദില്ലിയില്‍ വലിയ കോലാഹലങ്ങലുണ്ടായത്! യുവജനത ഒന്നടങ്കം തെരുവില്‍ ഇറങ്ങിയതിന്‍റെ ചേതോവികാരം എന്തായിരിയ്ക്കും?നാളെ ഞാനും ഇതിനു ഇരയാകില്ലെന്ന് ആരു കണ്ടു എന്ന ഉള്‍ഭയം അല്ലാതെ മറ്റൊന്നുമല്ല.

ബലാത്സംഗം,പീഡനം എന്നീ പദങ്ങള്‍ പത്രതാളുകളിലും ടി.വി ചര്‍ച്ചകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും നിറഞ്ഞു നിന്നു.അപ്പോള്‍ എന്താണു പീഡനം എന്നൊക്കെചോദിച്ചു കുഴയ്ക്കരുത്.അതിനു ആരു നിര്‍വചനം കൊടുത്തു എന്നൊന്നും അറിയില്ല എങ്കിലും മനസ്സില്‍ തോന്നിയതു പറയണമെന്നു തോന്നുന്നു.നമ്മള്‍ ജീവിക്കുന്നത് ഇത്ര കണ്ടു ഭീകരമായ ഒരു കാലഘട്ടത്തിലാണോ?ഒരിക്കലുമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ചിലര്‍ പറയുന്നു ഭാരതീയ സംസ്കാരം പിന്തുടരണം എന്ന്! അതെന്താണു?നമ്മുടെ കേരളവും ഭാരതത്തില്‍ വരും‌മോ? എങ്കില്‍ ഏതു നാട്ടുരാജ്യത്തെ സംസ്കാരമാണു?ചെറുകാടിന്‍റെ ആത്മകഥയില്‍ നിന്നു ചിലതു പറയാം.

നാട്ടിലെ സുന്ദരിയായ കീഴ്ജാതിക്കാരിയില്‍ ചില തമ്പുരാന്മാര്‍ക്ക് ഇഷ്ടം തോന്നി.ഇതറിഞ്ഞ അവളുടെ അച്ഛന്‍ അവളെ അകലെയുള്ള ബന്ധുവീട്ടിലേക്ക് മാറ്റി.അവളെ പിന്തുടര്‍ന്നു ചെന്ന് നാലഞ്ചു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു.അന്നേരം അവര്‍ക്ക് തീണ്ടല്‍ ഒരു പ്രശ്നമായില്ല പോലും.ആ ക്രൂരതയില്‍ അവള്‍ക്ക് നഷ്ടപ്പെട്ടത് ഒരു കണ്ണായിരുന്നു എന്നു മാത്രം!..ഈ സംസ്കാരം പിന്തുടര്‍ന്നാല്‍ മതിയോ?ഇന്നും ഭാരതത്തിന്‍റെ മറ്റിടങ്ങളില്‍ ഇതെല്ലാം തുടര്‍ന്നു വരുന്നു എന്നറിയുമ്പോള്‍ ഒന്നു കൂടെ ആലോചിക്കുക.അതു മാത്രമോ ഭാരതീയ വേഷം ധരിക്കണം എന്നു ചിലര്‍ പറയുന്നു.അതേതാണാവോ?എന്‍റെ മുത്തശ്ശിയുടെ കാലത്ത് ജാക്കറ്റ് ധരിച്ച പെണ്ണുങ്ങള്‍ കുറവായിരുന്നു എന്ന് അമ്മൂമ പറഞ്ഞുകേട്ടിട്ടുണ്ട്.അപ്പോള്‍ ഇന്നുള്ളതിനേക്കാള്‍ അന്നു പീഡനങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിട്ടുണ്ടാകണമല്ലോ?

