Friday, 19 December 2014

മോഹത്തിന്റെ പമ്പരം

മോഹത്തിന്റെ  പമ്പരം
ഇച്ഛയുടെ ചരടില്‍ ചുറ്റി
കറക്കാന്‍ തുടങ്ങിയിട്ടേറെ കാലമായ് ..
നീയുമതില്‍ പങ്കാളി
ഒട്ടു നേരം കറക്കി കറക്കി
നീയതില്‍ പിന്നെ കൊത്തനെറിഞ്ഞു കളിച്ചു
പിന്നെ പിന്നെ നീയെന്നില്‍ കൂടെ
മുറിവുകള്‍ കൊണ്ടു നിറച്ചു
ഒന്നും നോവല്ലായിരുന്നു
ഒടുക്കം നീയതു ചെയ്യും വരെ !
നീയെന്റെ മോഹത്തിന്റെ
പമ്പരം രണ്ടായ് മുറിച്ചു കളഞ്ഞതെന്തേ !?
ഇനിയിപ്പോ പുതിയൊരു
പമ്പരം വാങ്ങുവാന്‍ വയ്യ !
ബാക്കി വന്നയിച്ഛയുടെ 
ചരടെന്നെതന്നെ വലിഞ്ഞു മുറുക്കുന്നു ..
നീ ചിരിച്ചുകൊള്ളൂ .....
------------------------------------------------
എന്റെ ചെറുപ്പകാലത്ത് മരം കൊണ്ടുള്ള പമ്പരവും അത് കട്ടി കൂടിയ ചരടു കൊണ്ടു ചുറ്റി നിലത്തെറിഞ്ഞു കറക്കുന്നത് ഒരു വിനോദവുമാണ്.അത് ചുറ്റുന്ന ചരടിന്ചാട്ടഎന്നാണ് വിളിക്കുക. ചാട്ട കൊണ്ട് കറങ്ങുന്ന പമ്പരം ചുറ്റി കയ്യിലെടുക്കുക തുടങ്ങിയവ അതില്‍ വിദഗ്ദ്ധര്‍ ആയവര്‍ ചെയ്യുന്നവയാണ്.അതിലൊരു കളിയാണ് ഏറ്റവും കുറവ് കറങ്ങുന്ന പമ്പരത്തിന് മുകളില്‍ എല്ലാവരും ചേര്‍ന്ന്‍ പമ്പരം കൊത്തിയെറിയും .. ഒരു കാര്യത്തിനു വേണ്ടി മാത്രം പമ്പരത്തിന് കട്ടി കൂടിയ ആണി പിടിപ്പിക്കുന്നവരും ഉണ്ട്.ഓരോ പമ്പരവും അതിയായ മോഹമാണ്.എത്ര ആശിച്ചാണ് ഒരെണ്ണം വാങ്ങുക.അത് ലഭിക്കുന്നത്  ചിലപ്പോള്‍ വളരെ പാട് പെട്ടായിരിയ്ക്കും..എനിക്കെല്ലാം ഇത് വിലക്കപ്പെട്ട കളിയായിരുന്നു.എങ്കിലും  പലരും കളിക്കുന്നതും ഒടുക്കം എല്ലാവരുടെയും കൊത്തേറു   കൊണ്ടു പമ്പരം രണ്ടായി പൊളിഞ്ഞുപോയതു കണ്ടു വിതുമ്പിക്കരഞ്ഞ കൂട്ടുകാരെ ഓര്‍മ്മയുണ്ട് .ഓരോ പമ്പരവും ഓരോ മോഹമാണ് .അതിനെ കറക്കിയെടുക്കുന്നത് അല്ലെങ്കില്‍ ജീവനോടെ നിര്‍ത്തുന്നത് നമ്മുടെ ഇച്ഛാശക്തിയാണ് ..അതാണീ ചരട് അല്ലെങ്കില്‍ ചാട്ട..എങ്കിലും മോഹം ഒരൊറ്റ കൊത്തേറു കൊണ്ടു പിളര്‍ന്നു പോകുന്നത് വിധിയാണ്.ഒരു പമ്പരം നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് വാങ്ങിക്കിട്ടാന്‍ പല നാള്‍ കാത്തിരിക്കണം..ചോദിക്കുന്നതെല്ലാം ഉടനടി ലഭിക്കുന്ന ബാല്യമുള്ളവര്‍ ഇപ്പോളാണ് .പണ്ടില്ലല്ലോ!നമ്മളുടെ പല നാളുള്ള മോഹം ഒറ്റനിമിഷത്തെ ചിലരുടെ പ്രവൃത്തി കൊണ്ടു ഇല്ലാതാകുന്നത് കണ്ടിട്ടില്ലേ



