Friday, 12 October 2012

പാട്ടുകളുടെ കാലം


ആദ്യത്തെ കണ്മണി ആണായിരിയ്കണം ..ഒരു പയ്യന്‍സ് പാടികൊണ്ടിരുന്നു ..ചുറ്റിലും കേള്‍ക്കാന്‍ കുറെ പേര്‍
പാടിക്കഴിയുമ്പോള്‍ വലിയ കയ്യടി!..ആ കുട്ടി എന്നും പാട്ടിനെ ഇഷ്ടപ്പെട്ടു,എന്നെ വല്ലാതെ സ്നേഹിച്ച ഒരു വല്യേട്ടന്‍ ഉണ്ട്.സുഗുണന്‍ ചേട്ടന്‍.
ഒരു അഞ്ചു വയസ്സുകാരനായിരുന്നപ്പോളും ഈ പ്രായത്തിലും അതെ വാത്സ്യല്യത്തോടെ എന്നെ സ്നേഹിക്കുന്നു.ആ പയ്യന്‍സ് ഇന്നും ആ സ്നേഹം മനസ്സില്‍ 
കൊണ്ടുനടക്കുന്നു.എന്നെ സ്നേഹിച്ച  സ്നേഹിക്കുന്ന എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

ഏട്ടന്റെ കൈ പിടിച്ച് വലിയ സ്കൂളിലേക്ക് നടന്നു ചെന്നപ്പോള്‍ അവിടെ "ആപ് ജൈസാ കോയി മെര.." എന്ന് തുടങ്ങുന്ന ഗാനം അലയടിയ്ക്കുന്നു.കുറെ ചേട്ടന്മാര്‍ ഡാന്‍സ് 
ചെയ്യുന്നു.ആ പയ്യന്‍സും കൂടെ നൃത്തം വെച്ചു. ആ പയ്യന്‍ ആ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സുകൊണ്ട് ഇന്നും നൃത്തം വെയ്ക്കുന്നു.പാട്ട് ആസ്വദിക്കുന്നവരില്‍  ജാതി ഇല്ലായിരുന്നു.മതം ഇല്ലായിരുന്നു.
നിറഞ്ഞു നിന്നത് സ്നേഹം മാത്രം.അതുകൊണ്ട് പാട്ടുകള്‍ സ്നേഹമാണെന്ന് എനിക്ക് തോന്നുന്നു.

ഓരോ കാലവും ഓരോ പാട്ടുകളുടെ കാലം.കുഞ്ഞായിരിയ്ക്കെ അമ്മ പാടി തന്ന പാട്ടുകള്‍. വലുതായപ്പോള്‍ അമ്മ പാടി തന്ന പാട്ടുകള്‍  
എന്റെ പ്രിയപ്പെട്ട പാട്ടുകളായി .."കന്നിനിലാവത്തെ കസ്തൂരി പൂക്കുന്ന കൈതേ..."..ഈ പാട്ട് കേള്‍ക്കുമ്പോള്‍ അമ്മയുടെ മുടിയിലെ എള്ള് എണ്ണയുടെ മണം വരുന്നു.കൂടെ മനസ്സില്‍ ഒരായിരം കൈതകള്‍ പൂക്കുന്നു.നിലാവിന്റെ തണുപ്പ് ചുറ്റിലും നിറയുന്നു.എന്റെ അമ്മ മുന്‍പില്‍ വന്നു നിന്ന് പാടുന്ന പോലെ.പാടുമ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്ന്‍ കണ്ണുനീര്‍ ധാരയായി ഒഴുകും.കാലം പല വേദനകളും തന്നപ്പോളും പാട്ടുകളില്‍ അമ്മ വന്നു നിറയുന്നു ..പാട്ടായി നിലാവിന്റെ തണുപ്പായി വരുന്നു.പാട്ട് അമ്മയാകുന്നു.ഇപ്പോള്‍ എന്റെ കണ്ണില്‍ നിന്നാണ് കണ്ണീര്‍ പൊടിയുന്നത്.

