Sunday 8 February 2015

അവസാന നേദ്യം !

എത്ര  നീലിച്ചെഴുതിയ വാക്കുകള്‍
എത്ര ദൂരം നമുക്കിടയിലെന്നാലും
എത്രയോളം നമ്മുടെ മിടിപ്പുകള്‍
എത്ര ക്ഷണമാത്രവേഗം  കൂടീല!?

ചിലപ്പോളൊക്കെ ചോര പുരണ്ടു
ചിലപ്പോളൊക്കെ വര്‍ണ്ണം വിതറി
ചില നേരങ്ങളില്‍ ശോകം പുരണ്ടു
ചില നേരങ്ങളിലാഘോഷഹര്‍ഷം നിറച്ചു 

എഴുത്തുപുറങ്ങളിലെത്ര
വര്‍ണ്ണവിസ്ഫോടനം  നാം തീര്‍ത്തു
ഇനിപ്പെഴും  വാഗ്ദാനങ്ങള്‍ നിരത്തി
നാം  കുളിര്‍ കോരി നിന്ന വിപിനങ്ങള്‍ തീര്‍ത്തു ..

ഓരോ രാത്രികളില്‍  നിശ്വാസങ്ങള്‍ നിറച്ചു
ചുംബനങ്ങളാല്‍  ചുണ്ടില്‍ മഷി പുരണ്ടു
നാം  കണ്ടയാദ്യവസന്തത്തിന്‍ നറുമലരിതള്‍
പതിച്ചു വെച്ചുയതിന്‍ മണം പുരട്ടി

നാം കണ്ട കാഴ്ച്ചകളുടെ ഭംഗി കൊണ്ടു ,
നാം കൊണ്ട മഴയുടെ നനവു കൊണ്ടു
നാം  വേണ്ടത്ര കരുതലുകള്‍ കൊണ്ടു
നാം പിന്നെത്രയതിന്റെ മറുതലകള്‍ കണ്ടു

ഓര്‍ത്തിരിക്കാന്‍  ഒന്നുമിനി  ബാക്കിയില്ല
കീറിക്കളഞ്ഞ കടലാസു തുണ്ടുകളില്‍
പ്രണയത്തിന്റെ കൂട്ടക്ഷരങ്ങള്‍
അഗ്നിയില്‍ കത്തിതീര്‍ന്നു പോയിരിയ്ക്കുന്നു

നമ്മിലിനി കണ്ണീരിന്റെ പെയ്ത്തുകാലം
വിജനമാമീ യുദ്ധഭൂമിയില്‍ നാം മാത്രം
ബാക്കിയായതറിഞ്ഞില്ലയോ നീ ..
ബലിക്കല്ലിലെയവസാനനേദ്യം  നാം!