Thursday 6 January 2011

തൊഴിലാളിസത്തിലെ അസാധാരണിസങ്ങള്‍!

തൊഴിലാളിസത്തിലെ അസാധാരണിസങ്ങള്‍!

മാതൃഭൂമി ദിനപത്രത്തില്‍ കുറച്ചുദിവസങ്ങളായി നോക്കുകൂലിയെ കുറിച്ചുള്ള ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.അതു വായിച്ചപ്പോള്‍ എന്റെ അനുഭവങ്ങളും മറ്റുള്ളവര്‍ വളരെ വേദനയോടെ പറഞ്ഞ അനുഭവങ്ങളും പങ്കു വെയ്ക്കണമെന്ന്‍ തോന്നിയത്.ഇന്നലെയാരോ ചെയ്തൊരാനാചാരം ഇന്നത്തെ ആചാരമാകുക എന്ന രീതിയില്‍ പടര്‍ന്നു പിടിച്ച ഒരു കാന്‍സര്‍ ആയി ഈ തൊഴിലാളിസത്തിന്റെ
 ആധിക്യം അനുഭവപ്പെടുന്നു.അധികാരങ്ങളെ കുറിച്ച് വളരെ വാചാലമായി സംസാരിക്കുകയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന ഒരു തൊഴില്‍ സമൂഹം നിലനില്‍ക്കുന്നു എന്നത് തന്നെയാണ് കേരളത്തിന്റെ ശാപം എന്നേ ഏത് നിഷ്പക്ഷമതിയ്ക്കും പറയാനാകൂ.അടിമയെ പോലെ പണിയെടുക്കുന്ന ഗള്‍ഫ് പ്രവാസികളെ ബൂര്‍ഷ്വകള്‍ എന്ന പേര്‍ വിളിച്ച് ആക്ഷേപിക്കാനും അവരെ പരമാവധി ചൂഷണം ചെയ്യാനും ഇക്കൂട്ടര്‍ മടി കാണിച്ചിട്ടില്ല.

ഇനി അനുഭവങ്ങളിലേക്ക്


ആറാംക്ലാസുകാരന്റെ ഓര്‍മ്മയില്‍ നിന്ന്‍-

എന്റെ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് മേലെ ആയിട്ടുണ്ട്.അവരുടെ വീട്ടിലേക്ക് വിറക് കൊണ്ടു പോകാനായി കര്‍ഷകതൊഴിലാളികളായ അച്ഛനമ്മമാരും വലിയച്ഛനും വലിയമ്മയും കുട്ടികളായ ഞങ്ങളും ചേര്‍ന്ന്‍ അണ്ണാച്ചികളെകൊണ്ട് കീറിയിട്ട കശുമാവിന്‍ വിറക് കുറച്ചുള്‍വശത്തുള്ള സ്ഥലത്തുനിന്നുംചുമന്നും തള്ളുവണ്ടിയിലുമായി റോഡരികില്‍ കൊണ്ടുവന്നിട്ടു.‍അവിടെ അച്ഛന്റെ പരിചയക്കാരനായ ടെമ്പോഡ്രൈവറുടെ ടെമ്പോയില്‍ വിറകടുക്കിവെച്ചതും ഞങ്ങള്‍ തന്നെ!..അതടുക്കികെട്ടിത്തീരുന്നതുവരെ പ്രശ്നമൊന്നുമുണ്ടായില്ല.അടുക്കിതീര്‍ന്നതും അതാ വരുന്നു.അട്ടിമറിക്കാരന്‍!..ചുമട്ട്തൊഴിലാളി..യൂണിയന്‍‌കാരന്‍ എന്നെല്ലാം നമ്മള്‍ സ്നേഹപൂര്‍വ്വവും തെല്ലു ഭയത്തോടും കൂടി വിളിക്കുന്ന കൂട്ടത്തിലെ ഒരു തടിമാടന്‍ ചേട്ടായി..

