ഒരു പാട് കാലത്തിനു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത്. പി.കേശവദേവിന്റെ “അയല്‍ക്കാര്‍” അത് നല്ലൊരു വായനാനുഭവം തരുന്നു.ഒരു കാലഘട്ടത്തിന്റെ പുനര്യാഖ്യാനം അത് സാദ്ധ്യമാക്കുന്നു എന്നത് തന്നെയാണ് അതിന്റെ വിജയം.തെല്ലോരമ്പരപ്പോടെ ,നെടുവീര്‍പ്പോടെ ആണ് ഇത് വായിച്ചു തീര്‍ക്കാനാകുക.ഒരു കാലഘട്ടത്തിന്റെ എല്ലാ വേദനകളും സമരവീര്യവും സംഘര്‍ഷങ്ങളും ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു.
ചരിത്രമുറങ്ങി കിടക്കുന്നു.ചിലപ്പതികാരം അന്നത്തെ ചരിത്ര പശ്ചാത്തലം കാണിച്ചു തരുന്ന പോലെ തന്നെ ഈ നോവല്‍ അന്നത്തെ നേര്‍ചിത്രം വരച്ചു വെയ്ക്കുന്നു.1964-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി എന്നത് അഭിമാനം പകരുന്നു.ഏവരും വായിച്ചിരിക്കേണ്ട പുസ്തകം
ജാതിയുടെ പേക്കോലങ്ങള്‍ ഇല്ലാതായോ ഇല്ല എന്ന് തന്നെ കാലം തെളിയിക്കുന്നു.ഹിന്ദു ഐക്യം പറയുന്ന ഓരോരുത്തരും ഇത് വായിച്ചു നോക്കണം.ഇതിലെ കഥാപാത്രങ്ങളില്‍ ചിലര്‍ നിശ്ചയമായും ഇന്നും ജീവിച്ചിരിക്കുന്നുണ്ട് ..എന്റെ നാട് ഹിന്ദു ധര്‍മ്മം എന്നെല്ലാം ഘോരഘോരം പ്രസംഗിക്കുന്നവര്‍ക്ക് ഒന്ന് വെറുതെ വായിച്ചു നോക്കാം..ഈ നാടുണ്ടായത് ഒരു പാട് പേരുടെ ത്യാഗത്തില്‍ നിന്നാണ്.ആ ത്യാഗത്തിന്റെ ഫലം അനുഭവിക്കുന്ന നമ്മളില്‍ പലരും അവരെ മറന്നു പോകുന്നു.ഇന്നത്തെ കാലവ്യവസ്ഥ അനുസരിച്ച് നാം നമ്മുടെ പഴയ കാലഘട്ടത്തെ അളക്കുന്നു.മറക്കാതിരിക്കുക..നമ്മുടെ അയല്‍ക്കാര്‍ ഇന്നത്തെപ്പോലെ ആയിരുന്നില്ല..എങ്കിലും അയല്‍ക്കാര്‍ തന്നെ നല്ലത് അല്ലെ?
==================================================================
ഭൂതകാലത്തിന്റെ തുടര്‍ച്ചയാണ്, വര്‍ത്തമാനകാലം. ഭാവി, വര്‍ത്തമാനകാലത്തിന്റെ തുടര്‍ച്ചയും.ഭൂതകാലത്തെ ചുട്ടു ചാമ്പലാക്കുവാനോ , സ്മരണ മണ്ഡലത്തില്‍ നിന്ന് തൂത്തുകളയുവാനോ ആര്‍ക്കും സാദ്ധ്യമല്ല.അതുപോലെ തന്നെ വര്‍ത്തമാനകാലത്തിന്റെ ചാമ്പലില്‍ നിന്ന് ഭാവിയെ പടുതുയര്ത്തുവാനും ആര്‍ക്കും സാദ്ധ്യമല്ല.ആമുഖത്തില്‍ കേശവദേവ് പറയുന്നു .
————————————————————————————————————————————————————————
ചില എടുത്തെഴുത്തുകള്‍ ..വായിക്കുക..
………………………………………………………………………….
