Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, 8 February 2015

അവസാന നേദ്യം !

എത്ര  നീലിച്ചെഴുതിയ വാക്കുകള്‍
എത്ര ദൂരം നമുക്കിടയിലെന്നാലും
എത്രയോളം നമ്മുടെ മിടിപ്പുകള്‍
എത്ര ക്ഷണമാത്രവേഗം  കൂടീല!?

ചിലപ്പോളൊക്കെ ചോര പുരണ്ടു
ചിലപ്പോളൊക്കെ വര്‍ണ്ണം വിതറി
ചില നേരങ്ങളില്‍ ശോകം പുരണ്ടു
ചില നേരങ്ങളിലാഘോഷഹര്‍ഷം നിറച്ചു 

എഴുത്തുപുറങ്ങളിലെത്ര
വര്‍ണ്ണവിസ്ഫോടനം  നാം തീര്‍ത്തു
ഇനിപ്പെഴും  വാഗ്ദാനങ്ങള്‍ നിരത്തി
നാം  കുളിര്‍ കോരി നിന്ന വിപിനങ്ങള്‍ തീര്‍ത്തു ..

ഓരോ രാത്രികളില്‍  നിശ്വാസങ്ങള്‍ നിറച്ചു
ചുംബനങ്ങളാല്‍  ചുണ്ടില്‍ മഷി പുരണ്ടു
നാം  കണ്ടയാദ്യവസന്തത്തിന്‍ നറുമലരിതള്‍
പതിച്ചു വെച്ചുയതിന്‍ മണം പുരട്ടി

നാം കണ്ട കാഴ്ച്ചകളുടെ ഭംഗി കൊണ്ടു ,
നാം കൊണ്ട മഴയുടെ നനവു കൊണ്ടു
നാം  വേണ്ടത്ര കരുതലുകള്‍ കൊണ്ടു
നാം പിന്നെത്രയതിന്റെ മറുതലകള്‍ കണ്ടു

ഓര്‍ത്തിരിക്കാന്‍  ഒന്നുമിനി  ബാക്കിയില്ല
കീറിക്കളഞ്ഞ കടലാസു തുണ്ടുകളില്‍
പ്രണയത്തിന്റെ കൂട്ടക്ഷരങ്ങള്‍
അഗ്നിയില്‍ കത്തിതീര്‍ന്നു പോയിരിയ്ക്കുന്നു

നമ്മിലിനി കണ്ണീരിന്റെ പെയ്ത്തുകാലം
വിജനമാമീ യുദ്ധഭൂമിയില്‍ നാം മാത്രം
ബാക്കിയായതറിഞ്ഞില്ലയോ നീ ..
ബലിക്കല്ലിലെയവസാനനേദ്യം  നാം!


Wednesday, 10 December 2014

ധിക്കാരം.


എത്ര  ധിക്കാരമാണീ
കണ്ണുനീര്‍ത്തുള്ളികള്‍ക്കെന്നോ !
ഒരിക്കലും  കണ്ണു  നിറയ്ക്കരുതെന്ന
എന്റെ ആജ്ഞയെ  എത്ര 
നൈര്‍മ്മല്യത്തോടെയാണ്
അവ  ധിക്കരിക്കുന്നത് !

എന്റെ  കണ്ണിനോ  ഒരു ലജ്ജയുമില്ല
എത്രയുളിപ്പില്ലാതെയാണ്
  കണ്ണുനീര്‍ത്തുള്ളികളെ
എന്റെ കവിളുകളിലൂടെയൊഴുക്കി
വെറുതെയവയെ  വൃത്തി ഹീനമാക്കുന്നത് !


Thursday, 16 January 2014

ജഡം

എനിക്കെന്നെത്തന്നെ മടുക്കുമ്പോള്‍
ഞാനെന്നെയെന്തു പേര്‍ വിളിക്കും?
വിധിയുടെ കളിത്തട്ടില്‍  ഞാന്‍ തകര്‍ന്നു വീഴുമ്പോള്‍
നിങ്ങളെന്നെയെന്തു പേര്‍ വിളിക്കും ?