"ആരു പറഞ്ഞു ഇത് ലോഡ് ചെയ്യാന്‍?"

"ഞങ്ങളുടെ മുതല്‍ അടുക്കാന്‍ തന്നോട് ചോദിക്കണോ?" അച്ഛന്‍!

"ഇതിവിടുന്ന്‍ നീങ്ങില്ല..ഞങ്ങള്‍ക്കുള്ള പൈസ തരണം.ഇത് ഞങ്ങളുടെ ജോലി ആണ്.."

"നിങ്ങള്‍ക്കുള്ള ജോലിയോ?ഇതു ഞങ്ങളുടെ മുതല്‍ ഞങ്ങള്‍ കയറ്റുന്നു..അതിന് എവിടേയും ഒരു നിയമതടസ്സവുമില്ല.നിനക്കിതിന് പൈസ തരുന്ന പ്രശ്നവുമില്ല."

"എന്നാല്‍ താനിത് കൊണ്ടുപോകുന്നതൊന്നു കാണണമല്ലോ?!"ഭീഷണി വണ്ടിക്കാരനോടും നടത്തി

"നിനക്ക് ഞങ്ങള്‍ വെച്ചിട്ടുണ്ട്.ഞങ്ങളെ വിളിക്കാതെ ഇതു ലോഡ് ചെയ്യിക്കാന്‍ നിന്നോടാരു പറഞ്ഞു?"

"ഇവര്‍ പാവങ്ങളാണ് ചേട്ടാ..കൂലിപ്പണിക്കാര്‍..അവരോടും വാങ്ങണോ ചേട്ടാ കൂലി? അതും പണി എടുക്കാതെ?"

വണ്ടിക്കാരന്‍ ഞങ്ങള്‍ക്ക് വേണ്ടി വക്കാലത്തു നടത്തിനോക്കി.
"നീ അധികം വര്‍ത്തമാനമൊന്നും പറയേണ്ട..ഞങ്ങളുടെ കൂലി വാങ്ങിച്ചുതരാന്‍ നോക്ക്..നിനക്കിനിയുമിവിടെ വണ്ടി കൊണ്ടുവരണം.അതു മറക്കേണ്ട.."ഭീഷണി കനത്തു.

ഗതി കെട്ട വണ്ടിക്കാരന്‍ അച്ഛനോട് പറഞ്ഞു."കൊടുക്കാനുള്ളത് കൊടുത്തവസാനിപ്പിക്ക് ചേട്ടാ..അവര്‍ പറയുന്നതേ ഈ നാട്ടില്‍ നടക്കൂ.."

"അതിന് ഞാന്‍ രണ്ടാമത് ജനിക്കണം.ഇത് കൊണ്ടുപോകാന്‍ തടസ്സം നിന്നാല്‍ ഒന്നുകില്‍ ഇവന്‍ ചാകും അല്ലെങ്കില്‍ ഞാന്‍ ചാകും..ഏതെങ്കിലും ഒന്ന്‍ നടക്കും."
ഞങ്ങള്‍ കുട്ടികള്‍ പകച്ചു നില്‍ക്കുകയാണ്.വലിയച്ഛനും മറ്റുള്ളവര്‍ക്കും പ്രശ്നം പണം കൊടുത്തൊതുക്കാം എന്ന നിലപാടായിരുന്നു.പക്ഷേ അച്ഛന്‍ ഉറച്ച നിലപാടില്‍ തന്നെ നിന്നു.ഒടുക്കം നേതാക്കളെത്തി.അച്ഛന്റെ നിലപാടില്‍ ഒരു മാറ്റവും വന്നില്ല.നേതാക്കള്‍ക്ക് യൂണിയന്‍‌കാരുടെ നിലപാടില്‍ ന്യായമൊന്നും കണ്ടെത്താനായില്ല.
ഒരു മണിക്കൂര്‍ വൈകി വണ്ടി എടുത്തുകൊണ്ടുപോകാന്‍ സമ്മതിച്ചു,അപ്പോളാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് ശ്വാസം നേരെ വീണത്.അത്രയ്ക്കധികം വാഗ്വാദവും സംഘര്‍ഷവും അവിടെ ഉണ്ടായി..


