Friday 19 December 2014

മോഹത്തിന്റെ പമ്പരം

മോഹത്തിന്റെ  പമ്പരം
ഇച്ഛയുടെ ചരടില്‍ ചുറ്റി
കറക്കാന്‍ തുടങ്ങിയിട്ടേറെ കാലമായ് ..
നീയുമതില്‍ പങ്കാളി
ഒട്ടു നേരം കറക്കി കറക്കി
നീയതില്‍ പിന്നെ കൊത്തനെറിഞ്ഞു കളിച്ചു
പിന്നെ പിന്നെ നീയെന്നില്‍ കൂടെ
മുറിവുകള്‍ കൊണ്ടു നിറച്ചു
ഒന്നും നോവല്ലായിരുന്നു
ഒടുക്കം നീയതു ചെയ്യും വരെ !
നീയെന്റെ മോഹത്തിന്റെ
പമ്പരം രണ്ടായ് മുറിച്ചു കളഞ്ഞതെന്തേ !?
ഇനിയിപ്പോ പുതിയൊരു
പമ്പരം വാങ്ങുവാന്‍ വയ്യ !
ബാക്കി വന്നയിച്ഛയുടെ 
ചരടെന്നെതന്നെ വലിഞ്ഞു മുറുക്കുന്നു ..
നീ ചിരിച്ചുകൊള്ളൂ .....
------------------------------------------------
എന്റെ ചെറുപ്പകാലത്ത് മരം കൊണ്ടുള്ള പമ്പരവും അത് കട്ടി കൂടിയ ചരടു കൊണ്ടു ചുറ്റി നിലത്തെറിഞ്ഞു കറക്കുന്നത് ഒരു വിനോദവുമാണ്.അത് ചുറ്റുന്ന ചരടിന്ചാട്ടഎന്നാണ് വിളിക്കുക. ചാട്ട കൊണ്ട് കറങ്ങുന്ന പമ്പരം ചുറ്റി കയ്യിലെടുക്കുക തുടങ്ങിയവ അതില്‍ വിദഗ്ദ്ധര്‍ ആയവര്‍ ചെയ്യുന്നവയാണ്.അതിലൊരു കളിയാണ് ഏറ്റവും കുറവ് കറങ്ങുന്ന പമ്പരത്തിന് മുകളില്‍ എല്ലാവരും ചേര്‍ന്ന്‍ പമ്പരം കൊത്തിയെറിയും .. ഒരു കാര്യത്തിനു വേണ്ടി മാത്രം പമ്പരത്തിന് കട്ടി കൂടിയ ആണി പിടിപ്പിക്കുന്നവരും ഉണ്ട്.ഓരോ പമ്പരവും അതിയായ മോഹമാണ്.എത്ര ആശിച്ചാണ് ഒരെണ്ണം വാങ്ങുക.അത് ലഭിക്കുന്നത്  ചിലപ്പോള്‍ വളരെ പാട് പെട്ടായിരിയ്ക്കും..എനിക്കെല്ലാം ഇത് വിലക്കപ്പെട്ട കളിയായിരുന്നു.എങ്കിലും  പലരും കളിക്കുന്നതും ഒടുക്കം എല്ലാവരുടെയും കൊത്തേറു   കൊണ്ടു പമ്പരം രണ്ടായി പൊളിഞ്ഞുപോയതു കണ്ടു വിതുമ്പിക്കരഞ്ഞ കൂട്ടുകാരെ ഓര്‍മ്മയുണ്ട് .ഓരോ പമ്പരവും ഓരോ മോഹമാണ് .അതിനെ കറക്കിയെടുക്കുന്നത് അല്ലെങ്കില്‍ ജീവനോടെ നിര്‍ത്തുന്നത് നമ്മുടെ ഇച്ഛാശക്തിയാണ് ..അതാണീ ചരട് അല്ലെങ്കില്‍ ചാട്ട..എങ്കിലും മോഹം ഒരൊറ്റ കൊത്തേറു കൊണ്ടു പിളര്‍ന്നു പോകുന്നത് വിധിയാണ്.ഒരു പമ്പരം നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് വാങ്ങിക്കിട്ടാന്‍ പല നാള്‍ കാത്തിരിക്കണം..ചോദിക്കുന്നതെല്ലാം ഉടനടി ലഭിക്കുന്ന ബാല്യമുള്ളവര്‍ ഇപ്പോളാണ് .പണ്ടില്ലല്ലോ!നമ്മളുടെ പല നാളുള്ള മോഹം ഒറ്റനിമിഷത്തെ ചിലരുടെ പ്രവൃത്തി കൊണ്ടു ഇല്ലാതാകുന്നത് കണ്ടിട്ടില്ലേ



3 comments:

ajith said...

Okay, good

അന്നവിചാരം said...

അജിത്തേട്ടാ നന്ദി..

Salim kulukkallur said...

മോഹപ്പമ്പരം കറങ്ങുന്ന വഴികള്‍ ...!

Post a Comment