Wednesday, 10 December 2014

ധിക്കാരം.


എത്ര  ധിക്കാരമാണീ
കണ്ണുനീര്‍ത്തുള്ളികള്‍ക്കെന്നോ !
ഒരിക്കലും  കണ്ണു  നിറയ്ക്കരുതെന്ന
എന്റെ ആജ്ഞയെ  എത്ര 
നൈര്‍മ്മല്യത്തോടെയാണ്
അവ  ധിക്കരിക്കുന്നത് !

എന്റെ  കണ്ണിനോ  ഒരു ലജ്ജയുമില്ല
എത്രയുളിപ്പില്ലാതെയാണ്
  കണ്ണുനീര്‍ത്തുള്ളികളെ
എന്റെ കവിളുകളിലൂടെയൊഴുക്കി
വെറുതെയവയെ  വൃത്തി ഹീനമാക്കുന്നത് !


Thursday, 16 January 2014

ജഡം

എനിക്കെന്നെത്തന്നെ മടുക്കുമ്പോള്‍
ഞാനെന്നെയെന്തു പേര്‍ വിളിക്കും?
വിധിയുടെ കളിത്തട്ടില്‍  ഞാന്‍ തകര്‍ന്നു വീഴുമ്പോള്‍
നിങ്ങളെന്നെയെന്തു പേര്‍ വിളിക്കും ?

നിത്യമെന്‍ നാമത്തെയോര്‍ക്കുവോരില്ലല്ലോ
സത്യമെന്നുടലും പിരിഞ്ഞു പോകുമാത്മാവില്‍
നാമമെന്തു ചേര്‍ക്കുവാനല്ലെങ്കിലുമല്പം
നിന്‍ കരം പിടിച്ചു നടക്കുവാന്‍ നാഥാ !
ഞാനെന്നേയൊരുങ്ങി നില്പാണറീവീലേ ?
വെറുതെ തകര്ന്നുപോകുവാന്‍
മാത്രമുള്ളതാണീ കൂട്..
വീണ്ടുമീ കൂടൊഴിഞ്ഞു പോകണം..
നാമവുമൊഴിഞ്ഞു പോകണം

ഒന്നു  പൊട്ടിത്തകര്‍ന്നു പോയെങ്കില്‍
തീരാവ്യഥകളില്‍ നൊന്തുപോകുന്ന
ഹൃദയമൊന്നു രക്ഷ നേടി ;
മായാ നഗരികളില്‍ സൌഖ്യമായിരുന്നേനെ !

മായികലോകത്തില്‍ മായികശരീരത്തില്‍
ഒളിഞ്ഞിരിക്കുന്ന  കാപട്യമേയെന്റെ  ജീവനേ ;
ഒഴിഞ്ഞു പോകുകയീ കൂടൊന്നു
ഞാന്‍  പേരില്ലാത്തവനായ്ക്കോട്ടെ !


Thursday, 9 January 2014

സഖേ പാടുക ..

സഖേ,വൈകിയെത്തിയതെന്താണാവോ?..
നിന്നെയും കാത്തിരിപ്പായിരുന്നു ഞാന്‍;
കാത്തു വെച്ച മഞ്ചാടി മണികള്‍ പകുത്തു തരാം..
കുന്നിമണി മാലകള്‍ കടം തരാം..