സഹോദരിയുടെ വിവാഹാവശ്യത്തിന് പച്ചക്കറി വാങ്ങാന്‍ തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ പോയതാണ് കാരണവന്മാര്‍.ബസ് കയറാന്‍ സാധങ്ങളും ചുമന്ന്‍ പോകുമ്പോള്‍ ഒരാള്‍ കൂടെ സഹായത്തിനുവന്നു.ഏറ്റവും ചെറിയൊരു പഴക്കുലയാണ് ആ മാന്യദേഹം ചുമന്നത്!ചാക്കൊന്നിനു കണക്കാക്കി മറ്റുള്ളവര്‍ ചുമന്നതിനും കൂടിയുള്ള കൂലി വാങ്ങിച്ചു..ആ മാന്യതൊഴിലാളി!

ഞങ്ങള്‍ പണക്കാരൊന്നുമല്ലായിരുന്നു ഇന്നുമല്ല.അന്നന്ന്‍ ജീവിച്ചുപോകാനുള്ള വകയുണ്ടാക്കുന്നുവെന്നേയുള്ളൂ..പ്രവാസം തരുന്ന നേരിയ സുഭിക്ഷത ഇന്നുണ്ടെന്ന വ്യത്യാസമേ ഉള്ളൂ.പശുവളര്‍ത്തല്‍ അന്ന്‍ വരുമാനമായിരുന്നു.പശുവിനുള്ള വൈക്കോല്‍ കൊയ്തു കഴിഞ്ഞ കോള്‍പ്പടവുകളില്‍ നിന്ന്‍ കൊണ്ടുവരും.അത് ടെമ്പോയില്‍ നിന്ന്‍ ഇറക്കികഴിയുന്നതുവരെ നോക്കിനിന്ന്‍ പണത്തിനായി വരിക എന്നതാണവരുടെ രീതി.പലവട്ടം കശപിശകള്‍ നടന്നിട്ടുണ്ട്.
ഒരിക്കലും അവര്‍ക്ക് വിട്ടുവീഴ്ച ചെയ്തിട്ടില്ല.ട്രാക്റ്ററില്‍ കൊണ്ടുവന്നു തനിയെ തട്ടി ഇട്ടാലും കൊടുക്കണം അവര്‍ക്ക് നോക്കുകൂലി.എങ്കിലും പലപ്പോളും അച്ഛന്റെ പിടിവാശികള്‍ ജയിച്ചിരുന്നു.

ഒരിക്കല്‍ റോഡ് ടാറിംഗ് പണിക്കായി കോണ്ട്രാക്റ്റര്‍ ഒരു ടീം ആളുകളെ കൊണ്ടു വന്നു.അതില്‍ തദ്ദേശീയര്‍ കുറച്ചു പേരേ ഉള്ളൂ! സ്വല്‍പം വൈദഗ്ദ്ധ്യം ഇത്തൊഴിലിലും ആവശ്യമാണ്.കാലത്തേ പണി തുടങ്ങി.വലിയൊരു കൂട്ടം ആളുകളവിടേക്ക് വന്നു.ഞങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണ് ഇന്നാട്ടുകാരല്ലാത്ത ആരും ഇവിടെ പണിയേണ്ട! എന്ന ഒച്ചപ്പാടുമായിട്ടാണ് വരവ്!
അത് തൊഴില്‍ ചെയ്യാനുള്ള ആവേശമായിരുന്നില്ലെന്ന്‍ വ്യക്തം!കോണ്‍‌ട്രാക്റ്ററെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം.ഒരു മെയ്യനങ്ങാതെ ഒരു തുക വാങ്ങി അവര്‍ പോയി.അറിയുക ഇത്തരത്തില്‍ ശല്യം ചെയ്യാതിരിക്കല്‍ കൂലിയും നമ്മുടെ നാട്ടിലുണ്ട്!നാട്ടിലെ റോഡുകള്‍ പൊട്ടിതകര്‍ന്നുപോകുന്നതില്‍ ഗുണമേന്മയില്ലായ്മയ്ക്ക് മുഖ്യപങ്കുണ്ട്.അതിന് എഞ്ചിനീയര്‍മാര്‍ക്ക് മുതല്‍ തൊഴിലാളിക്കും തൊഴിലാളിനേതാവിനും കൊടുക്കേണ്ടി വരുന്ന കിമ്പളം പോലുള്ള ഇത്തരം തുകകളും കാരണമാകുന്നുണ്ട്!ഗുണമേന്മ ഉറപ്പുവരുത്താന്‍ ഒരു ഗവണ്മെന്റും തയ്യാറാകില്ല.കാരണം പല രാഷ്ട്രീയനേതാക്കളും കോണ്‍ട്രാക്റ്റ് പണി ചെയ്യുന്നവരാണ് എന്നതു തന്നെ.അല്ലെങ്കില്‍ അത്തരക്കാരുടെ രാഷ്ട്രീയബന്ധങ്ങള്‍!