നിത്യമെന്‍ നാമത്തെയോര്‍ക്കുവോരില്ലല്ലോ
സത്യമെന്നുടലും പിരിഞ്ഞു പോകുമാത്മാവില്‍
നാമമെന്തു ചേര്‍ക്കുവാനല്ലെങ്കിലുമല്പം
നിന്‍ കരം പിടിച്ചു നടക്കുവാന്‍ നാഥാ !
ഞാനെന്നേയൊരുങ്ങി നില്പാണറീവീലേ ?
വെറുതെ തകര്ന്നുപോകുവാന്‍
മാത്രമുള്ളതാണീ കൂട്..
വീണ്ടുമീ കൂടൊഴിഞ്ഞു പോകണം..
നാമവുമൊഴിഞ്ഞു പോകണം

ഒന്നു  പൊട്ടിത്തകര്‍ന്നു പോയെങ്കില്‍
തീരാവ്യഥകളില്‍ നൊന്തുപോകുന്ന
ഹൃദയമൊന്നു രക്ഷ നേടി ;
മായാ നഗരികളില്‍ സൌഖ്യമായിരുന്നേനെ !

മായികലോകത്തില്‍ മായികശരീരത്തില്‍
ഒളിഞ്ഞിരിക്കുന്ന  കാപട്യമേയെന്റെ  ജീവനേ ;
ഒഴിഞ്ഞു പോകുകയീ കൂടൊന്നു
ഞാന്‍  പേരില്ലാത്തവനായ്ക്കോട്ടെ !


Thursday, 9 January 2014

സഖേ പാടുക ..

സഖേ,വൈകിയെത്തിയതെന്താണാവോ?..
നിന്നെയും കാത്തിരിപ്പായിരുന്നു ഞാന്‍;
കാത്തു വെച്ച മഞ്ചാടി മണികള്‍ പകുത്തു തരാം..
കുന്നിമണി മാലകള്‍ കടം തരാം..

ഒരു മയില്‍‌പ്പീലി പെറ്റൊരു കുഞ്ഞു പീലിത്തണ്ട്,
ഒരു ദിനം കൊണ്ട് പെറുക്കിയ ശംഖുകള്‍ പകുക്കാം ,
ഒഴിഞ്ഞ കുപ്പികളില്‍  ജീവശ്വാസം നിറയ്ക്കാം.
നേരിന്റെ നിരന്തര .കാഹളം മുഴക്കാം..

എങ്കിലും കേള്‍ക്കാതെ വയ്യ ,വൈകി വന്നതെന്തേ സഖേ?
ഇനിയുമുരുള്‍ പൊട്ടി തകരാത്ത മലകളില്‍
ചോല മരങ്ങളില്‍ കുടി കൊള്ളും ദൈവങ്ങള്‍!
നിന്നെയുമെന്നെയും വിടാതെ കൂകി വിളിപ്പതറിവീലേ ?
നമുക്ക് പാടുവാനുണ്ടേറെ പാട്ടുകള്‍ ,വരിക സഖേ
വൈകി വന്നെന്നാലും നിന്റെ പാട്ടിന്റെയീണത്തില്‍
നാടും വീടും മനസ്സും മയങ്ങും..പാടുക പാടുക..
മഹാനുഭാവുക ..പാടുക ഭവാന്റെ ഗീതകം പിന്നെയും..
ഉണരുവാന്‍ മടിക്കും മനസ്സുകളുണരട്ടെ!
ഭവാന്റെ ജീവിതം സ്വാര്‍ത്ഥകമാകട്ടെ .......................................................................................

സുമേഷ് 

വെറും മോഹങ്ങള്‍!