ഒരു മയില്‍‌പ്പീലി പെറ്റൊരു കുഞ്ഞു പീലിത്തണ്ട്,
ഒരു ദിനം കൊണ്ട് പെറുക്കിയ ശംഖുകള്‍ പകുക്കാം ,
ഒഴിഞ്ഞ കുപ്പികളില്‍  ജീവശ്വാസം നിറയ്ക്കാം.
നേരിന്റെ നിരന്തര .കാഹളം മുഴക്കാം..

എങ്കിലും കേള്‍ക്കാതെ വയ്യ ,വൈകി വന്നതെന്തേ സഖേ?
ഇനിയുമുരുള്‍ പൊട്ടി തകരാത്ത മലകളില്‍
ചോല മരങ്ങളില്‍ കുടി കൊള്ളും ദൈവങ്ങള്‍!
നിന്നെയുമെന്നെയും വിടാതെ കൂകി വിളിപ്പതറിവീലേ ?
നമുക്ക് പാടുവാനുണ്ടേറെ പാട്ടുകള്‍ ,വരിക സഖേ
വൈകി വന്നെന്നാലും നിന്റെ പാട്ടിന്റെയീണത്തില്‍
നാടും വീടും മനസ്സും മയങ്ങും..പാടുക പാടുക..
മഹാനുഭാവുക ..പാടുക ഭവാന്റെ ഗീതകം പിന്നെയും..
ഉണരുവാന്‍ മടിക്കും മനസ്സുകളുണരട്ടെ!
ഭവാന്റെ ജീവിതം സ്വാര്‍ത്ഥകമാകട്ടെ .......................................................................................

സുമേഷ് 

വെറും മോഹങ്ങള്‍!

കരിന്തിരിയായ്  കത്തുന്നു വെറുതെ ഞാന്‍!
അല്പമാത്രമീ ജന്മമൊടുങ്ങട്ടെ,നിന്‍ ജീവശ്വാസത്തില്‍  പോലുമേ!
ഇനിയുമെരിക്കാന്‍ നോക്കെണ്ടയീ കരിന്തിരി..
എരിഞ്ഞുതീരട്ടെ ഞാന്‍ വെറും നശ്വരന്‍!
ഭഗവത് സമക്ഷം സമര്‍പ്പിക്കപ്പെട്ട ഞാന്‍
കൃതാര്‍ത്ഥനാണില്ല, ഖേദമൊട്ടുമേ
വ്യുല്‍പ്പത്തിയ്ക്കായ് ചേര്‍ക്കുകയെന്റെ പ്രകാശവും..
ഈ ചാരമെടുത്തു നെറ്റിയില്‍ ചാര്‍ത്തികൊള്‍ക നീ!
അല്ലെങ്കില്‍ നിത്യനിര്‍ജ്ജരിയില്‍ ലയിപ്പിക്കുക
ഭൂതങ്ങളായ്,നിന്നിലേക്ക്‌ തന്നെ മടങ്ങിയെത്താം ഞാന്‍!
വെറുമീ കരിന്തിരിക്കും മോഹങ്ങളുണ്ടെന്നറിയാതെ
പോയതെന്തേയിളംകാറ്റേ!?
അറിഞ്ഞിട്ടും അറിയാതെ പോയതോ?
പെയ്യുക പെയ്യുക മഴക്കാറെ,
എന്റെ മോഹങ്ങള്‍ക്ക് മീതെ

നീ കൂടെ പെയ്തൊഴിയുക!

Friday, 3 January 2014

വായിക്കുക .."അയല്‍ക്കാര്‍"


ഒരു പാട് കാലത്തിനു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത്. പി.കേശവദേവിന്റെഅയല്‍ക്കാര്‍”  അത് നല്ലൊരു വായനാനുഭവം തരുന്നു.ഒരു കാലഘട്ടത്തിന്റെ പുനര്യാഖ്യാനം അത് സാദ്ധ്യമാക്കുന്നു എന്നത് തന്നെയാണ് അതിന്റെ വിജയം.തെല്ലോരമ്പരപ്പോടെ ,നെടുവീര്‍പ്പോടെ ആണ് ഇത് വായിച്ചു തീര്‍ക്കാനാകുക.ഒരു കാലഘട്ടത്തിന്റെ എല്ലാ വേദനകളും സമരവീര്യവും സംഘര്‍ഷങ്ങളും നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
ചരിത്രമുറങ്ങി കിടക്കുന്നു.ചിലപ്പതികാരം അന്നത്തെ ചരിത്ര പശ്ചാത്തലം കാണിച്ചു തരുന്ന പോലെ തന്നെ നോവല്‍ അന്നത്തെ നേര്‍ചിത്രം വരച്ചു വെയ്ക്കുന്നു.1964-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി എന്നത് അഭിമാനം പകരുന്നു.ഏവരും വായിച്ചിരിക്കേണ്ട പുസ്തകം