കറ്റ കയറ്റുന്നതില്‍ തര്‍ക്കം പിടിച്ച് അതില്‍ മനം നൊന്ത് കര്‍ഷകര്‍ കൃഷി തന്നെ കുട്ടനാട്ടില്‍ നിര്‍ത്തിയ കഥ പറഞ്ഞുകേട്ടപ്പോള്‍ അത് വാസ്തവമെന്ന്‍ കരുതാനേ ന്യായമുള്ളു.പല കോണ്‍‌ട്രാക്റ്റര്‍മാരും ആലപ്പുഴ എന്ന്‍ കേള്‍ക്കുമ്പോള്‍ ഞെട്ടിവിറക്കുന്നത് 90-കളില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു അതെന്തുകൊണ്ടാണെന്ന്‍ നേരിട്ട് മനസ്സിലാക്കിയത് 1999-ല്‍ ആണ്.അത് ജില്ലാപഞ്ചായത്ത് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോസ്റ്റ്ഫോര്‍ഡിന്റെ കീഴില്‍ ആലപ്പുഴയില്‍ വന്നപ്പോളായിരുന്നു.

അക്കഥ ഇങ്ങിനെ..

കാലത്തെതന്നെ യൂണിയന്റെ ആളുകള്‍ വന്നു തിരക്കി."ഇന്നു സിമന്റ് വരുമോ?"
"വരും.200 ബാഗ് വരുമെന്നാണ് പറഞ്ഞത്."

കഷ്ടകാലം അന്ന്‍ സപ്ലയര്‍ വിളിച്ചുപറഞ്ഞു 200 ബാഗ്  ഇന്ന്‍ തരാന്‍ നിര്‍വ്വാഹമില്ല.തല്‍ക്കാലം 50 ബാഗ് അയയ്ക്കാം പണി മുടങ്ങാതിരിക്കുമല്ലോ?

വന്നത് ഉച്ചതിരിഞ്ഞ് നാലുമണിയോടടുത്ത്.ഇനിയാണ് വിചിത്രമായ സംഗതി നടന്നത്.യൂണിയന്‍ തൊഴിലാളികള്‍ 50 ബാഗ് മാത്രമായി ഇറക്കില്ലത്രേ!
കാരണം വിചിത്രം!"ഞങ്ങള്‍ 200 ബാഗ് വരുമെന്ന്‍ കരുതി കാലത്ത് തൊട്ട് കാത്തിരിക്കയായിരുന്നു.നിങ്ങള്‍ വേറെ ആരെക്കൊണ്ടെങ്കിലും ഇറക്കിച്ചോളു."
ഭാഗ്യം ആന്ധ്രക്കാരായ തൊഴിലാളികളെകൊണ്ട് ഇറക്കിച്ചു.(എങ്കിലും ഒരു സുപ്രഭാതത്തില്‍ ഇവരെ ദുരൂഹമായി കാണാതായി.അതിന്റെ കാരണങ്ങള്‍ അജ്ഞാതം.കൂടെ അവിടെ ഉണ്ടായിരുന്ന ഇല‍ക്ട്രിക്ക് മോട്ടോറും കാണാതായി)

