Tuesday, 12 April 2011

കുളപുരാണം


നിങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് എങ്ങിനെ ആ പേര്‍ വന്നു എന്നു മനസ്സിലാക്കിയിട്ടുണ്ടോ?..

എന്റെ നാട് തൃശ്ശൂരിലെ തളിക്കുളം..കോഴിക്കോട് തളി ക്ഷേത്രത്തിനോട് ചേര്‍ന്നും ഒരു തളിക്കുളം ഉണ്ടത്രേ!എന്റെ നാടിന് പേര് നല്കിയത് ഒരു കുളമാണ്.സാമൂതിരിയുടെ കാര്യസ്ഥന്മാരായിരുന്ന തളിയാതിരിമാര്‍ തങ്ങളുടെ ഭടന്മാര്‍ക്ക് വേണ്ടിയും ഗ്രാമത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയും കുഴിച്ച കുളമായതുകൊണ്ട് തളിക്കുളമെന്ന്‍ പേര്‍ വന്നതത്രേ!ഈ കുളത്തിന്റെ പേരില്‍ ആ ഗ്രാമമാകെ അറിയപ്പെടുകയായിരുന്നത്രേ!ഈ കുളത്തിനോട് ചേര്‍ന്ന്‍ ഒരു ക്ഷേത്രവും ഉണ്ട് "തളിക്കുളങ്ങര ശങ്കരനാരായണക്ഷേത്രം"ഇന്ന്‍ കുളം പുറമേ നിന്ന്‍ കാണാനാകില്ല..അവിടേയ്ക്കുള്ള വഴി പോലും വ്യക്തമല്ല.ചുറ്റും വീടുകള്‍ നിറഞ്ഞു അമ്പലത്തിന്റെ തന്നെ സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടുപോയി എന്നാണ് കേട്ടുകേള്‍വി..


തൃശ്ശൂരില്‍ തന്നെ പലയിടങ്ങളിലും ഈ കുളം ചേര്‍ന്ന സ്ഥലപ്പേരുകള്‍ ഉണ്ട്..പുന്നയൂര്‍ക്കുളം,കുന്ദംകുളം.ചങ്ങരംകുളം..അങ്ങിനെ പേരുകേട്ട കുളം ചേര്‍ന്ന സ്ഥലപ്പേരുകളും അത്ര കണ്ട്പേരു കേള്‍ക്കാത്ത..കൊറ്റന്‍ കുളം,കോതകുളം,പാറക്കുളം
രാമന്‍കുളം..പുതുക്കുളം അങ്ങിനെ അനവധി കുളം ചേര്‍ന്ന സ്ഥലപ്പേരുകള്‍ കണ്ടെത്താനാവും.

കുളങ്ങള്‍ക്ക് പല വിശുദ്ധിയും മുന്‍കാലങ്ങളില്‍ കല്‍പിച്ചുപോന്നിട്ടുണ്ട്.നാട്ടിലെ തന്നെ ഒരു കുളത്തിന് മുന്‍പില്‍ നിന്ന്‍  പ്രാര്‍ത്ഥിച്ചാല്‍ ആശിക്കുന്നത് നടക്കുമെന്ന ഒരു വിശ്വാസമുണ്ടായിരുന്നത്രേ!ഇന്നിപ്പോള്‍ അത്തരം വിശ്വാസങ്ങള്‍ക്ക് എന്ത് പ്രസക്തി?

തൃപ്രയാറിലെ ആറാട്ടുപുഴ പൂരം പുറപ്പാട് പ്രസിദ്ധമാണ്..ഗുരുവായൂരിലെ പോലെ അത്ര തിരക്കൊന്നും തൃപ്രയാറില്‍ ഉണ്ടാകാറില്ല.രണ്ടു പേരും ഒരാളുടെ തന്നെ രണ്ടവതാരമാണെങ്കിലും..ആളുകള്‍ക്ക് കൃഷ്ണനോടാണ് പ്രിയം..അതെന്താണെന്നറിയില്ല..മാനുഷികഭാവങ്ങളായ സംഗീതവും പ്രണയവും മറ്റു ലീലകളും കൃഷ്ണന്റെ കൈവശമുള്ളതുകൊണ്ടായിരിയ്ക്കാം അത്!
തൃപ്രയാറില്‍ തിരക്കേറുന്ന നാളുകളാണ്,ഏകാദശി...ആറാട്ടുപുഴ പൂരം പുറപ്പാട്..രാമായണമാസമായ കര്‍ക്കിടകം..ഇപ്പോള്‍ അവിടത്തേക്കാള്‍ തിരക്ക് തേവരുടെ ആശ്രിതരായ ചാത്തന്മാരുടെ അടുത്തും ഹനുമാനടുത്തുമാണ്..അല്ലെങ്കിലും കാര്യം നടക്കാന്‍ ആശ്രിതന്മാരെ അല്ലേ ആദ്യം പിടിക്കേണ്ടത്!