ഇന്നത്തെ പീഡന നിര്‍വചനങ്ങളില്‍ പതിനാറു താഴെയുള്ള വിവാഹം പോലും പീഡനത്തില്‍ വരും.ഒന്നോര്‍ത്തു നോക്കു നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ എല്ലാം പീഡനക്കേസില്‍ അകത്തായതു തന്നെ.കൊച്ചു കുട്ടികളെ സമൂഹം തന്നെ പീഡനത്തിനു വിട്ടുകൊടുക്കുന്ന ദുരാചാരത്തെ പറ്റി
ചെറുകാട് മറ്റൊരിടത്ത് വിവരിച്ചിട്ടുണ്ട് അതാണു “സേകം ചെയ്യല്‍!” കേട്ടിട്ടുണ്ടോ അങ്ങിനൊന്ന് പാരമ്പര്യവാദികളേ?

ഒരു വാരസ്യാര്‍ പെണ്‍ കുട്ടി വാരസാര്യാകണമെങ്കില്‍ നമ്പൂതിരിയുടെ ഉദ്ധരിച്ച ലൈംഗികാവയവം ഋതുമതിയാകാത്ത പെണ്‍കുട്ടിയുടേ യോനിയില്‍ മുട്ടിക്കുന്ന ചടങ്ങാണു ഇപ്പറഞ്ഞത്!അതില്‍ ചിലവന്മാര്‍ പെണ്‍കുട്ടിയെ ശരിക്കുമങ്ങു ഭോഗിക്കാറുണ്ടെന്നും ചോരയില്‍ കുതിര്‍ന്ന കുട്ടികളെ ആണു ചിലപ്പോള്‍ തിരിച്ചു കിട്ടാറ് എന്നും ചെറുകാട് വിവരിക്കുന്നുണ്ട്.ഇത് നടന്നിരുന്നത് കൊച്ചു കേരളത്തില്‍ തന്നെ ആണു താനും.കൂടുതല്‍ വായനക്ക് ചെറുകാടിന്‍റെ ആത്മകഥ വായിക്കാം.

അപ്പോള്‍ പണ്ട് പണ്ട് എല്ലാം നന്നായിരുന്നു ഇപ്പോള്‍ ആണു കുഴപ്പം എന്നത് വെറും നാട്യമാണ്!

വിഷ്ണു ഭാരതീയന്‍റെ ആത്മകഥയിലും ഇത്തരമൊരു വിവരണമുണ്ട്. വഴി വക്കില്‍ കണ്ട ഒരു പെണ്‍കൊടിയോട് സായിപ്പിനു തോന്നിയ ഇഷ്ടം അവളെ നിണമണിയിച്ച കഥ. നമ്മുടെ ഉടയോന്‍ എന്നു നമ്മെ ഭരിച്ചിരുന്നവര്‍ വിളിച്ചിരുന്ന ഇവര്‍ നമ്മോട് ചെയ്തിരുന്നതിനെ ആരും ചോദ്യം ചെയ്യാറില്ല.

എന്നും തല തെറിച്ച ഒരു കൂട്ടം ഉണ്ടായിരുന്നു.ഇന്നും ഉണ്ട്.അവരെ പേടിച്ച് പെണ്‍കൊടികള്‍ പുറത്തിറങ്ങരുത് എന്നൊക്കെ പറയുന്നതില്‍ പരം ഭോഷത്തം എന്താണു?അതു പോലെ എല്ലാ ആണുങ്ങ്ളും പീഡനക്കാരാണു എന്നു പറയാനൊക്കുമോ?

നമ്മുടെ നാടിന്‍റെ സദാചാരമെന്നത് വെറും പുറമ്പൂച്ചാണു.എല്ലാം മറയില്‍ നടക്കണം.സ്വവര്‍ഗ്ഗരതിയും അതോടൊന്നിച്ചുള്ള കുറ്റകൃത്യങ്ങളും അങ്ങ് അമേരിക്കന്‍ സംസ്കാരമാണു എന്നാണു ചിലരുടെ പറച്ചില്‍ ആണോ?ഒരിക്കലുമല്ല.കേരളത്തില്‍ അത്തരം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.കത്തിമുനയില്‍ അതിനു നിന്നുകൊടുക്കേണ്ടി വന്ന ജന്മങ്ങളുമുണ്ട്.എല്ലാം അങ്ങു യൂറോപ്പില്‍ നിന്നു വന്നതല്ലേ..നമ്മള്‍ സംസ്ക്കാര സമ്പന്നര്‍ എന്നു പ്രസംഗിക്കുന്നവര്‍ പോലും അതില്‍ ഭാഗഭാക്കാണു.ഒരേ സമയം വേട്ടക്കാരും ഇരകളോട് സഹതാപവും കാണിക്കുന്ന കൂട്ടര്‍ നിറഞ്ഞ കാലഘട്ടത്തില്‍ നിസ്സംഗത മാത്രമേ തോന്നുന്നുള്ളൂ .സഹതാപവും.