ജാതിയുടെ പേക്കോലങ്ങള്‍ ഇല്ലാതായോ ഇല്ല  എന്ന് തന്നെ കാലം തെളിയിക്കുന്നു.ഹിന്ദു ഐക്യം പറയുന്ന ഓരോരുത്തരും ഇത് വായിച്ചു നോക്കണം.ഇതിലെ കഥാപാത്രങ്ങളില്‍ ചിലര്‍ നിശ്ചയമായും ഇന്നും ജീവിച്ചിരിക്കുന്നുണ്ട് ..എന്റെ നാട് ഹിന്ദു ധര്‍മ്മം എന്നെല്ലാം ഘോരഘോരം പ്രസംഗിക്കുന്നവര്‍ക്ക് ഒന്ന് വെറുതെ വായിച്ചു നോക്കാം.. നാടുണ്ടായത് ഒരു പാട് പേരുടെ ത്യാഗത്തില്‍ നിന്നാണ്. ത്യാഗത്തിന്റെ ഫലം അനുഭവിക്കുന്ന നമ്മളില്‍ പലരും അവരെ മറന്നു പോകുന്നു.ഇന്നത്തെ കാലവ്യവസ്ഥ അനുസരിച്ച് നാം നമ്മുടെ പഴയ കാലഘട്ടത്തെ അളക്കുന്നു.മറക്കാതിരിക്കുക..നമ്മുടെ അയല്‍ക്കാര്‍ ഇന്നത്തെപ്പോലെ ആയിരുന്നില്ല..എങ്കിലും അയല്‍ക്കാര്‍ തന്നെ നല്ലത് അല്ലെ?
==================================================================
ഭൂതകാലത്തിന്റെ തുടര്‍ച്ചയാണ്, വര്‍ത്തമാനകാലം. ഭാവി, വര്‍ത്തമാനകാലത്തിന്റെ തുടര്‍ച്ചയും.ഭൂതകാലത്തെ ചുട്ടു ചാമ്പലാക്കുവാനോ , സ്മരണ മണ്ഡലത്തില്‍ നിന്ന് തൂത്തുകളയുവാനോ ആര്‍ക്കും സാദ്ധ്യമല്ല.അതുപോലെ തന്നെ  വര്‍ത്തമാനകാലത്തിന്റെ ചാമ്പലില്‍ നിന്ന് ഭാവിയെ പടുതുയര്ത്തുവാനും ആര്‍ക്കും സാദ്ധ്യമല്ല.ആമുഖത്തില്‍ കേശവദേവ്‌ പറയുന്നു .
————————————————————————————————————————————————————————
ചില എടുത്തെഴുത്തുകള്‍ ..വായിക്കുക..
………………………………………………………………………….
അദ്ധ്യായം മൂന്ന് മംഗലശ്ശേരിയിലെ കുഞ്ഞന്‍