അദ്ധ്യായം മൂന്ന് മംഗലശ്ശേരിയിലെ കുഞ്ഞന്‍
പക്ഷെ പടിഞ്ഞാറേ കരയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.ശ്രീനാരായണഗുരു സ്വാമികളുടെ “ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിനു പ്രചാരം സിദ്ധിച്ചു എന്നുള്ളതാണ്, പടിഞ്ഞാറേ കരയിലുണ്ടായ പ്രധാന മാറ്റം .അതോടുകൂടി ഈഴവരുടെയിടയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തൃഷ്ണയും, വിദ്യാഭാസത്തിനുവേണ്ടിയുള്ള ആവേശവും ഉണ്ടായി.ഈഴവക്കുട്ടികള്‍ കിഴക്കേ കരയിലെ മലയാളം പള്ളിക്കൂടത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി.പടിഞ്ഞാറേ കരയില്‍ ഒരു “ശ്രീനാരായണ ഭജന മഠം “ ഉണ്ടാവുകയും , ആ ഭജന മഠത്തില്‍ പതിവായി യോഗങ്ങള്‍ കൂടുകയും ചെയ്തു.മാത്രമല്ല, തമ്പുരാക്കന്മാര്‍ക്കു വഴി മാറിക്കൊടുക്കുകയില്ലെന്നു കുറെ ഈഴവ ചെറുപ്പക്കാര്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
…………………………………………………………………………………….
അദ്ധ്യായം ഏഴ് പൊളിഞ്ഞ സംബന്ധങ്ങള്‍ !
മരുമക്കത്തായത്തിന്റെ ബീഭത്സത മുഴുവനായും ഇവിടെ എടുത്തു കാണിക്കുന്നു.എന്തൊരു വിചിത്രമായ ആചാരമായിരുന്നു അല്ലെ?
കാരണവരുടെ മൃതശരീരം ചിതയില്‍ വെച്ചാലുടന്‍ കാരണവരുടെ ഭാര്യയും മക്കളും പടിക്ക് പുറത്തു കടക്കണം ???
ഹോ ആലോചിക്കാന്‍ വയ്യ!
…………………………………………………………..
അദ്ധ്യായം എട്ട് .ചത്തുപോകുന്ന മനുഷ്യരല്യോ!
എന്ത് നല്ല കാര്യത്തിനും പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ എന്നുമുണ്ടായിരുന്നു. ഇവിടെയും അത് വായിക്കാം..
മിശ്രഭോജനത്തിനു ശേഷം പടിഞ്ഞാറെക്കരയില്‍’പുലയച്ചോവന്മാര്‍’ എന്നൊരു പ്രത്യേക ജാതിയുണ്ടായി.ശുദ്ധ ഈഴവര്‍, പുലയച്ചോവന്മാരെ സാമൂഹികമായി ബഹിഷ്കരിക്കുകയാണുണ്ടായത്.മിശ്രഭോജനം കഴിച്ചവരെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ബഹിഷ്കരിച്ചു .
……………………………………………………………………
അദ്ധ്യായം പന്ത്രണ്ടു നായവരീഴവലഹള
ഈ അദ്ധ്യായം വായിച്ചാല്‍ തന്നെ മനസ്സിലാവും എന്തുകൊണ്ട് വെള്ളാപ്പള്ളിയുടെ നായര്‍ ഈഴവ ഐക്യം നടക്കാതെപോയി എന്ന്..ഇനി എന്നെങ്കിലും നടക്കുമോ?തീവ്ര ഹിന്ദുത്വ വാദികള്‍ കാലഘട്ടങ്ങളെ അറിയുന്നത് വളരെ നല്ലതാണ്!
………………………………………………………………………….
അദ്ധ്യായം ഇരുപത്തിയേഴ് ത്യാഗത്തിന്റെ അവസാനം.
അനന്തമായി പ്രവഹിക്കുന്ന മഹാനദിയാണ് ജീവിതം. ആ ജീവിതപ്രവാഹത്തില്‍ നിന്ന്‍ , മരണത്തിന്റെ നീരാവികള്‍ ഉയര്ന്നുകൊണ്ടിരിക്കും.ആ നീരാവികള്‍ ഘനീഭവിച്ച് മഴയാകും .ആ മഴവെള്ളം ഒലിച്ച് ആ മഹാനദിയില്‍ തന്നെ ലയിക്കും.മരണത്തിന്റെ നീരാവികള്‍ , ജീവിതപ്രവാഹത്തെ ശോഷിപ്പിക്കുന്നില്ല; ഒഴുക്കിന്റെ ശക്തി കുറയ്ക്കുന്നുമില്ല .