പിറ്റേ ദിവസം തൊഴിലാളി നേതാക്കളുടെ അഹങ്കാരത്തിന്റെ സ്വരം!ശ്രീ അച്യുതമേനോന്റെ സുമനസ്സും പ്രയത്നത്താലും ഉരുവാക്കപ്പെട്ട,കേരളത്തിലെ അനേകരുടെ ഭവനസ്വപ്നങ്ങള്‍ പൂവണിയിച്ച,മഹാനായ ലാറി ബെക്കറിന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ, ശ്രീമാന്‍ ചന്ദ്രദത്തിനെ പോലുള്ളവര്‍ നെഞ്ചേറ്റി വളര്‍ത്തി കൊണ്ടുനടക്കുന്ന സ്ഥാപനമാണ് കോസ്റ്റ് ഫോര്‍ഡ്!
അതിനെ പറ്റി തൊഴിലാളി നേതാവിന്റെ കമന്റ് ഇങ്ങിനെ"ഈ കോസ്റ്റ് ഫോര്‍ഡ് എന്ന പേരുണ്ടല്ലോ..അതു തന്നെ ഞങ്ങള്‍ ഇല്ലാതാക്കും"
എന്താണ് ഈ സുഹൃത്തിന്റെ സാമൂഹ്യബോധം?

അവിടെ നിര്‍മ്മാണത്തിനും യൂണിയനാണ്.കരാര്‍ പണിക്കേ താല്‍പര്യമുള്ളൂ എന്നു മാത്രം.കോണ്‍ക്രീറ്റിടാന്‍ ചാക്കൊന്നിന് എന്ന നിലയില്‍ കരാറെടുക്കും.മെറ്റല്‍ കുറവ്..മണല്‍ കൂടുതല്‍..സിമന്റ് കൂടുതല്‍..വെള്ളം കൂടുതല്‍!കൂട്ട് അവര്‍ നിശ്ചയിക്കും.ബാഗിന്റെ എണ്ണം കൂട്ടണമല്ലോ?!ഇതെന്റെ അനുഭവം.
വീടു പണിയുന്ന ഓരോ സാധാരണക്കാരനും ഇതിന്റെ ഇരകളാണെന്നാണ് ഞാന്‍ പറഞ്ഞുകേട്ടത്!

തിരുവനന്തപുരത്തുള്ള ഒരു സുഹൃത്ത് പറഞ്ഞത് അവരുടെ വീട് പണി ഏറ്റെടുത്ത കോണ്‍‌‌ട്രാക്റ്റര്‍ അയാളുടെ സാധനങ്ങള്‍ ചുമട്ടുതൊഴിലാളികളിറക്കാതിരിക്കാന്‍(ഇറക്കിയാല്‍ അത് അവര്‍ നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം) നല്ലൊരു തുക അവര്‍ക്ക് കൊടുത്തത്രേ!

ഇനി നമ്മുടെ നാട്ടില്‍ വരേണ്ടി വന്ന ചില അണ്ണാച്ചിമാര്‍ പറഞ്ഞ കഥകളാവട്ടെ.