ഇന്നത്തെ കാലഘട്ടത്തില്‍ നീലച്ചിത്രങ്ങള്‍ കാണാത്തവരും അതാസ്വദിക്കാത്തവരും ചുരുക്കമായേ ഞാന്‍ കണ്ടിട്ടുള്ളൂ.അപ്പോള്‍ അതില്‍ ഒരിരയുണ്ട് വേട്ടക്കാരനും.ഇരയോട് നമുക്ക് സഹതാപമൊന്നും തോന്നാറില്ല എന്നതു സത്യം മാത്രം.അതും ഒരു പെങ്ങളാണു അമ്മയാണു..ആരുടേയോ? നമുക്കതു തോന്നാറില്ല.ഇപ്പോള്‍ ചില മാന്യദേഹങ്ങള്‍ വേശ്യാഹൃഹങ്ങള്‍ ഇല്ലാത്തതാണു ഇത്തരം അക്രമങ്ങള്‍ക്ക് കാരണം എന്നു.അതിനു ആരുടെയോ പെങ്ങളോ അമ്മയോ മറ്റോ വരണമല്ലോ?നിങ്ങളുടെ പെങ്ങളെ ?അമ്മയെ? മകളെ ?നിങ്ങള്‍ വിട്ടുകൊടുക്കുമോ?ഒരിക്കലുമില്ല.


ദി കന്‍ഡമ്ഡ് എന്ന സിനിമയില്‍ അതു കണ്ടിരിക്കുന്നവരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു.ആ വേട്ടയില്‍ നമ്മളും പങ്കാളിയാണു.കാരണം ആവശ്യക്കാരേറുന്നതുകൊണ്ടാണു വേട്ടക്കാരുണ്ടാകുന്നത്.ഇരകളെ കണ്ടെത്തേണ്ടി വരുന്നതു.ആവശ്യക്കാരായ നമ്മളും കുറ്റക്കാരാണു.അപ്പോള്‍ ഒരിരയെ മാത്രം നോക്കി ഒഴുക്കുന്ന മുതലക്കണ്ണീരില്‍ എന്തര്‍ത്ഥമാണുള്ളതു?

ഇവിടെ കുറ്റവാളികള്‍ നമ്മളൊക്കെ തന്നെയാണു.കൊച്ചുപുസ്തകങ്ങള്‍ എന്ന പേരില്‍ എന്‍റെ ചെറുപ്പകാലത്തു ഞാനും വായിച്ചിട്ടുണ്ടു.അതില്‍ സ്വന്തം അമ്മയെപ്പോലും കാമക്കണ്ണോടെ നോക്കുന്ന കഥകളാണു.നിരോധിക്കേണ്ടതും മറ്റും അത്തരം വികല ചിന്തകളെ പരത്തുന്ന പുസ്തകങ്ങളേ ആണു.അതിനു നമ്മുടെ കുട്ടികള്‍ ഇരകളാക്കപ്പെടുകയാണു.വിഷം പുരട്ടിയ ആ പുസ്തകങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചെ മതിയാകു.അതു പരത്തുന്ന വെബ്സൈറ്റുകളും.