കരിന്തിരിയായ്  കത്തുന്നു വെറുതെ ഞാന്‍!
അല്പമാത്രമീ ജന്മമൊടുങ്ങട്ടെ,നിന്‍ ജീവശ്വാസത്തില്‍  പോലുമേ!
ഇനിയുമെരിക്കാന്‍ നോക്കെണ്ടയീ കരിന്തിരി..
എരിഞ്ഞുതീരട്ടെ ഞാന്‍ വെറും നശ്വരന്‍!
ഭഗവത് സമക്ഷം സമര്‍പ്പിക്കപ്പെട്ട ഞാന്‍
കൃതാര്‍ത്ഥനാണില്ല, ഖേദമൊട്ടുമേ
വ്യുല്‍പ്പത്തിയ്ക്കായ് ചേര്‍ക്കുകയെന്റെ പ്രകാശവും..
ഈ ചാരമെടുത്തു നെറ്റിയില്‍ ചാര്‍ത്തികൊള്‍ക നീ!
അല്ലെങ്കില്‍ നിത്യനിര്‍ജ്ജരിയില്‍ ലയിപ്പിക്കുക
ഭൂതങ്ങളായ്,നിന്നിലേക്ക്‌ തന്നെ മടങ്ങിയെത്താം ഞാന്‍!
വെറുമീ കരിന്തിരിക്കും മോഹങ്ങളുണ്ടെന്നറിയാതെ
പോയതെന്തേയിളംകാറ്റേ!?
അറിഞ്ഞിട്ടും അറിയാതെ പോയതോ?
പെയ്യുക പെയ്യുക മഴക്കാറെ,
എന്റെ മോഹങ്ങള്‍ക്ക് മീതെ

നീ കൂടെ പെയ്തൊഴിയുക!

Wednesday, 20 November 2013

പരിഹാസം..

പരിഹാസം..
============
പലവട്ടം ചോദിച്ച ചോദ്യങ്ങള്‍ 
പലവട്ടം തേടിയ ഉത്തരങ്ങള്‍!
പലവട്ടമടങ്ങിക്കിടന്ന മോഹങ്ങള്‍ 
ഋതു മാറി പറന്നുവന്നെന്നില്‍
ചേക്കേറി കുറുകിയിണ ചേരുമ്പോള്‍ 
വെറുതെ സഫലമാകാലക്ഷ്യങ്ങളില്‍
അലക്ഷ്യം കണ്ണും നട്ടിരുന്നു;
പലരോടും പലവട്ടം നില വിട്ടു 
പലവട്ടമിരന്നു തുടങ്ങുമ്പോള്‍
പലവട്ടം കണ്ണുനീരിറ്റുമ്പോള്‍
വെറുതെ നോവുന്നുണ്ടായിരുന്നു
ഹൃത്തടമതെന്തിനാവാം?

കയ്യിലുണ്ടായിരുന്നില്ല കനവുകള്‍
കിനാവുകള്‍ കണ്ടുകണ്ടങ്ങ്
നിനച്ചു നോക്കുമ്പോളെയ്ക്കും
കാലം പോയ്പോയിരുന്നു.
ഞാനെന്റെ കണ്ണാടി തല്ലിത്തകര്‍ത്തു
ഹൃത്തടം കല്ലാക്കി മാറ്റി,
ശൂന്യമാം മനസ്സില്‍ പ്രണയത്തെ
പാടുവാന്‍ വിട്ടു,നിലയില്ലാ കയങ്ങളില്‍
ഊളിയിട്ടു പൊങ്ങി,ശ്വാസമെടുക്കാന്‍
കുതറിപൊങ്ങി,പിന്നേയും മുങ്ങിത്താണും
ഗതിയില്ലാതലഞ്ഞും തിരിഞ്ഞും
നീട്ടിയ കൈപ്പടം ചുരുട്ടിപ്പിടിച്ചു
ഞാനെന്റെ പൌരുഷം ഞെരിച്ചുടയ്ക്കുമ്പോള്‍
കാണാതെ പോയൊരു ദൈവവും മനുഷ്യരും
ഒന്ന് ചേര്ന്നല്ലോ പരിഹസിപ്പൂ..