ആട്ടിന്‍‌കാഷ്ഠം വളമായി ചാക്കുകളില്‍ വിതരണം ചെയ്യാനെത്തിയതാണ് അണ്ണന്‍.കൃത്യമായ ഇടമെന്നില്ല.ചില കേന്ദ്രങ്ങളുണ്ട്.അവിടെ ചെന്നാല്‍ കാര്യം സാധിക്കാം.പക്ഷേ അട്ടിമറിക്കാര്‍ പറഞ്ഞ കൂലി ആട്ടിന്‍‌കാഷ്ഠം ഒരു ചാക്കിന്റെ വിലയേക്കാള്‍ കൂടുതലായിരുന്നത്രെ!ഒടുക്കം കശപിശക്കൊടുവില്‍ ഒരിടത്ത് തന്നെ ഇറക്കിവെച്ച് കിട്ടിയ വിലയ്ക്ക് വിറ്റു തുലച്ച് ഇനി കേരളത്തിലേക്ക് ലോഡ് കൊണ്ടു പോകില്ലെന്ന്‍ അണ്ണാച്ചി ശപഥമെടുത്തത്രേ!

ഇതൊരുപാട് പഴയ കഥയാണ്.അണ്ണന്‍ കോയമ്പത്തൂരില്‍ നിന്ന്‍ പാലക്കാടേക്ക് ഫിലിം പെട്ടി കൊണ്ടുകൊടുക്കലാണ് തൊഴില്‍.ഒരു പെട്ടിക്ക് 25 രൂപ കൂലി.അങ്ങിനെ പാലക്കാട് ബസ് സ്റ്റാന്റില്‍ വണ്ടിയിറങ്ങിയ അണ്ണനെ യൂണിയന്‍‌കാര്‍ വളഞ്ഞു.പെട്ടി തങ്ങളെടുക്കുമെന്ന്‍ യൂണിയന്‍‌കാര്‍!പറ്റില്ലെന്ന്‍ അണ്ണനും.കാരണം അണ്ണന് ആകെ അതില്‍ കിട്ടുന്ന തുകയാണത്രേ മാന്യന്മാര്‍ കൂലിയായി ചോദിച്ചത്!ഒടുക്കം പോലീസ് സ്റ്റേഷനിലെത്തി..പോലീസുകാര്‍ പണം കൊടുത്ത് ഒഴിവാക്കാന്‍ അണ്ണനെ നിര്‍ബന്ധിച്ചത്രേ!അണ്ണന്‍ ഒരു പൊടിക്ക് സമ്മതിച്ചുകൊടുത്തില്ല..കാരണം തനിക്ക് ആകെകിട്ടുന്നത് അവര്‍ക്ക് കൊടുക്കാനാകില്ല എന്ന കാഴ്ച്ചപ്പാട് തന്നെ.ഒടുക്കം അണ്ണനെ പോലീസ് കാവലില്‍ തിയറ്ററില്‍ കൊണ്ടുവിട്ടു പ്രശ്നം അവസാനിപ്പിച്ചുപോലും!