………………………………………………………………………………
അദ്ധ്യായം മുപ്പത്തൊന്ന് തേച്ചു മിനുക്കിയ രത്നം.
“ഇല്ലാത്ത അഭിമാനത്തില്‍ കളങ്കം ചേര്‍ക്കുന്നതെങ്ങിനെയാ ചേട്ടാ? ഇല്ലാത്ത കരിമ്പൂച്ചയെ ഇരുളില്‍ തപ്പി നടക്കുന്ന പോലെ!..”
……………………………………………………………………..
അദ്ധ്യായം പതിനൊന്ന് ബന്ധങ്ങള്‍ ഉലയുന്നു.
ഏഴാം ക്ലാസ്സ് പരീക്ഷയില്‍ ജയിച്ച ദിവാകരന്‍ സര്‍ക്കാരുദ്യോഗത്തിനു വേണ്ടി ശ്രമിക്കുകയായിരുന്നു.ഈഴവര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ കേറുവാന്‍ അന്ന്‍ നിയമപരമായി തടസ്ഥമുണ്ടായിരുന്നെങ്കിലും , അവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിപ്പിക്കുക സാധാരണയായിരുന്നില്ല.അതുകൊണ്ട് ദിവാകരന്‍ നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഒരു താത്കാലിക നിയമനമാണ് കിട്ടിയത്.ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ രണ്ടു മാസത്തെ അവധിയെടുത്തതിന് പകരമായി ദിവാകരന്‍ നിയമിക്കപ്പെട്ടു.ആ നാട്ടില്‍ അതൊരു സംഭവമായിരുന്നു...ഒരു ഈഴവനു സര്‍ക്കാരുദ്യോഗം കിട്ടുക എന്നത്.
പടിഞ്ഞാറെക്കരയിലെ ഈഴവയുവാക്കന്മാര്‍ തീരുമാനിച്ചു .ദിവാകരന് ഒരു അനുമോദനം കൊടുക്കണമെന്ന്.അതിനു വേണ്ടി കൂടിയ യോഗത്തില്‍ ഗോവിന്ദന്‍ വൈദ്യര്‍ ആദ്ധ്യക്ഷ്യം വഹിച്ചു.ഉദ്യോഗം കിട്ടിയ ദിവാകരനെയും ഉദ്യോഗം കൊടുത്ത അധികാരികളെയും അനുമോദിച്ചു പ്രമേയം പാസാക്കിയെങ്കിലും, ഈഴവ ഉദ്യോഗസ്ഥന്മാര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെപ്പറ്റിയായിരുന്നു പ്രസംഗങ്ങള്‍.
യോഗം കഴിഞ്ഞു ദിവാകരനും വാസുവും കൂടി തിരിച്ചു വരുമ്പോള്‍ ചന്തയില്‍ കൂടി നിന്നിരുന്ന നായന്മാര്‍ പരിഹാസമായി ചിരിച്ചു.
“കൊട്ടി വാദ്ധ്യാര് , അനുമോദനം കൊണ്ട് വരുന്നെടാ!” ഒരുത്തന്‍ പറഞ്ഞു.
“കത്തീം തേറും എടുതത്തോണ്ട് വാ ,നമുക്കും ഒന്നനുമോദിക്കാം”എല്ലാവരും പൊട്ടിച്ചിരിച്ചു.
ചന്തയുടെ മറ്റൊരു ഭാഗത്ത് നിന്ന്‍ കുട്ടന്‍ ചട്ടമ്പി വിളിച്ചു പറഞ്ഞു.”വെട്ടുകത്തി ഇങ്ങോടു കൊണ്ടുവാടാ!ഈ വെടലകളെയെല്ലാം അരിയട്ടെ.”
ആരും പിന്നെ ഒന്നും പറഞ്ഞില്ല.
………………………………………………………………..
……………………………………………….
അടുത്ത ദിവസം ദിവാകരന്‍ ജോലിയില്‍ പ്രവേശിച്ചു.ക്ലാസ്സില്‍ ചെന്നപ്പോള്‍ അഞ്ചു വിദ്യാര്ത് ഥികള്‍ മാത്രം എഴുന്നേറ്റു.മറ്റുള്ളവരെല്ലാം ഇരുന്നുകൊണ്ട് ബോര്ടിലെക്ക് നോക്കി ചിരിക്കുകയാണ്.ബോര്‍ഡില്‍ ഇങ്ങിനെ എഴുതിയിരുന്നു.