പത്താം ക്ലാസില്‍ ഇന്ദുപുഷ്പം ചൂടി നില്‍ക്കുന്ന രാത്രികള്‍ ..ചിത്രയുടെ ദൈവീക ശബ്ദത്തില്‍ കാതില്‍ അലയടിച്ചു.ധ്വനിയിലെ ജാന്കീജാനെ...ബോംബെ രവി ഒരു പരിചിതനായി.കൂടെ നൌഷാദ്. ഓ.എന്‍. വി ,യൂസഫലി കേച്ചേരി ..കൂടെ വൈശാലിയുടെ വശ്യ സൌന്ദര്യം ഉറക്കം കെടുത്തിയ രാത്രികള്‍... .. .കൌമാരത്തിന്റെ കാമ മോഹങ്ങളില്‍ വൈശാലി നിറഞ്ഞാടി.
പോളിടെക്നിക്കിലെ  ക്ലാസ് മുറികളില്‍ പുതു വെള്ളൈ മഴൈ പൊഴിഞ്ഞു ..ചിന്ന ചിന്ന ആശൈകളുമായി മധുബാല..ഹോഗനക്കലിന്റെ വശ്യ സൌന്ദര്യത്തില്‍ കുളിച്ചു കയറി.കൂടെ റഹ്മാന്‍ എന്ന കസ്തൂരി മാന്‍ പാട്ടിന്റെ കസ്തൂരിഗന്ധമായി പിന്നെ അവന്‍ ഓസ്കാര്‍ നേടി വന്നപ്പോള്‍ .നീ ഞങ്ങളുടെ കൂട്ടുകാരനായിരുന്നു.ഇന്നും മനസ്സില്‍ ഞങ്ങളുടെ സമപ്രായക്കാരനാകുന്നു.നിന്റെ വളര്‍ച്ചയില്‍ ഞങ്ങള്‍ അഭിമാനം കൊണ്ടു.
കാതല്‍ റോജാവേ പാടി കാമുകഹൃദയങ്ങള്‍ തേങ്ങി..സുന്ദരനായ  അരവിന്ദ് സ്വാമി പെണ്‍ കുട്ടികളുടെ ഹരമായി.അവനെ തേടി ബംഗാളില്‍ നിന്ന് പോലും പെണ്‍കുട്ടികള്‍ വന്നു.ഇന്നും മനസ്സില്‍ 
റോജയിലെ പാട്ടുകള്‍ അലയടിയ്ക്കുന്നു.എന്റെ കൂട്ടുകാര്‍ എല്ലാവരും ഇന്നും അത് ആസ്വദിക്കുന്നുണ്ടാവും.എന്റെ ഒരു കൂട്ടുകാരി എന്റെ ഒരു ക്ലാസ് മേറ്റിനെ ചൂണ്ടികാട്ടി അവന്‍ അരവിന്ദ് സ്വാമിയെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞു.അങ്ങിനെയാണോ? ആ ആര്‍ക്കറിയാം? എങ്കിലും ആള്‍ സുമുഖനാണ് ഇന്ന് ഞാനവന്റെ അടുക്കല്‍ പോയിരുന്നു.എന്റെ കൂട്ടുകാരന്‍ ഷമീറിന്റെ അടുക്കല്‍ .അവന്റെ മോള്‍ കോല്‍ കൊല വെറി പാട്ട് പാടുന്നു.ആ കൊഞ്ചല്‍ എന്റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു.

ഞങ്ങളുടെ കല്യാണ കാസറ്റില്‍ "കരയാതെന്‍ തുമ്പി ഞാനില്ലേ നിന്‍ കൂടെ " എന്ന പാട്ട് കേട്ടപ്പോള്‍ ഒരിക്കലും കരുതിയില്ല അവളുടെ കണ്ണീരില്‍ ഞാന്‍ മാത്രമാകുമെന്ന്‍......
അവളുടെ അച്ചനും അമ്മയും കൂടെ അവളുടെ ആങ്ങളയും മരിച്ച വിവരം പോലീസ്  വിളിച്ചു പറയുമ്പോള്‍ ചിന്ന ചിന്ന ആശയായിരുന്നു. എന്റെ റിംഗ് ടോണ്‍ ..പിന്നെ പിന്നെ ആ പാട്ട് കേള്‍ക്കുമ്പോള്‍ വിഷത്തിന്റെ മണമായിരുന്നു .ഇന്നും ആ വിഷത്തിന്റെ മണം ആ പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നു.അഞ്ചു കൊല്ലം കൊണ്ട് ആ പാട്ട് കേള്‍ക്കാന്‍ എനിക്ക് മനശക്തി ഇല്ല.