സാധാരണക്കാരായ ആളുകള്‍ എങ്ങിനെ ഒരു ചുമട്ട്തൊഴിലാളിക്ക് തൊഴിലുടമയാകും?അതിലെ യുക്തി എനിക്കിതുവരെ മനസ്സിലായിട്ടില്ല.ഒരു വന്‍‌കിടമുതലാളിയോടെന്ന പോലെ ഒരു സാധാരണക്കാരനെ ചൂഷണം ചെയ്യാന്‍ എങ്ങിനെ ഇവര്‍ക്ക് സാധിക്കുന്നു?അതിനുള്ള അധികാരം കൊടുക്കുന്നതാണോ തൊഴിലാളിസ്നേഹം?അപ്പോള്‍ ഇവരെയിങ്ങനെ കയറൂരിവിടുന്ന ഭരണാധിപന്മാര്‍ക്ക് സാധാരണക്കാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചൊന്നും പറയാനില്ലേ?
നമ്മുടെ മുതല്‍ നമുക്ക് തന്നെ കൊണ്ടുപോകാവുന്ന അവസ്ഥ സംജാതമായേ പറ്റൂ.അതിനുവേണ്ടി ആന്റണിസര്‍ക്കാര്‍ ഒരു നിയമം പാസാക്കി.അതിനെതിരെ ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം നിരത്തിലിറങ്ങിയ പലര്‍ക്കും അവരുടെ ചെയ്തികളോട് ഒരു താല്‍പര്യവുമില്ലായിരുന്നു എന്നതാണ് വാസ്തവം.പാര്‍ട്ടി പറയുന്നു ഞങ്ങള്‍ ചെയ്യുന്നു എന്ന മറുമൊഴിയാണ് പലരില്‍ നിന്നുമുണ്ടായത്.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് നിസ്സാരവരുമാനക്കാരായ പലരുടേയും വീടുനിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ പോകണമായിരുന്നു.അപ്പോള്‍ അവര്‍ക്കും പറയാനുണ്ട് കഥകള്‍.സിമന്റ്കട്ടകള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതിന്റേയും തങ്ങളില്‍ നിന്ന്‍ അമിതകൂലി ഈടാക്കിയതിനേയും പറ്റി.സമൂഹത്തിലെ ചൂഷിതവിഭാഗമെന്ന്‍ വിളിക്കപ്പെടുന്ന ഒരു വിഭാഗം തന്നെ മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന നിരാശാജനകമായ കാഴ്ചയാണ് ഇന്ന്‍ നിലവിലുള്ളത്.ഇതിനൊരറുതി
 വരുത്തുക തന്നെ വേണം.

ഇന്ന്‍ ചുമട്ടുതൊഴിലാളികളില്‍ പലരും പണം പലിശയ്ക്ക് കൊടുക്കുന്നവര്‍ കൂടെയാണ്.ഒരു കാലത്ത് ആരെയെങ്കിലും തല്ലാനും കൊല്ലാനും തങ്ങളുടെ ഗുണ്ടാപടയായി ഈ വിഭാഗത്തെ നിലനിര്‍ത്തിയത് നമ്മുടെ രാഷ്ട്രീയവരേണ്യവര്‍ഗ്ഗം തന്നെയാണ്.ഈയിടെ അതിനൊരു മാറ്റമുണ്ട്.അനേകായിരം ക്വട്ടേഷന്‍ സംഘങ്ങളെ തന്നെ അവര്‍ വളര്‍ത്തിയെടുത്തിരിയ്ക്കുന്നു!അപ്പോള്‍ ഈ സംഘത്തിനോട്
താല്‍പര്യം കുറഞ്ഞതാണ്.വട്ടിപലിശക്കാര്‍ക്കെതിരേയും ചൂഷകര്‍ക്കെതിരേയും സമരം ചെയ്തവരുടെ പിന്മുറക്കാര്‍ പലിശക്കാരും പലരുടെ ആത്മഹത്യകള്‍ക്ക് കാരണക്കാരാകുന്നതും കേരളത്തിലിന്ന്‍ പുതുമയല്ല.അത് തന്നെയാണ് മിക്കവാറും വിപ്ലവപാര്‍ട്ടികളുടേയും അപചയത്തിനും കാരണം.

കൊച്ചി തുറമുഖത്തെ തൊഴിലാളികളുടെ അവകാശബോധം അധികരിച്ച് ഏതാണ്ടെല്ലാവരും തൂത്തുക്കുടി തേടിപോകുന്നത് ആരും അറിയാതെയല്ല.താനിരിക്കുന്ന കൊമ്പ് താന്‍ തന്നെ വെട്ടുകയാണെന്ന ബോധം പലര്‍ക്കുമില്ല.താല്‍ക്കാലികലാഭങ്ങള്‍ ചിലപ്പോള്‍ കണ്ടേക്കാം.പക്ഷേ നഷ്ടങ്ങള്‍ സംഭവിക്കുന്നത് നമുക്ക് തന്നെയാണ്.