Monday, 18 November 2013

പ്രകൃതീ..നീയെന്‍ ലഹരി..

പ്രകൃതി നിന്‍ ഗൂഡസൗന്ദര്യത്തില്‍
മോഹിതനായ് ഞാന്‍ നില്ക്കേ....
നിന്റെ മൂകവിചാരങ്ങള്‍..
മന്ദമാരുതനായെന്നെ വന്നു തലോടി..

മദനോത്സവങ്ങള്‍ക്ക് നൃത്തമാടാനെന്നെ വിളിച്ചൂ
ആടും മേഘക്കീറുകള്‍ക്കിടയില്‍..
കറുത്ത മേഘമായെന്നെ നിറുത്തി..
മഴയായി പെയ്തൊഴിയും വരെ..

മിന്നല്‍പ്പിണരാല്‍ നീ രംഗവേദി
അലങ്കരിച്ചു..അലങ്കരിച്ചു..
മഴത്തുള്ളികളായി ഞാന്‍ നൃത്തം വെച്ചു
താളത്തില്‍ താളത്തില്‍ തുള്ളി വീണു..

പ്രകൃതി നീയെന്നെയൊരുക്കിയ..
കയ്യാല്‍ വീണ്ടുമെന്നെയലങ്കരിയ്ക്കൂ...
നിനക്കായ് ഞാന്‍ പെയ്തു വീഴാം
ആയൊരാനന്ദത്തില്‍ വീണ്ടും പിറക്കാം..

ഓരോ പിറവിയുമാനന്ദം..
പിന്നെ ആനന്ദമേറ്റിയുയിരടയും..
പ്രകൃതീ...നീയും ഞാനും ഒന്നല്ലേ..
നമ്മുടെ മോഹവും ഒന്നല്ലേ...

ധിംതിമി..ധിംതിമി..താളം
ഡുംഡുമി..ഡുംഡുമി..മേളം.
ആടാം... നമുക്കൊന്നിച്ചാടാം..
ഈയാനന്ദനൃത്തം തുടരാം..

പിന്നെ..പിന്നെ..തളര്‍ന്നുറങ്ങാം..
നീയെന്നെ പുണരൂ..പുണരൂ..
ആ..ചുംബനലഹരിയില്‍..
രതിവേളകള്‍ക്കപ്പുറം..
നമുക്കുറങ്ങാം..നമുക്കുറങ്ങാം..


—————-***********——————-


ദൈവത്തോട്!


1.ദൈവമേ, അരുമകള്‍ ഓടിനടന്നിടുമെന്നുദ്യാനം
  ദയാപുരസ്സരം കാക്കണേ!

2.ദൈവമേ, പെരുമകള്‍ നിറഞ്ഞ കാരുണ്യമഴയതില്‍
  ദിനവുമത്തോട്ടം നനച്ചീടണേ!

3.ദൈവമേ, അനുദിനം നിറയുന്ന ദുരിതക്കടലതില്‍
  ഒരു മരത്തടി നീയതാകണേ!

4.ദൈവമേ, കാത്തുകാത്തിരുന്നയോരോ ദിനവും പൊഴിയവേ
  ഒരു ദിനം നീയെനിക്കായേകണേ!

5.ദൈവമേ, ഹസിച്ചിടുവാനുടനുടനോരോരോ കാരണങ്ങള്‍
  ദിനവും നീയെനിക്കായേകണേ!

6.ദൈവമേ, അറിയാതെ ഞാന്‍ പറയുന്ന വാക്കുകളോരോന്നും
  പിഴയ്ക്കാതെ നീ കാക്കണേ!

7.ദൈവമേ, അറിവുകള്‍ കുറുക്കിയെടുത്താര്‍തല്‍ തരും
  പെരിയയറിവാക്കി നല്‍കണേ!

8.ദൈവമേ, അതിരുകള്‍ തീര്‍ക്കും മനസ്സിന്നതിരുകളെല്ലാം
  നീ പൊളിച്ചുനീക്കണേ!