ഇന്ന് പക്ഷെ ഞാനും ഷമീരും സംസാരിച്ചത് മറ്റൊരു വിഷത്തെ പറ്റിയായിരുന്നു.നാട്ടില്‍ പടര്‍ന്നു വരുന്ന വര്‍ഗ്ഗീയ വിഷത്തെ പറ്റിയാണ് .ഓരോ ഹിന്ദുവും ഹിന്ദുവിന്റെ സ്കൂളില്‍ പഠിക്കുന്നു.മുസ്ലീം മുസ്ലീം സ്കൂളില്‍ പഠിക്കുന്നു .ക്രിസ്ത്യാനി ക്രിസ്ത്യാനിയുടെ സ്കൂളില്‍ പഠിക്കുന്നു.എന്റെ മകന് ഒരു മുസ്ലീം സുഹൃത്തുണ്ടാവില്ലേ?ഒരു ക്രിസ്ത്യാനി സുഹൃത്താവില്ലേ?
ഷമീറിന്റെ ഉമ്മ വിളമ്പി തന്ന ജീരകകഞ്ഞിയുടെയും ഇടിയപ്പത്തിന്റെയും രുചി എന്റെ മക്കള്‍ക്ക് കിട്ടില്ലേ?. ആ ഉമ്മ എന്നെ ഒരു മകനായി തന്നെ സ്നേഹിക്കുന്നു .ആ ഉമ്മയെ എന്റെ ഉമ്മയായി തന്നെ.സുധീറിന്റെ ഉമ്മ എന്റെ ജീവിതവിജയത്തിന്ന്‍ വേണ്ടി പരിശ്രമം ചെയ്തു.സ്നേഹിക്കാന്‍ ജാതി നോക്കുന്ന ഈ കാലത്ത് ഷമീറിന്റെ മകള്‍ കൊല വെറി പാടുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞത് കൊലകള്‍ നടത്തുന്ന മറ്റൊരു കൊല വെറിയെ പറ്റിയായിരുന്നു.അത് മത വെറി അല്ലാതെ മറ്റൊന്നും അല്ലായിരുന്നു.


പരമകാരുണികനായ ദൈവമേ നിന്റെ പേരില്‍ ഉള്ള മതത്തിന്റെ വാദികള്‍ ആരെയും കൊല്ലാതിരിയ്ക്കാന്‍ അങ്ങ് തന്നെ കാത്തു കൊള്ളാന്‍ പ്രാര്‍ഥിക്കുന്നു.അവരെ മതത്തിന്റെ പേരില്‍ പരസ്പരം പിരിക്കാതിരിക്കട്ടെ .സ്നേഹത്തിന്റെ സംഗീതം കേള്‍ക്കുന്നുണ്ട് .അങ്ങ് ദൂരെ ..പാട്ടുകളുടെ കാലം ..തോളില്‍ കയ്യിട്ടു എന്റെ ബാല്യകാലം നൃത്തം വെയ്ക്കുന്നു.വേര്‍തിരിവുകള്‍ ഇല്ലാത്ത പാട്ടുകളുടെ കാലം ആയിരിയ്ക്കും ഉണ്ടാവാന്‍ പോകുന്നതെന്ന്‍ ആശിക്കാം.

2 comments:

Nidheesh Krishnan said...

ഹിന്ദുക്കള്‍ ഹിന്ദു പാട്ടും , ക്രിസ്ത്യാനികള്‍ ക്രിസ്ത്യന്‍ പാട്ടും , മുസ്ലിങ്ങള്‍ മുസ്ലിം പാട്ടും പാടുന്ന കാലം ആവല്ലേ ഇനി ഉണ്ടാവുന്നത് എന്ന് ആശിക്കാം .
പാട്ടുകളുടെ കാലം ......... നന്നായിരിക്കുന്നു

pravaahiny said...

കൊള്ളാം. അക്ഷരതെറ്റുകള്‍ ഉണ്ട്. word verification maattu. settingsil poyi mattiyaal mathi @PRAVAAHINY

Post a Comment