മിക്കവാറും തൊഴിലുകള്‍ ലക്ഷങ്ങളുടെ വിലയ്ക്കാണ് കൊടുക്കപ്പെടുന്നത്!വലിയ മാര്‍ക്കറ്റുകളിലെ തൊഴിലിന് കൂടുതല്‍ കൊടുക്കണം.ഇതെല്ലാം മുതലാക്കാനായിരിയ്ക്കണം ഇത്തരം പിടിച്ചുപറികള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നത്!ഇത്തരം ദുഷ്പ്രവണതകളെ നിര്‍ത്തലാക്കേണ്ടത് അവശ്യം തന്നെയാണ്.പക്ഷേ പൂച്ചയ്ക്കാര് മണി കെട്ടും?!

തൊഴിലാളികളുടെ അമിതാവകാശബോധങ്ങള്‍ കൊണ്ട് നശിച്ചുപോയ പല സ്ഥാപങ്ങളുമുണ്ട്.പല പ്രതികൂലസാഹചര്യങ്ങളേയും നേരിട്ടുകൊണ്ട് മുന്നോട്ട്പോകുന്ന തൊഴിലുടമകള്‍ക്ക് ഇരുട്ടടി ആയികൊണ്ടായിരിയ്ക്കും തൊഴില്‍ സമരം.അത് വേണ്ടെന്ന്‍ ഞാന്‍ പറയുന്നില്ല.എന്റൊരു സുഹൃത്ത് പറഞ്ഞ കഥയിങ്ങനെ..

ഒരു വിധം കുഴപ്പമില്ലാത്ത ശമ്പളം കിട്ടുന്ന ഒരു കോട്സ് മില്ലില്‍ തൊഴിലാളികള്‍ സമരം ചെയ്തു.സമരം ആവേശം മൂത്ത് മെഷീനറിക്കുള്ളില്‍ ഉപ്പ്..തവിട് തുടങ്ങിയവ നിറച്ചത്രേ!..കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കമ്പനി തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.പക്ഷേ മെഷീനറികള്‍ പലതും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചില്ല.അതങ്ങിനെ അടച്ചുപൂട്ടുകയും ചെയ്തു.

തൊഴില്‍ നഷടപ്പെട്ടവരില്‍ ചിലരൊക്കെ ആത്മഹത്യ ചെയ്തു.അല്ലെങ്കിലും ആത്മഹത്യാപരമായ നിലപാടുകളെടുക്കാനും ആത്മഹത്യ ചെയ്യാനുമാണല്ലോ നമ്മള്‍ മലയാളികള്‍ക്ക് താല്‍പര്യം കൂടുതല്‍!നാട്ടില്‍ തൊഴിലിടങ്ങളില്ലാതാകും. കൃഷിയിടങ്ങളില്ലാതാകും കൃഷിതൊഴിലുകളില്ലാതാകും.എല്ലാം നശിച്ചുതീരുന്നതുവരെ ആരുമൊന്നുമറിയാതെ പോയതാണോ?

ഗള്‍ഫെന്ന പണം കായ്ക്കുന്നിടമില്ലാതായാല്‍ നമ്മള്‍ കേരളീയര്‍ എങ്ങിനെ ജീവിക്കും?എല്ലാം പണം കൊടുത്തുവാങ്ങുന്ന വെറും ഉപഭോക്താക്കളായി മാറിയ നമ്മള്‍ക്ക് എന്ത് തൊഴിലാണ് കേരളത്തില്‍ ബാക്കിയുള്ളത്?

നാടേ ഉണരുക എന്നാഹ്വാനം ചെയ്തിട്ടും കാര്യമൊന്നുമില്ല.നമ്മള്‍ ഉറങ്ങിയപ്പോള്‍ അല്ലെങ്കില്‍ ഉറക്കം നടിച്ചപ്പോള്‍ കിട്ടാനുള്ളതില്‍ ഏതാണ്ട് മുഴുവന്‍ പങ്കും മറ്റുള്ളോര്‍ കൊണ്ടുപോയി!നാടേ ലജ്ജിക്കുക!

സുമേഷ്(SRK)






.






0 comments:

Post a Comment