മഹാകൊക്കഗോ ശാസ്ത്രത്തില്‍ കൊച്ചുകുഞ്ഞിനെ പോലും വെറുതെ വിടുന്നില്ല.ഇതെല്ലാം വായിയ്ക്കുന്ന ബുദ്ധി ഉറച്ചുവരുന്ന കൌമാരക്കാര്‍ കുറ്റകൃത്യങ്ങളിലേക്ക് വന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ.വേണ്ടത് ശരിയായ ലൈംഗികവിദ്യാഭാസമാണു.അതിനു വേണ്ട പുസ്തകങ്ങളും.

ഇന്നും മാധവിക്കുട്ടി എന്ന കമല സുരയ്യ പറഞ്ഞ കുറച്ചു വാക്കുകളാണു.”ഇന്നു നടക്കുന്ന ബലാത്സംഗം ഒന്നും ബലാത്സംഗമല്ല കുട്ട്യോളെ..പണ്ട് ഇതിനേക്കാള്‍ ക്രൂരമായിരുന്നു.ഇന്ന് നിയമത്തെ കുറച്ചെങ്കിലും പേടിയുണ്ട്.അന്ന് ആര്‍ക്ക് ആരെയാ പേടി?സഹിക്കുക തന്നെ.”

എനിക്ക് പറയാനുള്ളതും അതു തന്നെയാണു.ഇന്നു നമുക്കതു ചോദ്യം ചെയ്യാനെങ്കിലുമാകുന്നുണ്ട്.പിന്നെ നന്നാവേണ്ടത് അവനവന്‍ തന്നെയാണു.ആവശ്യക്കാര്‍ കൂടുന്നതുകൊണ്ടു തന്നെയാണു ഇരകളും വേട്ടക്കാരും ഉണ്ടാകുന്നത്.സമൂഹത്തിനെ ശുദ്ധി വരുത്തുന്നതില്‍ നമ്മുടെ തന്നെ പങ്കും ചെറുതല്ല.ഇന്ന് ആഘോഷിക്കപ്പെടുന്ന വാര്‍ത്തകളാണു.ഒരു കാലത്ത് മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്ത ആയിരുന്നു സൂര്യനെല്ലി പെണ്‍കുട്ടിയുടേത്! 2005- ല് കൊടുത്ത അപ്പീലിനു ഇതു വരെ അന്തിമവിധി ആയില്ല പോലും.ആരും അതെ പറ്റി ഇപ്പോള്‍ മിണ്ടിക്കാണുന്നില്ല.വേട്ടക്കാര്‍ക്കു ഉന്മേഷമേറ്റുന്നത് ഇത്തരം വാര്‍ത്തകളാണു.ഇത്ര നാളായിട്ടും ഇരയ്ക്ക് മാത്രമേ പ്രശ്നങ്ങള്‍ ഉള്ളൂ വേട്ടക്കാര്‍ എവിടെ?വേട്ടക്കാരെ ഇല്ലാതാക്കാന്‍ ശിക്ഷ എത്രയും പെട്ടെന്ന് നടപ്പിലാവണം.എങ്കിലേ പേടി കാണൂ.അല്ലാതെ കടുത്ത ശിക്ഷകള്‍ ഉണ്ടായാലും ഇത്ര കാലതാമസമുള്ള നിയമവ്യവസ്ഥയില്‍ ഇരകള്‍ ഉണ്ടായികൊണ്ടിരിയ്ക്കും.

വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ എന്‍റെ ഭയാശങ്കങ്ങള്‍ കൂടുന്നേയുള്ളൂ.കുറയുന്നില്ല.എന്‍റെ നിസ്സംഗതക്കുള്ളിലും കലങ്ങിമറിയുന്ന ഒരു മനസ്സാണെനിക്കുള്ളതു കൂട്ടരേ!

2 comments:

ajith said...

ഭയങ്കരം തന്നെ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

സുമെഷെട്ടാ ചില സത്യങ്ങള്‍ മനോഹരമായി എഴുതിയിരിക്കുന്നു . (ഭാരതീയ സംസ്ക്കാരം ഉത്ഘോഷിക്കുന്നവര്‍ വായിക്കട്ടെ ....)

Post a Comment