“കൊട്ടിസ്സാര്‍ വരുമ്പോള്‍ ആരും എഴുന്നേല്‍ക്കരുത്.”
ദിവാകരന്‍ ബോര്‍ഡിലേക്കു നോക്കി സ്തബ്ധനായി നിന്നുപോയി. വിദ്യാര്ത്ഥികള്‍ പൊട്ടിച്ചിരിച്ചു.അയാള്‍ക്ക് കരയണമെന്നു തോന്നി.പക്ഷേ , അയാള്‍ കരഞ്ഞില്ല.ബോര്‍ഡില്‍ എഴുതിയിരുന്നതു തൂത്തു കളഞ്ഞിട്ട് അയാള്‍ പഠിപ്പിക്കാന്‍ തുടങ്ങി. വിദ്യാര്ത്ഥികള്‍ ഓരോരുത്തരായി ക്ലാസ്സില്‍ നിന്നിറങ്ങി പോകുവാനും തുടങ്ങി.
ദിവാകരന്‍ ഹെഡ്മാസ്റ്ററുടെ അടുത്ത് ചെന്നു .അമര്‍ത്തിയ ചിരിയോടു കൂടി ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
“ക്ലാസ്സ് എങ്ങനെയിരിക്കുന്നു?”
“വിദ്യാര്ത്ഥികളില്ലാത്ത ക്ലാസ്സില്‍ എങ്ങിനെ പഠിപ്പിക്കും?”
“വിദ്യാര്ത്ഥികളില്ലെങ്കില്‍ പഠിപ്പിക്കണ്ട.”
“പഠിപ്പിക്കാനല്ലേ എന്നെ നിയമിച്ചത്?”
“എങ്കില്‍ പഠിപ്പിക്കണം.”
“ഞാന്‍ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികളെല്ലാം ഇറങ്ങിപ്പോകുന്നു.”
“അതിനു ഞാനെന്തു വേണം?”
“അവരോട് പറയണം പോകരുതെന്ന്.”
“ഉം..” ഹെഡ്മാസ്റ്റര്‍ അശ്രദ്ധമായി മൂളി
അന്ന്‍ അങ്ങിനെ കഴിഞ്ഞു.
അടുത്ത ദിവസവും ദിവാകരന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ വിദ്യാര്ത്ഥികള്‍ എഴുന്നേറ്റില്ല .അഞ്ചു
ഈഴവവിദ്യാര്ത് ഥികള്‍ മാത്രം എഴുന്നേറ്റു .പാഠം തുടങ്ങിയപ്പോള്‍ വിദ്യാര്ത്ഥികള്‍ ഇറങ്ങിപ്പോയി.സഹാദ്ധ്യാപകര്‍ മറഞ്ഞുനിന്നു ചിരിക്കുന്നുണ്ടായിരുന്നു.
ദിവാകരന്‍ അന്ന് ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞില്ല.അയാള്‍ മൌനമായിരുന്നതെയുള്ളൂ.
അടുത്ത ദിവസം അയാള്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഒരു ചേറ്റുക്കത്തിയും തേറും മേശമേല്‍ ഇരിക്കുന്നുണ്ടായിരുന്നു.അയാളുടെ നിയന്ത്രണം വിട്ടു പോയി.
“ഏതു വെടലയാടാ ഇതിവിടെ കൊണ്ട് വെച്ചത്?”
വിദ്യാര്ത്ഥികള്‍ പൊട്ടിച്ചിരിച്ചു.
ദിവാകരന്‍ ചേറ്റുക്കത്തിയും തേറും എടുത്തുകൊണ്ടു ഹെഡ്മാസ്റ്ററുടെ അടുത്തു ചെന്നു.
“ഇത്..ഇത് തനിക്കിരിക്കട്ടെ..” കത്തിയും തേറും ഹെഡ്മാസ്റ്ററുടെ മുമ്പില്‍ എറിഞ്ഞിട്ട് അയാള്‍ പുറത്തിറങ്ങി നടന്നു.
അതില്‍പ്പിന്നെ അയാള്‍ ഉദ്യോഗത്തിനു പോയിട്ടില്ല.
======================================================================