9.ദൈവമേ, ഈ ദേഹമെനിക്കൊന്നുമല്ലെന്നറികിലുമതു
  തളര്‍‍ന്നീടാതെന്നും നീ കാക്കണേ!

10.ദൈവമേ, അതിദൂരമതിവേഗമനവധി വഴി തെറ്റാതെ
  അനുദിനമെന്നെ വഴി നടത്തണേ!

11.ദൈവമേ, ഭൂതത്തെ മറന്നിടാതെ വര്‍ത്തമാനവും കണ്ടു ഭാവിയെ കരുതി
  പകയ്ക്കാതിരിക്കാനെന്നെ കാക്കണേ!

12.ദൈവമേ, അറുതിയായിടും ജന്മമെന്നുടെയെന്നെങ്കിലും
  ത്ധടിതി നീയൊടുക്കീടണേ!

———————***********———————-


കുഞ്ഞിനൊരു താരാട്ട്


രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...

അച്ഛന്റെ തോളേറി..
അമ്മ തന്‍ താരാട്ടില്‍..
ചായുറങ്ങൂ....കണ്ണേ..ചായുറങ്ങൂ...

ആലോലം.. താലോലം..
കുഞ്ഞിളം കവിളില്...
സ്നേഹത്തിന്‍ പൂമുത്തം....
കുഞ്ഞേ...പൂമുത്തം..

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...


കുട്ടിക്കുറുമ്പിനായത്തില്‍..
കുഞ്ഞ്യേച്ചിയേകും..ചക്കരമുത്തം...ചക്കരമുത്തം..
കാണാതെ പാത്തുവന്ന്‍..
വല്ല്യേച്ചിയേകും പിന്നെ പൊന്‍മുത്തം..
         പിന്നെ പൊന്‍മുത്തം..


അമ്മയുമച്ഛനുമറിയാതെ..
പിന്നാലെ വന്നു നിന്റെ..
കവിളില്‍ നുള്ളും..കുഞ്ഞേട്ടന്‍;
അവനെ തല്ലാനോടും വല്ല്യേട്ടന്‍!

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...


കുഞ്ഞേ നീ കരയുമ്പോള്‍..
ഓടിയെത്തും ചെറിയേട്ടന്‍!
കൂടെ ഓടിയെത്തും കൊച്ചേട്ടന്‍!
മുത്തശ്ശിയോടിയെത്തി തോളില്‍ തട്ടും..

മുത്തച്ഛനോടിയെത്തിയാട്ടിയാറ്റുമെല്ലാരേം..
....ആട്ടിയാറ്റുമെല്ലാരേം.....

കുഞ്ഞിളം ചിരി ചിരിച്ചു..
പിന്നേയും തല ചായ്ക്കൂ..നീ തല ചായ്ക്കൂ..

കുഞ്ഞിളംപൈതലേ..നീ ചായുറങ്ങ്..
കണ്ണേ..ചായുറങ്ങ്..നീ ചായുറങ്ങ്..

രാരീരം...കുഞ്ഞേ..രാരീരം..
വാവോ..രാരീരം..കുഞ്ഞേ..രാരീരം...

രാരീരം..വാവോ..രാരീരം..
രാരീരം വാവോ..രാരീരം..


എടുത്തുകൊള്‍കെന്‍ ഹൃദയം!

നമ്മള്‍ തന്‍ പ്രണയമന്ദിരത്തില്‍ നീ
മൗനത്തിന്‍ പടിവാതില്‍ കെട്ടിയടച്ചിട്ടു!
വെറുപ്പിന്റെ വന്മതില്‍ നീ കെട്ടി
ആ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവേ..

നീ..ദുര്‍ഭാഷണങ്ങളെ;വേട്ടനായ്ക്കളെ,
കെട്ടഴിച്ചുവിട്ടതെന്തിനായ് പ്രണയിനീ?!
അവയെന്നെ കടിച്ചുകീറി;വന്യമാം
നഖങ്ങളാല്‍ മാന്തിപ്പൊളിക്കവേ...