പക്ഷെ പടിഞ്ഞാറേ കരയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.ശ്രീനാരായണഗുരു സ്വാമികളുടെഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിനു പ്രചാരം സിദ്ധിച്ചു എന്നുള്ളതാണ്, പടിഞ്ഞാറേ കരയിലുണ്ടായ പ്രധാന മാറ്റം .അതോടുകൂടി ഈഴവരുടെയിടയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തൃഷ്ണയും, വിദ്യാഭാസത്തിനുവേണ്ടിയുള്ള ആവേശവും ഉണ്ടായി.ഈഴവക്കുട്ടികള്‍ കിഴക്കേ കരയിലെ മലയാളം പള്ളിക്കൂടത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി.പടിഞ്ഞാറേ കരയില്‍ ഒരുശ്രീനാരായണ ഭജന മഠംഉണ്ടാവുകയും , ഭജന മഠത്തില്‍ പതിവായി യോഗങ്ങള്‍ കൂടുകയും  ചെയ്തു.മാത്രമല്ല, തമ്പുരാക്കന്മാര്‍ക്കു വഴി  മാറിക്കൊടുക്കുകയില്ലെന്നു കുറെ  ഈഴവ ചെറുപ്പക്കാര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
…………………………………………………………………………………….
അദ്ധ്യായം ഏഴ് പൊളിഞ്ഞ സംബന്ധങ്ങള്‍ !

 മരുമക്കത്തായത്തിന്റെ ബീഭത്സത മുഴുവനായും ഇവിടെ എടുത്തു കാണിക്കുന്നു.എന്തൊരു വിചിത്രമായ ആചാരമായിരുന്നു അല്ലെ?

കാരണവരുടെ മൃതശരീരം ചിതയില്‍ വെച്ചാലുടന്‍ കാരണവരുടെ ഭാര്യയും മക്കളും പടിക്ക് പുറത്തു കടക്കണം ???

ഹോ ആലോചിക്കാന്‍ വയ്യ!
…………………………………………………………..

അദ്ധ്യായം എട്ട് .ചത്തുപോകുന്ന മനുഷ്യരല്യോ!
എന്ത് നല്ല കാര്യത്തിനും പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ എന്നുമുണ്ടായിരുന്നു. ഇവിടെയും അത് വായിക്കാം..

മിശ്രഭോജനത്തിനു ശേഷം പടിഞ്ഞാറെക്കരയില്‍’പുലയച്ചോവന്മാര്‍’ എന്നൊരു പ്രത്യേക ജാതിയുണ്ടായി.ശുദ്ധ ഈഴവര്‍, പുലയച്ചോവന്മാരെ സാമൂഹികമായി  ബഹിഷ്കരിക്കുകയാണുണ്ടായത്.മിശ്രഭോജനം കഴിച്ചവരെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ബഹിഷ്കരിച്ചു .
……………………………………………………………………
അദ്ധ്യായം പന്ത്രണ്ടു നായവരീഴവലഹള

അദ്ധ്യായം വായിച്ചാല്‍ തന്നെ മനസ്സിലാവും എന്തുകൊണ്ട് വെള്ളാപ്പള്ളിയുടെ നായര്‍ ഈഴവ ഐക്യം നടക്കാതെപോയി എന്ന്..ഇനി എന്നെങ്കിലും നടക്കുമോ?തീവ്ര ഹിന്ദുത്വ വാദികള്‍ കാലഘട്ടങ്ങളെ അറിയുന്നത് വളരെ നല്ലതാണ്!
………………………………………………………………………….
അദ്ധ്യായം  ഇരുപത്തിയേഴ് ത്യാഗത്തിന്റെ അവസാനം.