ഇതൊന്നും നമ്മുടെ വിഷയമല്ലല്ലോ..തൃപ്രയാറിന് ചുറ്റിലും അനവധി കുളങ്ങളുണ്ട്..ഈ കുളങ്ങളിലെല്ലാം തേവര്‍ നീരാട്ടു നടത്തും..കൂടെ ഭക്തജനങ്ങളും..എത്ര കുളങ്ങളിലാണ് നീരാട്ട് നടത്തുക എന്നെനിക്ക് നിശ്ചയമില്ല..പക്ഷേ എനിക്കറിയാവുന്ന പല കുളങ്ങളുടേയും സ്ഥിതി വളരെ മോശമാണ്.തേവര്‍ നീരാട്ടിനെത്തുമ്പോളേയ്ക്കും കുളങ്ങള്‍ വറ്റി വരണ്ടിട്ടുണ്ടാകും പിന്നെ ഒരു കൊച്ചുകുഴി കുത്തി അതിലാണ് നീരാട്ട് കണ്ടാലറയ്ക്കുന്ന വെള്ളത്തില്‍ തേവരും പരിവാരവും ആറാട്ട് നടത്തുന്നത് സങ്കടം തന്നെ..അത് കാണേണ്ട ഒരാളും കാണുന്നില്ല
എന്നത് അതിലും ദുഃഖകരമാണ്!ഇപ്പോളാണെങ്കില്‍ കുളങ്ങള്‍ മാലിന്യങ്ങള്‍ തള്ളാനുള്ള ഒരു സ്ഥലം എന്ന തോന്നലും ഉണ്ട് ആളുകള്‍ക്ക്..അല്ലെങ്കില്‍ വേറെ എങ്ങും ഒഴുകിപോകാനില്ലാത്തതുകൊണ്ട് അവിടേയ്ക്ക് ഒഴുകി എത്തുകയും ചെയ്യും.

ഇതു പറഞ്ഞുവന്നത് രസകരമായ ഒരു കാര്യം പറയാനാണ്.തേവര്‍ നീരാടുന്ന "കുറുക്കന്‍ കുളം" എന്നൊരു കുളം നാട്ടിക എസ്.എന്‍ കോളേജ് മൈതാനത്തിന് സമീപം ഉണ്ട്.അവിടെ തേവര്‍ നീരാട്ടിനെത്തുമ്പോള്‍ ഭക്തര്‍ പരസ്പരം "കുറുക്കാ" എന്ന്‍ വിളിക്കും പോലും.എന്റെ അമ്മൂമ്മയുടെ കഥകളില്‍ നിന്നുള്ള വിവരമാണ്..ഞാന്‍ നേരിട്ട് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.

ഇപ്പോഴും പഴയ കാരണവന്മാര്‍ ഓരോ കുളങ്ങളുടെ പേരു വെച്ചാണ് ഓരോ പ്രദേശത്തെ വിളിക്കുന്നത്..ആ കുളമെല്ലാം നികന്നു പോയിട്ട് 20-25 വര്‍ഷമായി എങ്കിലും അവരതുപറഞ്ഞേ വിളിക്കൂ..ഗ്രാമത്തിന്റെ നന്മ മറഞ്ഞതിനൊപ്പം കുളങ്ങളും മറഞ്ഞു..നമ്മള്‍ നീന്തിത്തുടിച്ച.വരാലുകള്‍ കൂടെ നൃത്തം വെച്ച കുളങ്ങള്‍..പാടശേഖരങ്ങള്‍ വറ്റുമ്പോള്‍ മത്സ്യങ്ങള്‍ക്ക് അഭയസ്ഥാനമായിരുന്ന കുളങ്ങള്‍..അവയൊന്നും ബാക്കിയില്ല..കൂടെ അമൂല്യമായ മത്സ്യസമ്പത്തും.ഇനി ആ ഒരു സംസ്കൃതി തിരിച്ചുവരില്ല..എന്ന നഷ്ടബോധം മാത്രം ബാക്കി..


കുളങ്ങളുടെ സംരക്ഷണത്തെപ്പറ്റി പറയാതിരിക്കാനാകില്ലല്ലോ.നിയമങ്ങളേക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് ഇത്തരം പൊതുക്കുളങ്ങളുടെ സംരക്ഷണം തന്നെ.വിശുദ്ധി നിറഞ്ഞ കുളങ്ങള്‍ നിലനില്‍ക്കട്ടെ!..നമുക്ക് വേണ്ടി..നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി..