എന്തിനായിരുന്നു നീയാര്‍ത്തുചിരിച്ചത്?!
എന്റെ രുധിരമവ രുചിയോടെ നുണയവേ
നീ പിന്നെയും സംതൃപ്തയാകുന്നുവോ?!
ഇതായെടുത്തുകൊള്‍കെന്‍ പിടയ്ക്കും ഹൃദയം..

നിനക്കായ് പലനാള്‍ തുടിച്ച്..ചുവന്ന
സന്ധ്യകളില്‍,പിന്നെയുഷസ്സുക്കളില്‍,
ഭയമേതുമില്ലാതെ,പലനേരങ്ങളില്‍,
പല വട്ടം കാത്തിരുന്നത്, കാവലിരുന്നത്!

ഇനി കൊണ്ടുമുറിയുവാനൊരു
തരിയിടം പോലുമതില്‍ ബാക്കിയില്ല
നീയയച്ച കൊടുംവാക്കുകള്‍,കൂരമ്പുകള്‍
കൊണ്ടു മുറിഞ്ഞുണങ്ങാത്തൊരീ ഹൃദയം..

ഇനി നിനക്കായതു വിട്ടുതരട്ടെ ഞാന-
തിനു കാലമേ നീ മാത്രം സാക്ഷി!
ഇനിയുമേതൊരു ഹൃദയത്തെയിങ്ങിനെ
വിട്ടുകൊടുക്കുവാന്‍ പിന്നെയും കാത്തിരിക്കുന്നു നീ?!

   ===========XXXXXXXX==============

സ്വപ്നങ്ങള്‍!..

തള്ളക്കോഴി അടയിരുന്നു വിരിയിയ്ക്കും പോല്‍
ഞാനെന്നില്‍ തന്നെ അടയിരുന്നു വിരിയിച്ചവ!

തള്ളക്കോഴി ചിക്കിച്ചികഞ്ഞൂട്ടും പോല്‍
ഞാനവയെ ചിന്തിച്ചൂട്ടി വളര്‍ത്തിപ്പോന്നവ!

തള്ളക്കോഴി തന്‍ച്ചിറകിന്നടിയില്‍ ഒളിപ്പിച്ചപോല്‍
ഞാനവയെയെന്‍ മനസ്സിനുള്ളിലൊളിപ്പിച്ചവ!

തള്ളക്കോഴി കുഞ്ഞുങ്ങളെ കൊത്തിയാട്ടും പോല്‍
ഞാനവയെ പലവട്ടം കൊത്തിയാട്ടാന്‍ നോക്കിയവ!

തള്ളക്കോഴി തന്‍ കുഞ്ഞുങ്ങള്‍ തനിയെ വളര്‍ന്നു,
എന്റെ സ്വപ്നങ്ങള്‍ തളര്‍ന്നുകിടന്നു വളരാതെ

തനിയെ വളരുവാനാകാതെന്‍ സ്വപ്നങ്ങള്‍
തിരിച്ചുവന്നെന്‍ ചുറ്റിലും കരഞ്ഞു പിന്നെയും

ഊട്ടിയൂട്ടി പിന്നെയും വളര്‍ത്തി ഞാനവയെ
പിന്നെയും പുതിയവയ്ക്കടയിരിയ്ക്കുമ്പോളും

തള്ളക്കോഴിക്കോഴിയോളം വളര്‍ന്ന കുഞ്ഞുങ്ങള്‍
തള്ളയില്‍ തന്നെയടിക്കടി ഇണ ചേരും പോല്‍

തള്ളുവാനാവാത്തിടത്തോളം വളര്‍ന്നൊരെന്‍ സ്വപ്നങ്ങള്‍
എന്നില്‍ തന്നെ രതിമൂര്‍ച്ചയടയുന്നു നിത്യം!