അനന്തമായി പ്രവഹിക്കുന്ന മഹാനദിയാണ് ജീവിതം. ജീവിതപ്രവാഹത്തില്‍ നിന്ന്‍ , മരണത്തിന്റെ നീരാവികള്‍ ഉയര്ന്നുകൊണ്ടിരിക്കും. നീരാവികള്‍ ഘനീഭവിച്ച് മഴയാകും . മഴവെള്ളം ഒലിച്ച് മഹാനദിയില്‍ തന്നെ ലയിക്കും.മരണത്തിന്റെ നീരാവികള്‍ , ജീവിതപ്രവാഹത്തെ ശോഷിപ്പിക്കുന്നില്ല; ഒഴുക്കിന്റെ ശക്തി കുറയ്ക്കുന്നുമില്ല .
………………………………………………………………………………
അദ്ധ്യായം  മുപ്പത്തൊന്ന് തേച്ചു മിനുക്കിയ രത്നം.
“ഇല്ലാത്ത അഭിമാനത്തില്‍ കളങ്കം ചേര്‍ക്കുന്നതെങ്ങിനെയാ ചേട്ടാ? ഇല്ലാത്ത കരിമ്പൂച്ചയെ ഇരുളില്‍ തപ്പി നടക്കുന്ന പോലെ!..”
……………………………………………………………………..
അദ്ധ്യായം  പതിനൊന്ന് ബന്ധങ്ങള്‍ ഉലയുന്നു.
ഏഴാം ക്ലാസ്സ് പരീക്ഷയില്‍ ജയിച്ച ദിവാകരന്‍ സര്‍ക്കാരുദ്യോഗത്തിനു വേണ്ടി ശ്രമിക്കുകയായിരുന്നു.ഈഴവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ കേറുവാന്‍ അന്ന്‍ നിയമപരമായി തടസ്ഥമുണ്ടായിരുന്നെങ്കിലും , അവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിപ്പിക്കുക സാധാരണയായിരുന്നില്ല.അതുകൊണ്ട് ദിവാകരന്‍ നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഒരു താത്കാലിക നിയമനമാണ് കിട്ടിയത്.ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ രണ്ടു മാസത്തെ അവധിയെടുത്തതിന് പകരമായി ദിവാകരന്‍ നിയമിക്കപ്പെട്ടു. നാട്ടില്‍ അതൊരു സംഭവമായിരുന്നു...ഒരു ഈഴവനു സര്‍ക്കാരുദ്യോഗം കിട്ടുക എന്നത്.

പടിഞ്ഞാറെക്കരയിലെ ഈഴവയുവാക്കന്മാര്‍ തീരുമാനിച്ചു .ദിവാകരന് ഒരു അനുമോദനം കൊടുക്കണമെന്ന്.അതിനു വേണ്ടി കൂടിയ യോഗത്തില്‍ ഗോവിന്ദന്‍ വൈദ്യര്‍ ആദ്ധ്യക്ഷ്യം വഹിച്ചു.ഉദ്യോഗം കിട്ടിയ ദിവാകരനെയും ഉദ്യോഗം കൊടുത്ത അധികാരികളെയും അനുമോദിച്ചു പ്രമേയം പാസാക്കിയെങ്കിലും, ഈഴവ ഉദ്യോഗസ്ഥന്മാര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെപ്പറ്റിയായിരുന്നു പ്രസംഗങ്ങള്‍.

യോഗം കഴിഞ്ഞു ദിവാകരനും വാസുവും കൂടി തിരിച്ചു വരുമ്പോള്‍ ചന്തയില്‍ കൂടി നിന്നിരുന്ന നായന്മാര്‍ പരിഹാസമായി ചിരിച്ചു.
കൊട്ടി വാദ്ധ്യാര് , അനുമോദനം കൊണ്ട് വരുന്നെടാ!” ഒരുത്തന്‍ പറഞ്ഞു.

കത്തീം തേറും എടുതത്തോണ്ട് വാ ,നമുക്കും ഒന്നനുമോദിക്കാംഎല്ലാവരും പൊട്ടിച്ചിരിച്ചു.

ചന്തയുടെ മറ്റൊരു ഭാഗത്ത്‌ നിന്ന്‍ കുട്ടന്‍ ചട്ടമ്പി വിളിച്ചു പറഞ്ഞു.”വെട്ടുകത്തി ഇങ്ങോടു കൊണ്ടുവാടാ! വെടലകളെയെല്ലാം അരിയട്ടെ.”

ആരും പിന്നെ ഒന്നും പറഞ്ഞില്ല.
………………………………………………………………..
……………………………………………….


അടുത്ത ദിവസം ദിവാകരന്‍ ജോലിയില്‍ പ്രവേശിച്ചു.ക്ലാസ്സില്‍ ചെന്നപ്പോള്‍ അഞ്ചു വിദ്യാര്ത് ഥികള്‍ മാത്രം എഴുന്നേറ്റു.മറ്റുള്ളവരെല്ലാം ഇരുന്നുകൊണ്ട് ബോര്ടിലെക്ക് നോക്കി ചിരിക്കുകയാണ്.ബോര്‍ഡില്‍ ഇങ്ങിനെ എഴുതിയിരുന്നു.