ഈ കുളപുരാണം ഇഷ്ടപ്പെട്ടുകാണുമെന്ന്‍ കരുതുന്നു..ഓരോ സ്ഥലപ്പേരിനും ഓരോരോ കഥകള്‍ പറയാനുണ്ടാകും എന്നെ സഹായിച്ചത് വി.വി.കെ വാലത്തിന്റെ സ്ഥലനാമചരിത്രം എന്ന പുസ്തകമാണ്.നമ്മുടെ സാഹിത്യ അക്കാദമി ആണ് പ്രസാധകര്‍..കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ വാങ്ങിവായിക്കുമല്ലോ?ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം പുസ്തകം ഉണ്ട്.നിങ്ങളുടെ സ്ഥലപ്പേരിനെപ്പറ്റിയും ഉള്ള കഥകള്‍ ഇവിടെ പങ്കു വെയ്ക്കുമല്ലോ?

7 comments:

ഷമീര്‍ തളിക്കുളം said...

കുളങ്ങളെ കുറിച്ച് പറയുമ്പോള്‍ തളിക്കുളംകാരനായ ഞാന്‍ ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ....? തളിക്കുളം എന്നപേര് എങ്ങിനെ കിട്ടിയെന്നു സത്യത്തില്‍ ഇവിടെ വായിച്ചപ്പോഴാണ് ശരിക്കും തലയില്‍കേറിയത്. നന്നായിരിക്കുന്നു, കുളം പുരാണം. ആശംസകള്‍......

Lipi Ranju said...

കൊള്ളാല്ലോ ഈ കുളം പുരാണം...
എന്‍റെ ചേച്ചിയെ കല്യാണം കഴിച്ചു
അയച്ചിരിക്കുന്നത് തളിക്കുളത്തെയ്ക്കാണ്..
ഇനി ആ സ്ഥലനാമചരിത്രം വായിച്ചിട്ട് എന്‍റെ
സ്ഥലത്തിന്‍റെ(കല്ലേറ്റും കര ) പുരാണവും ഒന്ന്
അറിയണം.... :) പുസ്തകം പരിചയപ്പെടുത്തിയതിനു
നന്ദിട്ടോ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഞാനുമൊരു തളിക്കുളംകാരനാണ്.
പക്ഷെ ഷമീര്‍ പറഞ്ഞ പോലെ ഞാനും ആദ്യായിട്ട് കേള്‍ക്കാ..തളിക്കുളത്തിനു തളിക്കുളമെന്ന പേരു വന്ന കഥ..കുള പുരാണം കലക്കി...

വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ....?


@ ലിപി. അല്ലങ്കിലും നല്ല നല്ല ആളുകള്‍ ഉള്ളത് തളിക്കുളത്താ.....

ഗൗരിനാഥന്‍ said...

ഇതെന്തായാലും അസ്സലായി..തളിക്കുളത്ത് ജനിച്ചിട്ടും മറ്റുള്ള നാട്ടിലെ വിശേഷങ്ങള്‍ പറഞ്ഞെന്നല്ലാതെ നമ്മുടെ സ്വന്തം ചരിത്രം അറിഞ്ഞില്ല. നന്ദി സുഹൃത്തേ...തുഞ്ചന്‍പറന്‍പിലേക്ക് പോകുന്നില്ലേ

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി. എന്തൊക്കെ വിശേഷങ്ങള്!

കഥപ്പച്ച said...

ഓണം ആശംസകള്‍ അഡ്വാന്‍സായി

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

anupama said...

പ്രിയപ്പെട്ട സുമേഷ്,

ശരിക്കും അത്ഭുതപ്പെട്ടു പോയി........!

എനിക്ക് ഒത്തിരി ഇഷ്ടമുള്ള വിഷയമാണ്, കുളങ്ങള്‍....!തളിക്കുളം ഒരുപാട് പ്രിയപ്പെട്ട സ്ഥലമാണ്.

ഓരോ സ്ഥലത്തിന്റെ പേരിലും ചരിത്രം ഉറങ്ങുന്നു.മനോഹരമായി എഴുതിയിട്ടുണ്ട് !

കുളത്തിന്റെ അടുത്തു നിന്നു പഴമക്കാര്‍ പ്രാര്‍ഥനയോടെ നിന്നിരുന്ന നിമിഷങ്ങള്‍...!

എന്തേ,പിന്നെയൊന്നും എഴുതിയില്ല?എഴുതണം.

ഹൃദ്യമായ ഓണാശംസകള്‍ !

സസ്നേഹം,

അനു


Post a Comment