ഒരു തിരിച്ചറിവ്



കവിത,വറ്റിപ്പോകുന്ന പുഴയിലെ
ദാഹനീര്‍ കൊടുക്കും കൊച്ചുറവയാണ്!
കവി,അക്കൊച്ചുറവയെ ചാലു കീറി-
ദാഹിക്കുന്നോര്‍ക്ക് കൊടുക്കുന്നവനും!

ഒന്നും പുതിയതുമല്ല,പഴയതുമല്ല
പുതിയ പുഴയെന്നില്ലല്ലോ;പഴയതെന്നും
കാവ്യപ്പുഴ നിത്യനിസൃതിയിലാണതെന്നും
അതിലേതൊരു കവിയ്ക്കു തടയണ കെട്ടാനാകും?

അനവധി പുറമൊഴുക്കുകളതിലധിക
മകമൊഴുക്കുകള്‍ നിറയെയതിലെന്നും
അതിലൊരു കൊച്ചുനീര്‍ച്ചാലില്‍ നിന്നുമിത്തിരി
തെളിനീര്‍ കുമ്പിളിലിലെടുത്തു ഞാന്‍!

അതാരുടേയും ദാഹം തീര്‍ക്കുവാനില്ല..
അതെന്റെ ദാഹം മാത്രമേ തീര്‍ക്കുന്നു-
വെന്നുള്ള സത്യം തിരിച്ചറിയുന്നു ഞാന്‍
അത്തിരിച്ചറിവിലുമാ നീര്‍ച്ചാലൊഴുകുന്നു പിന്നെയും


Wednesday, 11 September 2013

ഉള്ളമുള്ളവര്‍ക്ക് …….


ഉള്ളതില്‍ കുള്ളന്‍ ഞാനാണെങ്കിലും

ഉള്ളതില്‍ വലിയവന്‍ ഞാനാണെന്ന് ഞാന്‍ !

ഉള്ളതില്‍ ചന്തം കുറഞ്ഞവനെങ്കിലും

ഉള്ളത്താല്‍ ചന്തം തികഞ്ഞവനെന്നു ഞാന്‍!


ഉള്ളതല്ല നാം നിനയ്ക്കേണ്ടൂ

ഉള്ളത്തിലുല്ലാസം നിറയ്ക്കുവാന്‍,

ഉള്ളോര്‍ക്കുള്ളം നിറയ്ക്കുവാനുള്ളത്തില്‍

ഉള്ളം നിറയെ നമ്മളെ തികഞ്ഞവനാക്കണം!


ഉള്ളവനില്ലാത്തവനെന്നൊക്കെ നമ്മള്‍

ഉള്ളിടത്തോളം അളന്നും ഗുണിച്ചും

ഉള്ളങ്ങളെ തീര്‍ത്തും തകര്‍ത്തും

ഉള്ളിടം തേടിയലഞ്ഞു നടക്കുവോര്‍!


ഉള്ളിലുല്ലാസം നിറച്ചുള്ളവര്‍

ഉള്ളിലുന്മാദം തുള്ളുവോര്‍ ,

ഉള്ളതെന്നോയില്ലാത്തതെന്നോ നോക്കാതെ,

ഉള്ളയുലകമുത്തമ മാക്കുവോര്‍!


ഉള്ളിടത്തോളമുലകത്തെ സേവിപ്പോര്‍

ഉള്ളടക്കവും മെയ്യടക്കവുമുള്ളവര്‍ !

ഉള്ളിടത്തോളമുത്തമര്‍ ചേര്‍ന്നത്രേ

ഉള്ളയുലകത്തെയുത്തമമാക്കുന്നു!


ഉള്ളയാള്‍ ഞാനില്ലെന്നു പറയുന്നു

ഉള്ളതാണെങ്കിലുമല്ലെങ്കിലും

ഉള്ളിടത്തോളമുള്ളം ശുദ്ധമാകണം

ഉള്ളം നിറഞ്ഞു സ്നേഹിക്കണം നിശ്ചയം!


..............................................സുമേഷ്