കൊട്ടിസ്സാര്‍ വരുമ്പോള്‍ ആരും എഴുന്നേല്‍ക്കരുത്.”

ദിവാകരന്‍ ബോര്‍ഡിലേക്കു നോക്കി സ്തബ്ധനായി നിന്നുപോയി. വിദ്യാര്ത്ഥികള്‍ പൊട്ടിച്ചിരിച്ചു.അയാള്‍ക്ക് കരയണമെന്നു തോന്നി.പക്ഷേ , അയാള്‍ കരഞ്ഞില്ല.ബോര്‍ഡില്‍ എഴുതിയിരുന്നതു തൂത്തു കളഞ്ഞിട്ട് അയാള്‍ പഠിപ്പിക്കാന്‍ തുടങ്ങി. വിദ്യാര്ത്ഥികള്‍  ഓരോരുത്തരായി ക്ലാസ്സില്‍ നിന്നിറങ്ങി പോകുവാനും തുടങ്ങി.

ദിവാകരന്‍ ഹെഡ്മാസ്റ്ററുടെ അടുത്ത് ചെന്നു .അമര്‍ത്തിയ ചിരിയോടു കൂടി ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
ക്ലാസ്സ് എങ്ങനെയിരിക്കുന്നു?”

“വിദ്യാര്ത്ഥികളില്ലാത്ത ക്ലാസ്സില്‍ എങ്ങിനെ പഠിപ്പിക്കും?”
വിദ്യാര്ത്ഥികളില്ലെങ്കില്‍ പഠിപ്പിക്കണ്ട.”
പഠിപ്പിക്കാനല്ലേ എന്നെ നിയമിച്ചത്?”
എങ്കില്‍ പഠിപ്പിക്കണം.”
ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികളെല്ലാം ഇറങ്ങിപ്പോകുന്നു.”
“അതിനു ഞാനെന്തു വേണം?”

അവരോട് പറയണം പോകരുതെന്ന്.”
ഉം..” ഹെഡ്മാസ്റ്റര്‍ അശ്രദ്ധമായി മൂളി
അന്ന്‍ അങ്ങിനെ കഴിഞ്ഞു.
അടുത്ത ദിവസവും ദിവാകരന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ വിദ്യാര്ത്ഥികള്‍  എഴുന്നേറ്റില്ല .അഞ്ചു
ഈഴവവിദ്യാര്ത് ഥികള്‍ മാത്രം എഴുന്നേറ്റു .പാഠം തുടങ്ങിയപ്പോള്‍ വിദ്യാര്ത്ഥികള്‍  ഇറങ്ങിപ്പോയി.സഹാദ്ധ്യാപകര്‍ മറഞ്ഞുനിന്നു ചിരിക്കുന്നുണ്ടായിരുന്നു.

ദിവാകരന്‍ അന്ന് ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞില്ല.അയാള്‍ മൌനമായിരുന്നതെയുള്ളൂ.

അടുത്ത ദിവസം അയാള്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു ചേറ്റുക്കത്തിയും തേറും മേശമേല്‍ ഇരിക്കുന്നുണ്ടായിരുന്നു.അയാളുടെ നിയന്ത്രണം വിട്ടു പോയി.

ഏതു വെടലയാടാ ഇതിവിടെ കൊണ്ട് വെച്ചത്?”

 വിദ്യാര്ത്ഥികള്‍  പൊട്ടിച്ചിരിച്ചു.

ദിവാകരന്‍ ചേറ്റുക്കത്തിയും തേറും  എടുത്തുകൊണ്ടു ഹെഡ്മാസ്റ്ററുടെ അടുത്തു ചെന്നു.

ഇത്..ഇത് തനിക്കിരിക്കട്ടെ..” കത്തിയും തേറും ഹെഡ്മാസ്റ്ററുടെ മുമ്പില്‍ എറിഞ്ഞിട്ട്  അയാള്‍ പുറത്തിറങ്ങി നടന്നു.

അതില്‍പ്പിന്നെ അയാള്‍ ഉദ്യോഗത്തിനു പോയിട്ടില്ല.
 ======================================================================